ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ റാസ് തന്നൂറയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് വാക്സിനേഷൻ സെൻറർ ഉടൻ പ്രവർത്തനമാരംഭിക്കും. സെൻററിെൻറ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു.
ഏതാനും ദിവസങ്ങൾക്കകം ഉദ്ഘാടനം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. റാസ് തന്നൂറ ജനറൽ ആശുപത്രിയിലാണ് കോവിഡ് സെൻറർ സംവിധാനിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ആശുപത്രിയോട് ചേർന്ന് സെൻറർ സംവിധാനിച്ചിരിക്കുന്നത്.
ഇവിടെ മതിയായ വാഹന പാർക്കിങ് സൗകര്യങ്ങളും മറ്റു ഭൗതിക സംവിധാനങ്ങളും എളുപ്പത്തിൽ സജ്ജീകരിക്കാനാവും. പ്രവിശ്യയിലെ വ്യാവസായിക നഗരങ്ങളിലൊന്നായ റാസ് തന്നൂറയിൽ കേന്ദ്രം വരുന്നതോടെ ഈ പ്രദേശത്തോട് ചേർന്നുള്ള നൂറുകണക്കിന് സ്വദേശികൾക്കും താമസക്കാർക്കും കുത്തിവെപ്പ് എടുക്കൽ താരതമ്യേനെ സുഗമമാവും. നേരേത്ത പ്രവർത്തനമാരംഭിച്ച ദഹ്റാൻ, ഹഫറുൽ ബാത്വിൻ, അൽഅഹ്സ എന്നീ കേന്ദ്രങ്ങൾക്ക് ശേഷമാണ് റാസ് തന്നൂറയിലെ കേന്ദ്രം തുടങ്ങുന്നത്. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലായി നാല് കേന്ദ്രങ്ങളാണ് അധികൃതർ ദ്രുതഗതിയിൽ സജ്ജമാക്കിയത്.
ജനുവരി രണ്ടാം വാരം സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് റബീഅ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും കൂടുതൽ വാക്സിനേഷൻ സെൻററുകൾ യുദ്ധകാലാടിസ്ഥാനത്തിൽ സംവിധാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പ്രഖ്യാപനത്തിനുശേഷം, ഒരു മാസത്തിനിടെയാണ് പ്രവിശ്യയിലെ നാലു കേന്ദ്രങ്ങളും യാഥാർഥ്യമായത്. ആഴ്ചകൾക്കു മുമ്പാണ് അൽഅഹ്സയിൽ കോവിഡ് സെൻറർ പ്രവർത്തനമാരംഭിച്ചത്. എയർപോർട്ട് ഹൈവേയിലുള്ള നാഷനൽ ഇൻഡസ്ട്രിയൽ െട്രയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിനോട് ചേർന്നാണ് സെൻറർ സംവിധാനിച്ചത്.
ദേശീയ വാക്സിനേഷൻ പ്രചാരണ കാമ്പയിന് ഡിസംബർ 17ന് തുടക്കമായെങ്കിലും, മതിയായ അളവിൽ വാക്സിനേഷൻ ആഗോള വിപണിയിൽ ലഭ്യമാവാതിരുന്നതിനാൽ കാലതാമസം നേരിട്ടിരുന്നു.
നേരേത്ത ഉണ്ടായിരുന്ന ഫൈസറിന് പുറമെ അസ്ട്രാസെനിക (AstraZeneca), മോഡർന (Moderna) എന്നീ വാക്സിനുകൾക്ക് കൂടി അനുമതി നൽകിയതോടെ, മൂന്ന് പ്രമുഖ ആഗോള കമ്പനികളുടെ വാക്സിനുകളാണ് നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് വാക്സിൻ കാമ്പയിൻ നടത്തുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരേത്ത അറിയിച്ചിരുന്നു. 65 വയസ്സിനു മുകളിൽ ഉള്ളവർക്കും ആരോഗ്യപരമായ അപകട സാധ്യതയുള്ളവർക്കും ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിൽ 50 വയസ്സിനു മുകളിലുള്ളവർക്കും വാക്സിൻ നൽകും. മറ്റുള്ളവർക്ക് മൂന്നാം ഘട്ടത്തിലും കുത്തിവെപ്പ് എടുക്കാം.
സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായാണ് വാക്സിൻ വിതരണം ചെയ്യുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസം പൂർത്തിയാക്കിയ ശേഷം രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കണം.
ആരോഗ്യമന്ത്രാലയത്തിെൻറ സിഹ്വത്തീ ആപ് വഴിയാണ് വാക്സിനേഷനായി രജിസ്റ്റർ ചെയ്യേണ്ടതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.