കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ

‘ദറഇയ’ പൊതുനിക്ഷേപ ഫണ്ടിന്റെ അഞ്ചാമത് പ്രധാന പദ്ധതി - സൗദി കിരീടാവകാശി

ജിദ്ദ: പൊതുനിക്ഷേപ ഫണ്ടിെൻറ ഉടമസ്ഥതയിലുള്ള അഞ്ചാമത്തെ പ്രധാന സംരംഭമായി റിയാദിലെ ദറഇയ പദ്ധതിയെ ഉൾപ്പെടുത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയും പൊതുനിക്ഷേപ ഫണ്ട് ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സാംസ്കാരിക, പൈതൃക, വിനോദസഞ്ചാര കേന്ദ്രങ്ങളാൽ സമ്പന്നമായ ലോകത്തിലെ അതുല്യമായ പദ്ധതികളിൽ ഒന്നായി ദറഇയയെ മാറ്റുക ലക്ഷ്യമിട്ടാണിത്. ദേശീയ സ്വത്വവും സൗദി സംസ്‌കാരവുമായി ബന്ധപ്പെട്ട് കിരീടാവകാശി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ വിപുലീകരണവും സ്ഥിരീകരണവുമാണ് പുതിയ പ്രഖ്യാപനം.

സൗദി ഭരണകൂടത്തിെൻറ മൂന്ന് നൂറ്റാണ്ട് നീണ്ട ചരിത്രത്തിൽ ചരിത്രപരവും സാംസ്കാരികവും രാഷ്ട്രീയവുമായ വലിയ പ്രാധാന്യമുള്ള സ്ഥലമാണ് ദറഇയ. രാജ്യത്തിെൻറ സാംസ്കാരികവും പൈതൃകവുമായ പല മുദ്രകളും ഉൾക്കൊള്ളുന്ന പൗരാണിക കേന്ദ്രമാണിത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ‘തുറൈഫ് ഹിസ്റ്റോറിക്കൽ ഡിസ്ട്രിക്ട്’ ഇവിടെയാണ്. കൂടാതെ പദ്ധതിയെ ആകർഷകവും അതുല്യവുമായ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്ന നിരവധി പൈതൃക ഘടകങ്ങൾ ഇവിടെയുണ്ട്. സന്ദർശകർക്ക് രാജ്യത്തിെൻറ ചരിത്രത്തെക്കുറിച്ചും ആധികാരിക സൗദി സംസ്കാരത്തെക്കുറിച്ചും പഠിക്കാൻ അനുവദിക്കുന്ന അതുല്യമായ അനുഭവം പ്രദാനം ചെയ്യുന്നതാണ് ദറഇയ. സാംസ്കാരികവും ചരിത്രപരവുമായ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുകയും മ്യൂസിയങ്ങളും വിവിധ സൗകര്യങ്ങളുമൊരുക്കിയുമാണ് പദ്ധതി നടപ്പാക്കുന്നത്.

പൊതുനിക്ഷേപ ഫണ്ടിെൻറ അടിസ്ഥാന സ്തംഭമാണ് പ്രഖ്യാപിത പദ്ധതികൾ. നിയോം, ചെങ്കടൽ, ഖിദ്ദിയ, റോഷൻ തുടങ്ങിയ പദ്ധതികൾ അതിലുൾപ്പെടും. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നിരവധി മേഖലകൾ ആരംഭിക്കുന്നതിനും പുതിയ സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിനും ഫണ്ടിന് ശേഷിയുണ്ട്. രാജ്യത്തിെൻറ വൈവിധ്യവത്കരണ ശ്രമങ്ങളെയും സാമ്പത്തിക വികസനത്തെയും പിന്തുണയ്ക്കുന്നതിൽ നല്ല സ്വാധീനം ഫണ്ട് ചെലുത്തുന്നുണ്ട്.

പ്രാദേശിക മേഖലകളെ ശാക്തീകരിക്കുന്നതിന് വലിയ സംഭാവന ചെയ്യുന്ന പദ്ധതിയായിരിക്കും ദറഇയ. സ്വകാര്യ മേഖലയുമായി പങ്കാളിത്തത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കും. ഹോട്ടലുകൾ, റെസിഡൻഷ്യൽ യൂനിറ്റുകൾ, ഷോപ്പിങ് സെൻററുകൾ, വിനോദ സാംസ്കാരിക സൗകര്യങ്ങൾ പോലുള്ള ഒരുകൂട്ടം പുതിയ നിക്ഷേപാവസരങ്ങൾ ഒരുക്കും. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും മേഖലയിലെ ജീവിതനിലവാരം ഉയർത്തുന്നതിനും സംഭാവന ചെയ്യും. പദ്ധതിയെ ഫണ്ടിെൻറ ഉടമസ്ഥതയിലേക്ക് ചേർത്തിട്ടുണ്ടെങ്കിൽ 2017ൽ രാജകീയ ഉത്തരവിലൂടെ സ്ഥാപിതമായ ദറഇയ ഗേറ്റ് ഡെവലപ്‌മെൻറ് അതോറിറ്റി ഭൂമിശാസ്ത്രപരമായ പരിധിക്കുള്ളിൽ പദ്ധതി നിയന്ത്രണ, മേൽനോട്ട ചുമതലകൾ നിർവഹിക്കുന്നത് തുടരും. ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനുമുള്ള ഫണ്ടിെൻറ തന്ത്രത്തിന് അനുസൃതമായാണ് ദറഇയയെ പ്രധാന പദ്ധതികളിൽ ഒന്നായി ഉൾപ്പെടുത്തിയിരിക്കുന്നത്.-

Tags:    
News Summary - 'Dariya'-Public Investment Fund-Crown Prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.