റിയാദ്: കോവിഡ് പ്രതിരോധ നടപടികൾ അയവ് വരുത്തിയതിെൻറ ഭാഗമായി തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമില്ലെന്ന് കഴിഞ്ഞദിവസം സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇതോടെ ഞായറാഴ്ച മുതൽ മാസ്കില്ലാതെ പുറത്തിറങ്ങുന്നതിെൻറയും അവ വലിച്ചെറിയുന്നതിെൻറയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. എന്നാൽ, മാസ്കില്ലാതെ പുറത്തിറങ്ങാൻ അനുമതിയുണ്ടെങ്കിലും അക്കാര്യത്തിൽ അതീവ സൂക്ഷ്മത പുലർത്തണമെന്ന് സൗദിയിലെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിയമംകൊണ്ട് ഇളവുണ്ടെങ്കിലും സാമൂഹികബോധം ഉപയോഗപ്പെടുത്തി കോവിഡ് ഉൾെപ്പടെയുള്ള പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിൽനിന്ന് പിറകോട്ട് പോകരുതെന്ന് നിർദേശിക്കുന്നു. സാഹചര്യങ്ങൾ മനസ്സിലാക്കി വേണം മാസ്ക് അഴിക്കാൻ. തുറസ്സായ ഇടങ്ങളിലോ ആൾക്കൂട്ടമില്ലാത്ത നിരത്തിലോ മാസ്ക് ഇല്ലെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടാകില്ല. എന്നാൽ, തിരക്കേറിയ നഗരങ്ങളിൽ താമസിക്കുന്നവരും ഇവിടങ്ങളിലേക്ക് മറ്റ് ആവശ്യങ്ങൾക്കായി വരുന്നവരും മാസ്ക് നിർബന്ധമായും ധരിക്കണം. ഇത് സ്വയരക്ഷക്കും മറ്റുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്താനും സഹായകമാകും. ആൾത്തിരക്കുള്ള തുറസ്സായ മാർക്കറ്റുകളിലും ആളുകൾ തിങ്ങിനിൽക്കുന്ന പൊതുവിടങ്ങളിലും മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരുന്നതാണ് ആരോഗ്യ സുരക്ഷക്ക് നല്ലതെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. ഏറെ പാടുപെട്ടും നഷ്ടങ്ങൾ സഹിച്ചും പോരാടിയാണ് സർക്കാർ കോവിഡ് വ്യാപനത്തെ വരുതിയിലാക്കിയത്. ജനങ്ങൾക്ക് ആശ്വാസം പകരുന്ന തീരുമാനങ്ങൾ ഇനിയുമുണ്ടാകും. എന്നാൽ, നിയമത്തിൽ തരുന്ന ഇളവുകൾ ജനങ്ങൾ പോസിറ്റിവായി ഉപയോഗിക്കണമെന്ന് റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ് ഡോ. ഹാഷിം നിർദേശിച്ചു. സൗദി അറേബ്യയിൽ ഇനി കാലാവസ്ഥ മാറ്റത്തിെൻറ ദിനങ്ങളാണ് വരാനിരിക്കുന്നത്. പൊടിക്കാറ്റും മറ്റു കാലാവസ്ഥ മാറ്റങ്ങളുമുണ്ടാകും. ഈ സമയങ്ങളിലെല്ലാം പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുന്നത് അലർജി, പൊടി ശ്വസിച്ചുള്ള ശ്വാസതടസ്സം, ജലദോഷം, വൈറൽ പനി തുടങ്ങിയ പകർച്ച വ്യാധികളിൽനിന്ന് രക്ഷ നേടാനാകുമെന്ന് റിയാദിലെ സീനിയർ ഇ.എൻ.ടി ഡോക്ടർ തമ്പാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.