റിയാദ്: സാമൂഹികോദ്ധാരണ പ്രവർത്തനങ്ങൾക്കായി ‘റിയാദ് നോൺ പ്രോഫിറ്റ് ഫൗണ്ടേഷൻ’ എന്ന പേരിൽ പുതിയ ഏജൻസിയുടെ ആരംഭവും അതിന്റെ ഡയറക്ടർ ബോർഡ് രൂപവത്കരണവും പ്രഖ്യാപിച്ചു. സൗദി കിരീടാവകാശിയും റിയാദ് സിറ്റി റോയൽ കമീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
റോയൽ കമീഷന്റെ കുടക്കീഴിൽ സ്വകാര്യ സ്വഭാവമുള്ള സ്വതന്ത്ര സ്ഥാപനമായിരിക്കും ഇത്. ഗവേഷണം, പഠനങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സ്ഥാപനപരവും സാമൂഹികവുമായ പ്രവർത്തനങ്ങളെ ഫൗണ്ടേഷൻ അതിന്റെ എല്ലാ രൂപങ്ങളിലും പിന്തുണക്കുകയും വികസിപ്പിക്കുകയും ചെയ്യും.
സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട മേഖലകളിൽ ലാഭേച്ഛയില്ലാത്ത മേഖലാ പരിപാടികൾ വികസിപ്പിക്കുന്നതിൽ സാമൂഹിക സംഭാവന വർധിപ്പിക്കും.സാമൂഹിക പ്രവർത്തനത്തിന്റെ സംസ്കാരം ഏകീകരിക്കുന്നതിനും അതിന്റെ മൂല്യങ്ങൾ വർധിപ്പിക്കുന്നതിനും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലയിലെ സാമൂഹിക വികസനവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുൻകൈയെടുക്കൽ കൂടിയാണ് ‘റിയാദ് നോൺ പ്രോഫിറ്റ് ഫൗണ്ടേഷന്റെ’ ആരംഭമെന്ന് ഫൗണ്ടേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിച്ച് സാമൂഹിക ഐക്യം വർധിപ്പിച്ച്, റിയാദ് സമൂഹത്തിെൻറ ഐഡൻറിറ്റി സംരക്ഷിക്കുന്നതിൽ സംഭാവന നൽകിക്കൊണ്ട് സാമൂഹിക വികസനം കൈവരിക്കുന്നതിലാണ് ഫൗണ്ടേഷൻ ശ്രദ്ധ കേന്ദ്രീകരിക്കുക.
കൂടാതെ സാമൂഹിക മേഖലയിലെ തൊഴിൽ അവസരങ്ങൾ വികസിപ്പിക്കുന്നതിന് സർക്കാർ ഏജൻസികളുമായും ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളുമായും ഫൗണ്ടേഷൻ പ്രവർത്തിക്കും. ധനസഹായം, നൂതന സാമൂഹിക പരിപാടികൾ രൂപകൽപന ചെയ്യുകയും സമാരംഭിക്കുകയും ചെയ്യുക, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കല, സംസ്കാരം എന്നിവയെ പിന്തുണക്കുക, സുസ്ഥിര പരിസ്ഥിതി പ്രോത്സാഹിപ്പിക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നേട്ടങ്ങൾ കൈവരിക്കുന്നതിനും സംഭാവന നൽകൽ എന്നീ മേഖലകളിൽ പ്രാദേശികമായും ആഗോളതലത്തിലും ഒരു ‘നേതാവാ’കാനും ഫൗണ്ടേഷൻ ലക്ഷ്യമിടുന്നതായി പ്രസ്താവന പറഞ്ഞു.
റിയാദ്: കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ‘റിയാദ് നോൺ പ്രോഫിറ്റ് ഫൗണ്ടേഷന്റെ’ ഡയറക്ടർ ബോർഡ് അംഗങ്ങളെ റിയാദ് സിറ്റി റോയൽ കമീഷൻ പ്രഖ്യാപിച്ചു. കമീഷൻ സി.ഇ.ഒ എൻജി. ഇബ്രാഹിം ബിൻ മുഹമ്മദ് അൽ സുൽത്താനെ വൈസ് പ്രസിഡന്റും സെക്രട്ടറി ജനറലുമായി നിയമിച്ചു. കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ, സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ,
റിയാദ് മേയർ അമീർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ്, ധനകാര്യമന്ത്രി മുഹമ്മദ് അൽ ജദാൻ, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി, ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ്, ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിൽ, വിദ്യാഭ്യാസ മന്ത്രി യൂസഫ് ബിൻ അബ്ദുല്ല അൽബുനിയാൻ, മന്ത്രിസഭ ജനറൽ സെക്രട്ടേറിയറ്റ് ഉപദേശകൻ ഫഹദ് ബിൻ അബ്ദുൽ മുഹ്സിൻ അൽറഷീദ് എന്നിവരാണ് ഫൗണ്ടേഷന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.