റിയാദ്: അധിനിവേശം ഇല്ലാതാക്കി ഫലസ്തീനും ഇസ്രായേലുമെന്ന ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നത് തുടർച്ചയായ ആക്രമണങ്ങളിൽനിന്ന് മധ്യപൗരസ്ത്യ മേഖലയെ മുക്തമാക്കി സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള അടിസ്ഥാന മാർഗമാണെന്നാണ് സൗദി അറേബ്യ വിശ്വസിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. അതിനാണ് സംയുക്ത അറബ്-ഇസ്‌ലാമിക് മന്ത്രിതല സമിതി നോർവേ, യൂറോപ്യൻ യൂനിയൻ എന്നിവരോടൊപ്പം ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുള്ള അന്താരാഷ്ട്ര സഖ്യം ആരംഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂയോർക്കിൽ യു.എൻ ജനറൽ അസംബ്ലിയുടെ 79-ാം സെഷനോടനുബന്ധിച്ച് ‘ഫലസ്തീനിലെ സുരക്ഷ’ എന്ന വിഷയത്തിൽ സുരക്ഷ കൗൺസിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കവേയാണ് അമീർ ഫൈസൽ തെൻറ രാജ്യത്തിെൻറ നിലപാണ് വ്യക്തമാക്കിയത്.
സമാധാനത്തിനായി ഗൗരവമായ പങ്കാളിത്തം ലോകത്തെ മുഴുവൻ രാജ്യങ്ങളും തമ്മിൽ ആരംഭിക്കേണ്ട സമയമാണിതെന്നും മന്ത്രി പറഞ്ഞു. രക്ഷാസമിതിയിലെ അംഗങ്ങളോട് പ്രത്യേകിച്ച് ഫലസ്തീൻ രാഷ്ട്രത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത രാജ്യങ്ങളോട് ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണക്കാനും സഹവർത്തിത്വവും സുസ്ഥിരവും സമാധാനവും കൈവരിക്കാനുള്ള സാധ്യതകൾ സംരക്ഷിക്കാനും ആഹ്വാനം ചെയ്യുകയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967-ലെ അതിർത്തി പരികൽപനയെ അടിസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. ഗുരുതരമായ ഇസ്രയേൽ ലംഘനങ്ങളും വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യങ്ങളും കണക്കിലെടുത്ത് രക്ഷാസമിതിയുടെ മുൻഗണന ഫലസ്തീൻ പ്രശ്നത്തിനാകണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഞങ്ങൾ സുരക്ഷാ കൗൺസിന് മുമ്പാകെ ഇതേ അടിയന്തര ഫലസ്തീൻ പ്രശ്നം ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ട്. കൗൺസിൽ ഗൗരവമായ നടപടിയെടുക്കാതെ മുന്നോട്ട് പോകുന്ന സാഹചര്യത്തിലും ഞങ്ങൾ നിലപാട് ആവർത്തിച്ച് വ്യക്തമാക്കി.
കഴിഞ്ഞവർഷം ഒക്ടോബർ മുതൽ നിർദേശിച്ച 10 പ്രമേയങ്ങളിൽ ആറ് കരട് പ്രമേയങ്ങളാണ് സുരക്ഷാസമിതി വീറ്റോ ചെയ്തത്. വെടിനിർത്തൽ നടപ്പാക്കുന്നതിനോ വിനാശകരമായ മാനുഷിക സാഹചര്യത്തെ അഭിസംബോധന ചെയ്യുന്നതിനോ യു.എൻ കൈക്കൊണ്ട തീരുമാനങ്ങൾക്കൊന്നും ഇതുവരെ കഴിഞ്ഞിട്ടില്ല. സമാധാനത്തിലേക്കുള്ള വിശ്വസനീയമായ ഒരു രാഷ്ട്രീയ പാതക്ക് വഴിയൊരുക്കുന്നില്ല. പ്രതിസന്ധികൾ അവസാനിപ്പിക്കാനും അന്താരാഷ്ട്ര നിയമം നടപ്പാക്കാനും സെക്യൂരിറ്റി കൗൺസിലിന് എന്താണ് വേണ്ടതെന്ന് ഞങ്ങൾ അത്ഭുതത്തോടെ ചോദിക്കുകയാണ് -അദ്ദേഹം ധാർമികരോഷം പ്രകടിപ്പിച്ചു.
സുരക്ഷ കൗൺസിലിലെ അന്തർദേശീയ സമവായവും അഭിപ്രായവ്യത്യാസങ്ങളും തമ്മിലുള്ള വർധിച്ചുവരുന്ന വിടവ് വളരെ വ്യക്തമാവുകയാണ്. ഇത് കൗൺസിലിെൻറ പ്രകടനത്തെ തടസ്സപ്പെടുത്തുകയും അതിെൻറ ഫലങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യും. സമാധാനം കൈവരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിെൻറ, പ്രത്യേകിച്ച് സുരക്ഷ കൗൺസിലിെൻറ സ്ഥാപനങ്ങളിൽനിന്നുള്ള ശാക്തീകരണവും തീരുമാനങ്ങൾ എടുക്കുന്നതിൽ ധൈര്യവും നടപ്പാക്കാനുള്ള പ്രതിബദ്ധതയും ആവശ്യമാണെന്നും വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു.
ഫലസ്തീനിലെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള നിയമപരവും ധാർമികവുമായ ഉത്തരവാദിത്തം സുരക്ഷ കൗൺസിലിനാണ്. എന്നാൽ അതിെൻറ ചർച്ചകൾ രാഷ്ട്രീയ പരിഗണനകളെ ആശ്രയിച്ചിരിക്കുന്നു. അത് ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ നിന്ന് കൗൺസിലിനെ തടയുന്നു. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾക്കായി കാത്തിരിക്കണമെന്നും ഏകപക്ഷീയമായ നടപടികൾ സ്വീകരിക്കരുതെന്നും പറയുന്നവരുണ്ട്. അവരോട് ഞങ്ങൾക്ക് പറയാനുള്ളത് ദ്വിരാഷ്ട്ര പരിഹാരത്തിെൻറ തത്വം തിരിച്ചറിയാൻ പോലും ഇസ്രായേൽ വിസമ്മതിക്കുമ്പോൾ എന്തുചെയ്യണമെന്നാണ്? ഏതൊരു പരിഹാരത്തിനുമുള്ള സാധ്യതകളെ തുരങ്കംവയ്ക്കുന്ന ഏകപക്ഷീയമായ നടപടികളുമായി ഇസ്രായേൽ അതിെൻറ അതിക്രമം തുടരുകയാണെന്നും സൗദി മന്ത്രി കുറ്റപ്പെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.