ദമ്മാം: അന്ധരെ ചേർത്തുപിടിച്ച്, ദമ്മാം നഗരസഭയുടെ കീഴിൽ പൂർത്തിയാക്കിയ നടപ്പാത പദ്ധതി ശ്രദ്ധേയമാവുന്നു. സഹജീവി സ്നേഹവും കരുതലും പങ്കുവെച്ച് ഭിന്നശേഷിക്കാർക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന 'ഹ്യൂമനൈസേഷൻ ഓഫ് സിറ്റീസ്' എന്ന ശീർഷകത്തിലാണ് പദ്ധതി, പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ യാഥാർഥ്യമാവുന്നത്. ഇതോടെ, പരസഹായമില്ലാതെ അന്ധർക്കും ഭിന്നശേഷിക്കാർക്കും പ്രയാസരഹിതമായി സഞ്ചരിക്കാം. നടപ്പാതകളിൽ അന്ധർക്ക് വഴികാട്ടിയാവുംവിധം പ്രത്യേക ലൈനുകൾ കോൺക്രീറ്റിൽ അടയാളപ്പെടുത്തിയ രീതിയിലാണ് പാതയുടെ നിർമാണം.
സ്പർശനത്തിലൂടെ മനസ്സിലാക്കാവുന്ന തരത്തിൽ, നടപ്പാതകളിൽ പതിച്ചിരിക്കുന്ന ചിഹ്നങ്ങൾ ഉപയോഗിച്ച് അന്ധർക്കും കാഴ്ചശക്തി കുറഞ്ഞവർക്കും സഞ്ചാരം സുഗമമാക്കാനാവും. നടക്കുന്നതിനിടെ പാർക്കിങ്ങിലേക്കും പള്ളിയിലേക്കും കടയിലേക്കുമൊക്കെ പ്രത്യേകം ദിശ നിർണയിക്കാവുന്ന കോഡ് ഭാഷയിലുള്ള ചിഹ്നങ്ങളാണ് പാതയിൽ പതിച്ചിട്ടുള്ളത്. അന്താരാഷ്ട്ര ഭിന്നശേഷി സൗഹൃദ രാജ്യങ്ങളിൽ നിലവിലുള്ള മാനദന്ധം പാലിച്ചാണ് ഇവിടെയും സംവിധാനിച്ചിരിക്കുന്നത്. ദമ്മാം, സീക്കോ ബിൽഡിങ് പരിസരം മുതൽ ലേഡീസ് മാർക്കറ്റിലെ മുഴുവൻ ഇടങ്ങളും പള്ളിയും വരെ നടന്നെത്താം. ദമ്മാം നഗരത്തിലെ അൽദവാസിർ, അൽ ഖലീജ്, കിങ് അബ്ദുല്ല സ്ട്രീറ്റ് എന്നിവിടങ്ങളിലും അൽഖോബാർ കോർണിഷിെൻറ തെക്ക് ഭാഗത്തുമാണ് പദ്ധതി ഇതിനകം പൂർത്തീകരിച്ചത്. 14 കിലോമീറ്ററിലേറെയാണ് ഇത്തരത്തിൽ സവിശേഷപാത നിർമിച്ചിരിക്കുന്നത്.
അന്ധരെയും ഭിന്നശേഷിക്കാരെയും ചേർത്തുപിടിച്ച് ഭിന്നശേഷി സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ സൗദിയും ഇടംപിടിക്കാറുണ്ട്. വിദ്യാഭ്യാസം, തൊഴിൽ, പാർപ്പിട നിർമാണം, ആരോഗ്യ സുരക്ഷ തുടങ്ങി എല്ലാ മേഖലകളിലും ഭിന്നശേഷിക്കാർക്ക് സവിശേഷ പരിഗണന രാജ്യം നൽകുന്നുണ്ട്. സമൂഹത്തിൽ ഒറ്റപ്പെട്ടുപോവാതിരിക്കാനും മുഖ്യധാരയില്‍ അവരെ എത്തിക്കണമെന്ന ലക്ഷ്യത്തോടെയുമുള്ള വിവിധ പദ്ധതികളാണ് പ്രവിശ്യകളിലെ നഗരസഭകൾ നടപ്പിലാക്കുന്നത്. തൊഴിലിടങ്ങൾ, പള്ളികൾ, നടപ്പാതകൾ, മാളുകൾ, പാർക്കുകൾ, വായനശാലകൾ എന്നിങ്ങനെ പൊതു ഇടങ്ങളിലെല്ലാം ഇവർക്കായി പ്രത്യേക പാർക്കിങ് സൗകര്യവും മറ്റു സംവിധാനങ്ങളുമുണ്ട്. ഇവർക്കായി മാറ്റിവെച്ച ഇടങ്ങളിൽ പാർക്ക് ചെയ്യുന്നത് രാജ്യത്ത് ശിക്ഷാർഹമാണ്. മിക്കയിടങ്ങളിലും ഇവർക്ക് മാത്രമായി പ്രത്യേകം ശുചിമുറികളും പണികഴിപ്പിച്ചിട്ടുണ്ട്. ഇവരുടെ സർവതോമുഖ ശാക്തീകരണത്തിനും ഉന്നമനത്തിനുമായി സർക്കാർ - സർക്കാറിതര തലങ്ങളിൽ നിരവധി സന്നദ്ധ സംഘടനകളും സജീവമായി പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.