നീതു നിധിൻ
റിയാദ്: ചടുലമായ മുദ്രയിലൂടെയും അംഗ വിന്യാസങ്ങളിലൂടെയും പ്രേക്ഷക ഹൃദയത്തിൽ ചുവടുവെക്കുന്ന നൃത്തകലയുമായി റിയാദിന്റെ സാംസ്കാരിക നഭസ്സിൽ എട്ടു വർഷം പൂർത്തിയാക്കുകയാണ് നീതു നിധിൻ എന്ന കലാകാരി. പ്രവാസ വേദികളിൽ നാട്യകലകൾ അവതരിപ്പിച്ചും പുതിയ തലമുറക്ക് നൃത്തച്ചുവടുകൾ പകർന്നു നൽകിയും അരങ്ങിലും അണിയറയിലും സജീവമാണ് പാലക്കാട് ജില്ലയിലെ ഈ കൊടുന്തിരപ്പുള്ളി സ്വദേശിനി. ‘മൗലിക ഡാൻസ് അക്കാദമി’ എന്ന പരിശീലനക്കളരി നടത്തിയും ഇന്ത്യൻ എംബസി, വിവിധ സാംസ്കാരിക കൂട്ടായ്മകൾ എന്നിവയുടെ വേദികളിൽ നൃത്തപരിപാടികൾ അവതരിപ്പിച്ചും കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഊർജം നൽകുന്നു.
ഇലക്ട്രോണിക്സ് ആൻഡ് കമ്യുണിക്കേഷനിൽ ബി-ടെക് ബിരുദധാരിയായ നീതുവിന് ചെറുപ്പം തൊട്ടേ നൃത്തത്തോട് അഭിനിവേശമായിരുന്നു. സ്കൂൾ, കോളജ് വിദ്യാഭ്യാസത്തോടൊപ്പം നൃത്തപഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.18 വർഷം ശാസ്ത്രീയമായി തന്നെ നൃത്തം അഭ്യസിച്ചു. അതൊരു ഉപാസനയായി സ്വീകരിച്ചു. ഇന്നും ആ പഠനം തുടരുന്നതായും അവർ പറയുന്നു. ഭാരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം, നാടോടി നൃത്തം എന്നീ ഇനങ്ങളിൽ ഗുരുക്കന്മാരായ പ്രമോദ്, രങ്കനായകി, മുരളി എന്നിവരുടെ കീഴിലാണ് പ്രാവീണ്യം നേടിയത്.
2004 മുതൽ 2007 വരെ കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭാരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം എന്നീ കലാരൂപങ്ങളിൽ ജേതാവായിട്ടുണ്ട്. പാലക്കാട് ജില്ലാ കലാതിലകം പട്ടവും ‘സ്വരലയ’ ഡാൻസ് മത്സരത്തിലെ കിരീടവും നീതുവിന്റെ കലാജീവിതത്തിലെ മറക്കാനാവാത്ത മുദ്രകളാണ്. പഠനശേഷം ചെന്നൈയിൽ ടെക്നോക്രാറ്റ് ഓട്ടോമെഷീൻ എന്ന കമ്പനിയിൽ ആപ്ലിക്കേഷൻ എൻജിനീയറായി ആറേഴ് മാസക്കാലം ജോലി ചെയ്തുവെങ്കിലും വിവാഹം നടന്നതിനെത്തുടർന്നു ജോലി രാജിവെച്ച് ഭർത്താവിന്റെ കൂടെ റിയാദിലേക്കു വരുകയായിരുന്നു.
അടുത്തവർഷം തന്നെ തന്റെ ഏറ്റവും വലിയ അഭിലാഷമായ നൃത്തവേദിക്ക് ‘മൗലിക ഡാൻസ് അക്കാദമി’യിലൂടെ അരങ്ങൊരുങ്ങുകയായിരുന്നു. എട്ടു വർഷമായി നാലു ബാച്ചുകളിലായി നൂറിലധികം കുട്ടികൾ ഈ കലാക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങി. ഇപ്പോൾ 50ലധികം വിദ്യാർഥികൾക്ക് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം, സിനിമാറ്റിക്, സെമി ക്ലാസിക്കൽ ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. വളരെ ആവേശവും താൽപര്യവുമാണ് കുട്ടികൾക്ക്. അവർക്ക് അക്കാദമികമായ കാര്യങ്ങൾ ക്ലാസിൽ കൊടുക്കുന്നതോടൊപ്പം വിവിധ വേദികളിൽ നൈപുണ്യം ആർജിക്കാനുള്ള അവസരവും നൽകുന്നു. ആഘോഷ വേളകൾക്കനുസരിച്ച് കൊറിയോഗ്രഫി നടത്തുമ്പോൾ സാധാരണ ജനങ്ങൾക്കു മനസ്സിലാവുന്ന ശൈലിയാണ് സ്വീകരിക്കാറുള്ളതെന്ന് നീതു പറഞ്ഞു. ‘എന്നാൽ പക്കാ ക്ലാസിക്കൽ ഇനങ്ങളിൽ ഇതു സാധ്യമല്ല. സെമി ക്ലാസിക്കൽ ഡാൻസുകളിൽ കണ്ടമ്പറിയായുള്ള വിഷയങ്ങളും ക്ലാസിക്കിലെ മുദ്രകളും ശൈലികളും സമന്വയിപ്പിക്കാറുണ്ട്'.
‘കുടുംബത്തിൽ അച്ഛൻ തൽപരനായിരുന്നെങ്കിലും അമ്മയും അച്ഛച്ചനുമാണ് തനിക്ക് വഴികാട്ടിയതും പ്രോത്സാഹനം നൽകിയതും. അമ്മക്ക് സംഗീതാഭിരുചിയുണ്ടായിരുന്നു. എന്നാൽ അച്ഛച്ചൻ വലിയ നാടകക്കാരനായിരുന്നു. നെടുമുടി വേണുവും ശ്യാമപ്രസാദുമൊക്കെ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. അദ്ദേഹമാണ് നൃത്തത്തിന്റെ പിന്നിലെ വൈജ്ഞാനികമായ ഒട്ടേറെ അറിവുകൾ തനിക്ക് ലഭ്യമാക്കിയത്’.
അരങ്ങേറ്റക്കാരായ ശിഷ്യകളോടൊപ്പം
വിവാഹശേഷം ഭർത്താവ് നിധിൻ തനിക്ക് വലിയൊരു കൂട്ടാണെന്നു നീതു പറഞ്ഞു. റിയാദിൽ അൽ മറാഇ കമ്പനിയിൽ ടെറിട്ടറി കസ്റ്റമർ സൂപ്പർ വൈസറാണ് അദ്ദേഹം. നാലു വയസ്സുകാരനായ നിഹിത് നിധിൻ ഏകമകനാണ്. റിയാദിലെ മലസിലാണ് താമസം. ഡാൻസ് അക്കാദമിയും അവിടെ തന്നെ. ‘ക്ലാസിക്കൽ നൃത്തങ്ങൾ പിന്തള്ളപ്പെടുന്നു എന്ന തോന്നൽ എനിക്കുണ്ട്. എന്നാൽ അടിസ്ഥാന അറിവിനായി ക്ലാസിക്കും ആത്മവിശ്വാസത്തിനും ആനന്ദലബ്ധിക്കുമായി മറ്റിനങ്ങളും പഠിക്കണമെന്നാണ് അഭിപ്രായമെന്നും നീതു നിധിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.