റിയാദ്: വേർപെടുത്തൽ ശസ്ത്രക്രിയക്കായി സിറിയൻ സയാമീസ് ഇരട്ടകളായ സെലിനേയും എലീനേയും റിയാദിലെത്തിച്ചു. സൽമാൻ രാജാവിന്റെ നിർദേശപ്രകാരം കിങ് സൽമാൻ റിലീഫ് സെന്ററാണ് മാതാപിതാക്കളും മറ്റ് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തോടൊപ്പം ലബനാൻ തലസ്ഥാനമായ ബൈറൂത്ത് വഴി സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ മെഡിക്കൽ സർവിസിനുള്ള സ്വകാര്യ വിമാനമായ ‘ഗൾഫ് സ്ട്രീം ജി.എൽ.എഫ് ഫൈവി’ൽ റിയാദ് വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നത്.
വിദഗ്ധ പരിശോധനക്ക് വിധേയമാക്കാൻ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല ചിൽഡ്രൻസ് സ്പെഷലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേർപ്പെടുത്തൽ സാധ്യത സൂക്ഷ്മമായി പഠിച്ച ശേഷമാണ് അനന്തര നടപടികളിലേക്ക് കടക്കൂ. പത്തുമാസം പ്രായമുള്ള സയാമീസ് ഇരട്ടകൾ പെൺകുട്ടികളാണ്. സെലീൻ, എലീൻ എന്നാണ് പേരുകൾ. കുട്ടികളുടെ ആരോഗ്യസ്ഥിതി മികച്ചതാണ്.
രണ്ടായി വേർപിരിഞ്ഞ് സ്വതന്ത്ര വ്യക്തിത്വത്തോടെ ജീവിക്കാനുള്ള ശസ്ത്രക്രിയക്കായി സൗദിയിലെത്തിക്കാൻ നിർദേശം നൽകി മഹത്തായ മാനുഷിക സംരംഭത്തിന് നേതൃത്വം നൽകുന്ന സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും കെ.എസ് റിലീഫ് സെൻറർ ജനറൽ സൂപ്പർവൈസറും ശസ്ത്രക്രിയ തലവനുമായ ഡോ. അബ്ദുല്ല അൽറബീഅ നന്ദി അറിയിച്ചു. സൗദിയുടെ ഉദാത്തമായ മാനുഷിക ബോധവും മെഡിക്കൽ രംഗത്തെ മികവും എടുത്തുകാണിക്കുന്നതാണിത്. ലോകമെമ്പാടുമുള്ള ദരിദ്രർക്കും ദുരിതബാധിതർക്കും വേണ്ടി സൗദി അറേബ്യ ചെയ്യുന്ന മെഡിക്കൽ, മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങൾ രാജ്യത്തെ ലോകത്തിന് മുന്നിൽ വേറിട്ട മാതൃകയാക്കി മാറ്റിയെന്നും അൽറബീഅ കൂട്ടിച്ചേർത്തു.
റിയാദിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യത്തിനും സിറിയൻ ഇരട്ടകളുടെ കുടുംബങ്ങൾ സൗദി സർക്കാറിനും ജനങ്ങൾക്കും ആത്മാർഥമായ നന്ദി അറിയിച്ചു. ദൈവത്തിലും മികച്ച വൈദ്യപരിചയമുള്ള സൗദി ശസ്ത്രക്രിയ സംഘത്തിന്റെ കഴിവുകളിലും തങ്ങളുടെ വിശ്വാസം അവർ പ്രകടിപ്പിച്ചു. സൽമാൻ രാജാവിനും കിരീടാവകാശിക്കും ആയൂരാരോഗ്യവും മികച്ച പ്രതിഫലവും നൽകണമേയെന്നും അവർ പ്രാർഥിച്ചു.
സയാമീസ് ഇരട്ടകളെ വേർതിരിക്കുന്നതിനുള്ള പ്രവർത്തന മേഖലയിൽ സൗദി അറേബ്യ ശ്രദ്ധേയമായ നേട്ടങ്ങൾ ഇതിനകം കൈവരിച്ചിട്ടുണ്ട്. വിജയകരമായ ശസ്ത്രക്രിയകളുടെ എണ്ണം ഇതുവരെ 60 ആയി. ഏറെ സങ്കീർണമായ ശസ്ത്രക്രിയകൾ ഉയർന്ന കൃത്യതയോടെയും വൈദഗ്ധ്യത്തോടെയുമാണ് നടത്തുന്നത്. ഇത് രാജ്യത്തിന്റെ ആരോഗ്യ മേഖലയുടെ വികസനത്തെയും ആഗോള തലത്തിലെ അതിന്റെ മികവിനെയും പ്രതിഫലിപ്പിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.