റിയാദ്: നാല് പതിറ്റാണ്ടായി റിയാദിൽ പ്രവാസിയായ മലയാളിക്ക് അറബി ഭാഷയിൽ ഡോക്ടറേറ്റ്. മത പ്രബോധകനും ബഹുഭാഷ പണ്ഡിതനും പരിഭാഷകനും ഗ്രന്ഥകാരനുമായ സിദ്ദീഖ് എം.എ. വെളിയങ്കോടിന് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നാണ് പി.എച്ച്.ഡി ലഭിച്ചത്. നാല് പ്രമുഖ മദ്ഹബുകളുടെ സ്ഥാപകരായ ഇമാമുകൾ സ്വന്തമായി എഴുതിയ കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ ഉപയോഗിച്ച പദപ്രയോഗങ്ങളും വാക്കുകളുടെ അർഥവികാസവും സംബന്ധിച്ച പഠനമാണ് അദ്ദേഹം നടത്തിയത്.
കർമശാസ്ത്ര സരണികളിലെ പ്രധാന ചിന്താധാരകളിലൂടെയുള്ള താരതമ്യ പഠനവും അതുവഴി നാലു മദ്ഹബ് ഇമാമുമാർക്കിടയിലുള്ള അഭിപ്രായ സമന്വതയും വീക്ഷണ സമാനതയും ഐക്യവും ഏകാഭിപ്രായവും അർഥശാസ്ത്ര സമന്വയത്തിലൂടെ തെളിയിക്കുക എന്ന ശ്രമകരമായ ഗവേഷണമാണ് അദ്ദേഹം നടത്തിയത്. പുളിക്കൽ മദീനത്തുൽ ഉലൂമിലെ ശൈഖ് സായിദ് ഗവേഷണ കേന്ദ്രത്തിലെ പ്രഥമ റിസർച് സീനിയർ ഗൈഡ് ഡോ. ശൈഖ് കെ. മുഹമ്മദാണ് സിദ്ദീഖിന്റെ ഗവേഷണ ഗൈഡ്.
സിദ്ദീഖ് റിയാദിൽ ട്രാൻസ്ലേഷൻ ജോലിയാണ് ചെയ്യുന്നത്. റിയാദിലെ വിവിധ ജുമുഅത്ത് പള്ളികളിൽ ഖുതുബ പരിഭാഷ ഉൾപ്പെടെ നിരവധി ഇസ്ലാമിക ദഅവത്ത് ക്ലാസുകൾക്ക് നേതൃത്വം നൽകിയിരുന്നു. ഇംഗ്ലീഷ്, ഉർദു, അറബി, മലയാളം എന്നീ ഭാഷകളിൽ പ്രഭാഷണങ്ങളും രചനകളും ഭാഷാ മൊഴിമാറ്റവും നടത്തിയിട്ടുണ്ട്. നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: സഫിയ തങ്കയത്തിൽ (വടക്കാങ്ങര), മക്കൾ: മർവ സിദ്ദീഖ് (തേസ്പുർ യൂനിവേഴ്സിറ്റി, അസം), ഷൈമ സിദ്ദീഖ് (തമിഴ്നാട് ടീച്ചേഴ്സ് എജുക്കേഷൻ യൂനിവേഴ്സിറ്റി), അനസ് സിദ്ദീഖ് (കേരള സെൻട്രൽ യൂനിവേഴ്സിറ്റി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.