ദമ്മാം: കോവിഡ് പ്രതിരോധ വാക്സിനുകളുടെ 30 ലക്ഷം ഡോസാണ് ഇന്ത്യ സൗദി അറേബ്യക്ക് നൽകാനൊരുങ്ങുന്നത്. ആഗോള വിപണിയിലേക്ക് ആവശ്യമായ വാക് സിനുകളുടെ 60 ശതമാനവും നിർമിക്കുന്ന ഇന്ത്യ സൗദി ഉൾപ്പെടെ നിരവധി രാജ്യങ്ങളിലേക്കാണ് വാക്സിൻ കയറ്റുമതിക്ക് ധാരണയായിരിക്കുന്നത്. ഇത് അന്താരാഷ്ട്ര തലത്തിൽ ഒൗഷധനിർമാണ രംഗത്തെ ഇന്ത്യയുടെ പെരുമയെ എടുത്തുകാണിക്കുന്നതായി. മൂന്നു ദശലക്ഷം വാക്സിനുകൾ ഒരാഴ്ച്ചക്കുള്ളിൽ സൗദിയിലെത്തും.
സൗദി അറേബ്യയെ കൂടാതെ ബ്രസീൽ, സൗത്ത് ആഫ്രിക്ക, മൊറോക്കോ, മ്യാന്മർ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾക്കും ഇന്ത്യ വാക്സിൻ വിതരണം ചെയ്യും. ആഗോള മരുന്നു നിർമാണ കമ്പനിയായ, പുണെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടിെൻറ 'കോവിഷീൽഡ്' വാക്സിനും ഭാരത് ബയോടെക്കിെൻറ 'കോവാക്സിനു'മാണ് ഇന്ത്യയിൽ മുഖ്യമായും നിർമിക്കുന്നത്.
ജനുവരി 17 മുതൽ ഇന്ത്യയിൽ ആരംഭിച്ച കുത്തിവെപ്പിന് ഉപയോഗിക്കുന്നത് ഇത് രണ്ടും മാത്രമാണ്. ഇൗ വാക്സിനുകൾ ജനുവരി 20 മുതൽ വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയക്കാനും തുടങ്ങി. ആഭ്യന്തര തലത്തിൽ ലഭ്യത ഉറപ്പുവരുത്തിയതിന് ശേഷമാണ് വിദേശ രാജ്യങ്ങളിലേക്കുള്ള വിതരണം ഘട്ടംഘട്ടമായി നടപ്പാക്കുന്നത്.
ഒരാഴ്ചക്കിടെ 15 ലക്ഷത്തിലധികം പേരാണ് ഇന്ത്യയിൽ വാക്സിൻ സ്വീകരിച്ചത്. ഇൗ വർഷം ആഗസ്റ്റോടെ 30 കോടി ഇന്ത്യക്കാർക്ക് കുത്തിവെപ്പെന്ന ലക്ഷ്യത്തോടെയുള്ള കാമ്പയിനാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്.
കോവിഡ് പ്രതിരോധത്തിെൻറ പശ്ചാത്തലത്തിൽ, ശാസ്ത്ര, അക്കാദമിക, ഔഷധ ഗവേഷണ നിർമാണ രംഗങ്ങളിലെ 30ഓളം വകുപ്പുകളുടെ കീഴിൽ ആറുതരത്തിലുള്ള വാക്സിൻ ഗവേഷണ-പഠനങ്ങളാണ് ഇന്ത്യയിൽ പുരോഗമിക്കുന്നത്. ഇതിൽ തദ്ദേശീയമായി വികസിപ്പിക്കുന്ന മൂന്നെണ്ണമുൾപ്പെടെ മുഴുവൻ വാക്സിനുകളും ഫാർമസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പരിശോധന പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷമാണ് വിതരണം ചെയ്യുക.
ആഗോള ഫാർമ ഭീമനായ അസ്ട്രാസെനകയും (AstraZeneca) ഓക്സ്ഫഡ് സർവകലാശാലയും ചേർന്ന് സംയുക്തമായി വികസിപ്പിച്ച 'കോവിഷീൽഡ്' (Covishield) എന്ന വാക്സിൻ ഇന്ത്യൻ കമ്പനി സിറമാണ് നിർമിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ) നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേർന്ന് സംയുക്തമായി തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് 'കോവാക്സിൻ' (COVAXIN). അമേരിക്കൻ കമ്പനി ഫൈസർ വികസിപ്പിച്ച വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണമെന്നാണ് നിർദേശം. എന്നാൽ 'കൊവിഷീൽഡ്' 2-8 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കാൻ സാധിക്കുമെന്നത് മേൻമയാണ്.
അക്കാരണത്താൽതന്നെ ഇൗ വാക്സിനാണ് കയറ്റുമതിക്ക് കൂടുതൽ സൗകര്യപ്രദം. ലോകാരോഗ്യ സംഘടനയുടെ മതിയായ യോഗ്യത നേടിയ ഏറ്റവും കൂടുതൽ മരുന്ന് നിർമാതാക്കൾ ഉള്ളത് ഇന്ത്യയിലാണ്. കോവിഡ് മഹാമാരിയുടെ ഭീഷണിക്കിടെ, പ്രതിരോധ മരുന്ന് നിർമാണ, വിതരണ രംഗങ്ങളിലെ മികച്ച പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ, 'ലോകത്തിെൻറ ഔഷധശാല' എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇന്ത്യയെ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.