ജിദ്ദ: റമദാൻ അവസാനം വരെ തുടരുന്ന ഉംറ തീർഥാടകരുടെ വരവ് കണക്കിലെടുത്ത് ജിദ്ദ വിമാനത്താവളത്തിലൊരുക്കിയ സൗകര്യങ്ങൾ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ പരിശോധിച്ചു. വിവിധ രാജ്യങ്ങളിൽനിന്ന് ഉംറ നിർവഹിക്കാൻ എത്തുന്നവർക്ക് ആശ്വാസവും സുരക്ഷിതത്വവും നൽകുന്നതിന് മികച്ച സേവനങ്ങൾ നൽകണമെന്ന ഭരണകൂടത്തിന്റെ നിർദേശാനുസരണമാണ് ഈ സന്ദർശനം. ‘വിഷൻ 2030’ പ്രോഗ്രാമുകളുടെ ലക്ഷ്യങ്ങൾക്ക് അനുസൃതവുമാണ്.
ഹജ്ജ്, ഉംറ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് അൽവിസാൻ, മേഖലയിലെ നിരവധി സർക്കാർ, സുരക്ഷാമേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരും ഡെപ്യൂട്ടി ഗവർണർക്കൊപ്പമുണ്ടായിരുന്നു. യാത്രക്കാർക്ക് പ്രത്യേകിച്ച് ഉംറ തീർഥാടകർക്ക് സേവനം നൽകുന്നതിനായി തയാറാക്കിയ പ്രവർത്തന പദ്ധതി ഡെപ്യൂട്ടി ഗവർണർക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിവരിച്ചുകൊടുത്തു.
സുരക്ഷാനടപടിക്രമങ്ങൾ, പാസ്പോർട്ട് കൗണ്ടറുകൾ, ട്രാൻസിറ്റ് ഹാൾ, കസ്റ്റംസ് ഏരിയ, സെക്യൂരിറ്റി ആൻഡ് ഓപ്പറേഷനൽ അതോറിറ്റികൾ, വിമാനത്താവളത്തിലെ വിവിധ സർവിസ് സൈറ്റുകൾ, ‘പിൽഗ്രിം വിത്തൗട്ട് എ ബാഗ്’ സംരംഭത്തിനായി ഒരുക്കിയ സ്ഥലം എന്നിവ ഗവർണർ കാണുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.