ജിദ്ദ: നിലവിൽ യാത്രാവിലക്കുള്ള ഇന്ത്യ അടക്കമുള്ള ആറ് രാജ്യങ്ങളിൽ നിന്ന് ഡിസംബർ ഒന്ന് മുതൽ സൗദിയിലേക്ക് നേരിട്ട് വിമാന സർവിസ് ആരംഭിക്കുന്നു. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നാണ് നേരിട്ട് സർവിസ്.
ഡിസംബർ ഒന്ന് ബുധനാഴ്ച അർദ്ധരാത്രി ഒരു മണി മുതൽ ഈ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കും. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇനി മുതൽ മറ്റു രാജ്യങ്ങളിൽ 14 ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ല.
എന്നാൽ സൗദിയിൽ നിന്നും കോവിഡ് വാക്സിൻ രണ്ട് ഡോസും പൂർത്തിയാക്കാത്തവരോ നാട്ടിൽ നിന്നും ഒന്നോ രണ്ടോ ഡോസുകൾ വാക്സിൻ എടുത്തവരായാലും സൗദിയിലെത്തിയ ശേഷം അവർ അഞ്ചു ദിവസത്തെ ഇൻസ്റ്റിട്യൂഷനൽ ക്വാറന്റീൻ പൂർത്തിയാക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്സിൻ എടുത്തവരാണെങ്കിൽ അത്തരക്കാർക്ക് ഇൻസ്റ്റിട്യൂഷനൽ ക്വാറന്റീൻ ആവശ്യമില്ലെന്ന മുൻ പ്രഖ്യാപനം അതെപടി തുടരും.
ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള നിർദേശങ്ങളടങ്ങുന്ന സർക്കുലർ സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക്ക) എല്ലാ വിമാനകമ്പനികൾക്കും ഇതിനോടകം അയച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയിൽ നിന്നും നേരിട്ട് സൗദിയിലേക്ക് വിമാന സർവിസ് ആരംഭിക്കുന്നതിന് മറ്റു നിയമ തടസ്സങ്ങൾ ഒന്നുമില്ല.
ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര സർവിസുകൾ ഡിസംബർ മുതൽ സാധാരണ നിലക്കാവുമെന്ന സൂചനയും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മാസങ്ങളായി സൗദിയിലേക്ക് നേരിട്ട് വരാനാവാതെ പ്രയാസപ്പെട്ടിരുന്ന പ്രവാസികൾ കാത്തിരുന്ന വാർത്തയാണ് ഇന്ന് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. ഇത് നാട്ടിലുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.