യാംബു: അഡ്മിനിസ്ട്രേഷനിലുൾപ്പെടെ ഡിജിറ്റൽ പരിവർത്തനം നടപ്പാക്കിയതിൽ റെക്കോഡ് നേട്ടവുമായി യാംബു റോയൽ കമീഷൻ (ആർ.സി). കമീഷനുകീഴിലുള്ള പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (പി.എം.ഐ) അവതരിപ്പിച്ച ‘ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോജക്ടാ’ണ് ഈ വർഷത്തെ സൗദിയിലെ മികച്ച പദ്ധതികളിൽ രണ്ടാം സ്ഥാനത്തിനുള്ള അവാർഡ് നേടിയത്.
ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ ശാസ്ത്രീകരിക്കുന്നതിന് സുസ്ഥിരമായ സംവിധാനം ഒരുക്കുന്നതിൽ സൗദിയിലെ സ്വയം ഭരണാവകാശമുള്ള റോയൽ കമീഷൻ അതോറിറ്റിക്ക് കഴിഞ്ഞതായി വിലയിരുത്തുന്നു. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ ‘വിഷൻ 2030’ ലക്ഷ്യങ്ങളിൽ കാര്യക്ഷമമായ ടെലികമ്യൂണിക്കേഷൻ, ഐ.ടി മേഖലയിൽ വമ്പിച്ച മുന്നേറ്റം ഇതിനകം പ്രകടമായിട്ടുണ്ട്.
നവീന സാങ്കേതിക വിദ്യകൾക്ക് പിന്തുണ നൽകി രാജ്യത്തെ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്താൻ വൈവിധ്യമാർന്ന പദ്ധതികൾ നടപ്പാക്കിയതും ഈ മേഖലയിലെ മുന്നേറ്റത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഡിജിറ്റൽ പരിവർത്തന രംഗത്ത് അസാധാരണമായ നവീകരണ പ്രവർത്തനങ്ങൾക്ക് ഏറെ പ്രോത്സാഹനം ലഭിച്ചതും ഇൻസ്റ്റിറ്റ്യൂട്ടിന് നേട്ടമായി.
പരിവർത്തന പദ്ധതികളുടെ സങ്കീർണതകളെ അതിജീവിക്കുന്നതിൽ വിജയിച്ച സംഘടനകളുടെ ശ്രദ്ധേയമായ നേട്ടങ്ങളുടെ തെളിവാണ് ഈ അവാർഡ്. കാര്യക്ഷമതയുടെയും ഉൽപാദനക്ഷമതയുടെയും നിലവാരം ഉയർത്തുന്നതിനുള്ള പ്രോജക്ട് മാനേജ്മെൻറിന് മികവിന്റെ ഒരു മാതൃക കൂടിയാണ് പ്രകടമാകുന്നതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ഡിജിറ്റൽ പരിവർത്തനവുമായി ബന്ധപ്പെട്ട് റോയൽ കമീഷൻ ഫോർ ജുബൈൽ ആൻഡ് യാംബുവിന്റെ പ്രോജക്ടുകളുടെ ആദ്യ സംരംഭങ്ങളിലൊന്നാണ് യാംബുവിലെ സാങ്കേതിക കാര്യ മേഖലയിലെ ഡിജിറ്റൽ പരിവർത്തന പദ്ധതി എന്നത് ശ്രദ്ധേയമാണ്. റോയൽ കമീഷന്റെ എല്ലാ പ്രവർത്തനങ്ങളിലേക്കും ആന്തരിക പ്രവർത്തനങ്ങളിലേക്കും ഡിജിറ്റൽ സാങ്കേതികവിദ്യ സമന്വയിപ്പിക്കാൻ പദ്ധതി ലക്ഷ്യമിടുന്നതായി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.