ജിദ്ദ: റമദാനിൽ ഉംറ നിർവഹിക്കുന്നവർക്കും മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി എന്നിവ സന്ദശിക്കുന്നവർക്കും കോവിഡ് വാക്സിൻ വെച്ചിരിക്കണമെന്ന് നിർബന്ധമാക്കിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മസ്ജിദുൽ ഹറാമിലെ പ്രവർത്തന ശേഷി ഉയർത്താനും തീരുമാനിച്ചു. ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിക്കുന്ന എല്ലാവിധ പ്രതിരോധ മുൻകരുതൽ നടപടികളും പാലിച്ചായിരിക്കും ഹറമിലെ പ്രവർത്തന ശേഷി ഉയർത്തുകയെന്നും മന്ത്രാലയം അറിയിച്ചു. റമദാനിൽ കൂടുതൽ പേർക്ക് ഉംറ തീർഥാടനത്തിനു അവസരമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം ഹജ്ജ് ഉംറ സഹമന്ത്രി വ്യക്തമാക്കിയിരുന്നു. പുതിയ തീരുമാനങ്ങൾ വന്നതോടെ കൂടുതൽ പേർക്ക് ഹറമിലെത്തി ഉംറ നിർവഹിക്കാനും നമസ്കരിക്കാനും മസ്ജിദുന്നബവി സന്ദർശിക്കാനുമാകും. പ്രവർത്തന ശേഷി ഉയർത്താൻ തീരുമാനിച്ചതോടെ അതിനു പ്രത്യേക വ്യവസ്ഥകളും ഹജ്ജ് ഉംറ മന്ത്രാലയം നിശ്ചയിട്ടുണ്ട്. അതിപ്രകാരമാണ്.
ഒന്ന്: മസ്ജിദുൽ ഹറാമിൽ ഉംറ നിർവഹിക്കുന്നതിനും നമസ്കാരത്തിനും മസ്ജിദുന്നബവി സന്ദർശിക്കുന്നതിനും റമദാൻ ഒന്ന് മുതൽ വാക്സിനേഷൻ എടുത്തുവെന്ന് തവക്കൽനാ ആപ്പിൽ കാണിക്കുന്നവർക്ക് മാത്രമേ അനുമതി നൽകൂ. രണ്ട് ഡോസും എടുത്തവർ, ആദ്യ ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവർ, രോഗബാധയിൽ നിന്ന് സുഖം പ്രാപിച്ചവർ എന്നിവർക്കാണ് അനുമതി നൽകുക.
രണ്ട്: ഉംറക്കും നമസ്കാരത്തിനും മദീന സന്ദര്ശനത്തിനുമുള്ള അനുമതി പത്ര ബുക്കിങ് ഇഅ്തമർനാ, തവൽക്കനാ ആപ്പിലൂടെയായിരിക്കും.
മൂന്ന്: പെർമിറ്റുകൾ കാണലും അതിന്റെ സാധുത പരിശോധിക്കലും തവക്കൽനാ ആപ്പിലൂടെയായിരിക്കും. അഥവാ അപേക്ഷകന്റെ ആപ്ളിക്കേഷൻ അക്കൗണ്ടിൽ നിന്ന് നേരിട്ടായിരിക്കും.
അതേ സമയം, ഇഅ്തർമനാ, തവക്കൽനാ എന്നീ അംഗീകൃത ആപ്ലിക്കേഷനിലുടെ അനുമതി പത്രം നേടുന്നതിന്റെ പ്രധാന്യം ഹജ്ജ് ഉംറ മന്ത്രാലയ വൃത്തങ്ങൾ പ്രത്യേകം ഊന്നിപ്പറഞ്ഞിട്ടുണ്ട്. വ്യാജ വെബ്സൈറ്റുകളിൽ പെട്ടുപോകരുതെന്നും മന്ത്രാലയം പ്രത്യേകം ഉണർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.