റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജാക് സള്ളിവനും കൂടിക്കാഴ്ച നടത്തി. റിയാദും വാഷിങ്ടണും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചുമാണ് ഇരുവരും ജിദ്ദയിൽ ചർച്ച നടത്തിയതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇരു രാഷ്ട്രങ്ങൾക്കും താൽപര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും ചർച്ചയായി. സമാധാനപരവും കൂടുതൽ സുരക്ഷിതവും സമൃദ്ധവും സുസ്ഥിരവുമായ പശ്ചിമേഷ്യയോടുള്ള പൊതു കാഴ്ചപ്പാട്, യെമനിലെ സംഘർഷത്തിന് ശാശ്വതമായ അന്ത്യം എന്നിവ വിപുലമായ ചർച്ചയിലെ വിഷയങ്ങളാണെന്ന് സുരക്ഷ ഉപദേഷ്ടാവിന്റെ നേതൃത്വത്തിലുള്ള സൗദി സന്ദർശന വേളയിലെ വൈറ്റ് ഹൗസ് പ്രസ്താവനയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൂടിക്കാഴ്ചയിൽ ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ, കാബിനറ്റ് അംഗവും സൗദി ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ഡോ. മുസൈദ് ബിൻ മുഹമ്മദ് അൽ അയ്ബാൻ.
സഹമന്ത്രിയും കാബിനറ്റ് അംഗവുമായ മുഹമ്മദ് ബിൻ അബ്ദുൽ മാലിക് അൽശൈഖ്, പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് (പി.ഐ.എഫ്) ഗവർണർ യാസിർ ബിൻ ഉത് മാൻ അൽ റുമയ്യാൻ, സൗദിയിലെ യു.എസ് അംബാസഡർ മൈക്കൽ റാറ്റ്നി, നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ (എൻ.എസ്.സി) പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക മേഖല കോഓഡിനേറ്റർ ബ്രെറ്റ് മാക്ഗുർക്ക്.
ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് എനർജി സെക്യൂരിറ്റിയുടെ യു.എസ് സ്പെഷൽ പ്രസിഡൻഷ്യൽ കോഓഡിനേറ്റർ അമോസ് ജെ. ഹോഷ്സ്റ്റീൻ, ദേശീയ സുരക്ഷ കൗൺസിൽ നിയമോപദേഷ്ടാവ് ജേക് ഫിലിപ്സ്, മുതിർന്ന ഉപദേഷ്ടാവ് അരിയാന ബെറെൻഗൗട്ട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.