ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ദേശീയ പതാകയുയർത്തിയും മധുരം വിളമ്പിയുമായിരുന്നു ആഘോഷം. നാട്ടിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയെ അനുസ്മരിപ്പിക്കുംവിധം തങ്ങളുടെ ജോലിസമയം ക്രമീകരിച്ച് നിരവധിപേർ പങ്കെടുത്തു. ബ്രിട്ടീഷ് അധിനിവേശത്തോട് സന്ധിയില്ലാതെ സഹന സമരം ചെയ്ത് ധീരദേശാഭിമാനികൾ നേടിത്തന്ന സ്വാതന്ത്ര്യം, ഇന്ന് രാജ്യം ഭരിക്കുന്ന വർഗീയ ഫാഷിസ്റ്റ് ശക്തികളിൽ നിന്ന് കടുത്ത ഭീഷണി നേരിടുകയാണ്.
വർഗീയ സംഘർഷങ്ങളിലൂടെ രാജ്യത്തെ ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കുന്നവർക്കൊപ്പം ഭരണകൂടം നിലകൊള്ളുന്നത് നാളിതുവരെയുള്ള സ്വതന്ത്ര ഇന്ത്യക്ക് തീരാക്കളങ്കമാണ് വരുത്തിയിരിക്കുന്നതെന്ന് ദേശീയ പതാക ഉയർത്തിയതിനുശേഷം നൽകിയ സ്വാതന്ത്ര്യദിന സന്ദേശത്തിൽ സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല പറഞ്ഞു.
ഗാന്ധിജിയും ജവഹർലാൽ നെഹ്റുവും ഡോ. ബി.ആർ. അംബേദ്കറുമടക്കമുള്ള ദേശസ്നേഹികൾ വിഭാവനം ചെയ്ത ഇന്ത്യയെ തിരിച്ചുപിടിക്കാൻ ജനാധിപത്യ മതേതര ചേരിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ജനറൽ സെക്രട്ടറി ഇ.കെ. സലിം, ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി, നിഹാൽ മുഹമ്മദ്, രമേശ് പാലക്കാട്, സിറാജ് പുറക്കാട്, ഷംസു കൊല്ലം, പി.കെ. അബ്ദുൽ ഖരീം, തോമസ് തൈപ്പറമ്പിൽ, നൗഷാദ് തഴവ, ഡെന്നിസ് മണിമല, നിസാർ മാന്നാർ, ഗഫൂർ വടകര, പ്രമോദ് പൂപ്പാല, സി.ടി. ശശി, താജു അയ്യാരിൽ, അസീസ് കുറ്റ്യാടി, അബ്ദുൽ നാസർ വയനാട് തുടങ്ങിയവർ ദമ്മാമിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.