ദമ്മാം: ശൈത്യകാലം കനത്തതോടെ, കിഴക്കൻ പ്രവിശ്യയിലെ ഈത്തപ്പഴ കൃഷിക്കാർ നല്ലയിനം ഈന്തപ്പന പൂങ്കുലകളും തൈകളും തേടിയുള്ള ഓട്ടത്തിലാണ്. മണ്ണൊരുക്കൽ മുതൽ തൈകൾ ശേഖരിക്കലും നടലും പരാഗണവും വരെയുള്ള പ്രക്രിയകൾ ചെയ്യേണ്ടത് ഈ സീസണിലാണ്. മരങ്ങളുടെ ഇനത്തിനും പ്രായത്തിനും അനുയോജ്യമായ പരിചരണം മുഖ്യമായും നൽകേണ്ടത് ശൈത്യകാലത്താണ്. ആൺ, പെൺ പൂവുകൾ വെവ്വേറെ പനകളിലാണ് ഉണ്ടാവുന്നത്. ഗുണമേന്മയുള്ള ആൺ പൂങ്കുലകളിൽനിന്നുള്ള ഇതളുകൾ പെൺമരങ്ങളിലെ പാകമായി വരുന്ന പൂങ്കുലകളിൽ കെട്ടിവെക്കുന്നതാണ് കൃത്രിമ പരാഗണത്തിെൻറ പൊതുരീതി. പിന്നീട്, അവക്ക് അനുകൂലമായ കാലാവസ്ഥയിൽ മികച്ച പരിചരണത്തിലൂടെ നല്ല ഫലങ്ങൾ കൊയ്തെടുക്കാം.
ഉഷ്ണകാലം വന്നെത്തുന്നതിനു മുമ്പ്, ജനുവരി മുതൽ മാർച്ച് വരെ നീണ്ടുനിൽക്കുന്ന സമയത്താണ് പുതിയ തൈകളുടെ നടീലും പാകമായവയിൽ പരാഗണവും നടത്താറുള്ളത്. 40 ഡിഗ്രിക്കും മുകളിലുള്ള ഉഷ്ണകാലത്തിെൻറ അതിതീക്ഷ്ണതയിലാണ് ഈത്തപ്പഴം പഴുത്ത് പാകമാകുന്നത്. എന്നാൽ, അൽഅഹ്സ താഴ്വരയിലും ഒട്ടുമിക്ക അറേബ്യൻ മരുഭൂ കൃഷിയിടങ്ങളിലും ശൈത്യകാലത്താണ് പനകൾ നട്ടുപിടിപ്പിക്കുന്നത്. ഇത്തവണ തണുപ്പ് നേരിയ അളവിൽ വ്യത്യസ്ത തോതിൽ മാത്രമേ ഇതുവരെ അനുഭവപ്പെട്ടിരുന്നതെങ്കിലും കഴിഞ്ഞയാഴ്ചയോടെ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ ശൈത്യവും തണുത്ത കാറ്റും ശക്തമായിട്ടുണ്ട്. ഇതോടെയാണ് കർഷകർ തകൃതിയായ മുന്നൊരുക്കങ്ങളിലേക്ക് നീങ്ങിയത്.
ത്വയ്യാർ, മിജ്നാസ്, ഗോർ തുടങ്ങിയ ജൈവ പൂങ്കുലകൾ കമ്പോളത്തിൽ ലഭ്യമാണെന്ന് അൽഅഹ്സ നഗരസഭയിലെ കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ അബ്ദുൽ ഹമീദ് അൽഹലീബി പറഞ്ഞു. നല്ലയിനത്തിന് 100 റിയാൽ വരെ വിലയുണ്ട്. ഹസ്സയുടെ സവിശേഷ ഇനമായ അൽഇഖ്ലാസ്, അശീശീ, സുക്കരി എന്നിവയുടെ തൈകൾക്കും ആവശ്യക്കാർ ഏറെയാണ്. മഴയും കാറ്റും തണുപ്പും നിറഞ്ഞ അന്തരീക്ഷം പൊതുവെ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയായാണ് വിലയിരുത്തപ്പെടുന്നത്. ഒരു ഈന്തപ്പനയുടെ ചുവട്ടിൽ നിന്ന് വ്യത്യസ്ത ഇടങ്ങളിൽ നിന്നായി മുളപൊട്ടുന്ന കാണ്ഡങ്ങൾ വേർപിരിച്ച് നട്ടാണ് നല്ല തൈകൾ ഉൽപാദിപ്പിക്കുന്നത്. വിത്തുകൾ വഴി കിളിർപ്പിക്കുന്നതിന് വേണ്ടത്ര ഗുണനിലവാരം ഉണ്ടാവാറില്ലെന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.
ലോക കമ്പോളങ്ങളിൽതന്നെ ആവശ്യക്കാരേറെയുള്ള ഈത്തപ്പഴമാണ് യുനെസ്കോ പൈതൃക പട്ടികയിൽ ഇടംപിടിച്ച അൽഅഹ്സ താഴ്വരയിലേത്. 30,000 ഏക്കർ വിസ്തീർണമുള്ള മൂന്ന് ദശലക്ഷത്തോളം ഈന്തപ്പനകൾ ഉൾക്കൊള്ളുന്ന, 50ലേറെ ഗ്രാമങ്ങൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന തോട്ടങ്ങളിൽ വിവിധയിനം ഈന്തപ്പനകളാണ് കൃഷി ചെയ്യുന്നത്. വേനൽക്കാലത്തെ വിളവെടുപ്പിന് ശേഷം കര്‍ഷകര്‍ക്കും ഉൽപാദകര്ക്കും വിതരണക്കാര്‍ക്കും നിക്ഷേപകർക്കും രുചിക്കൂട്ടുകളൊരുക്കി നഗരസഭ സംഘടിപ്പിക്കാറുള്ള ഈത്തപ്പഴ മേളയോടെയാണ് ഒരു സീസണ് സമാപനമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.