ജിദ്ദ: റിയാദിലെ എണ്ണ ശുദ്ധീകരണ ശാലക്ക് നേരെ ഡ്രോൺ ആക്രമണം. വ്യാഴാഴ്ച പുലർച്ചെയാണ് വിദൂര നിയന്ത്രിത പൈലറ്റില്ലാ വിമാനത്തിന്‍റെ സഹായത്തോടെ എണ്ണ ശുദ്ധീകരണശാലയെ ആക്രമിക്കാനുള്ള ശ്രമമുണ്ടായതെന്ന് സൗദി ഊർജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്‍റെ ഫലമായി നേരിയ തീപിടുത്തമുണ്ടായെങ്കിലും നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കോ മരണമോ ഉണ്ടായിട്ടില്ല.
ശുദ്ധീകരണ ശാലയുടെ പ്രവർത്തനത്തേയൊ പെട്രോളിയത്തിന്‍റെയും അനുബന്ധ ഉൽപന്നങ്ങളുടെയും വിതരണത്തെയോ ആക്രമണം ബാധിച്ചിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഭീരുത്വം നിറഞ്ഞ ഈ ആക്രമണത്തെ രാജ്യം ശക്തമായി അപലപിക്കുന്നു. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ സുപ്രധാന സ്ഥാപനങ്ങൾക്കും സിവിലിയൻ വസ്തുക്കൾക്കുമെതിരെ ആവർത്തിച്ച് നടക്കുന്ന അട്ടിമറികളും തീവ്രവാദ പ്രവർത്തനങ്ങളും രാജ്യത്തെ മാത്രം ലക്ഷ്യമിടുന്നതല്ല.
ലോകത്തിലെ ഊർജ വിതരണത്തിന്‍റെ സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താനും ആഗോള സമ്പദ് വ്യവസ്ഥയെ തകർക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണിത്. ഈ അട്ടിമറികൾക്കും ഭീകരാക്രമണങ്ങൾക്കും എതിരെ നിലകൊള്ളാനും അതിന് പിന്നിലുള്ള ശക്തികളെയും അവർക്ക് പിന്തുണ നൽകുന്നവരെയും നേരിടാനും ലോകത്തെ എല്ലാ രാജ്യങ്ങളോടും സംഘടനകളോടും സൗദി അറേബ്യ ആവർത്തിച്ചു ആവശ്യപ്പെടുന്നുവെന്നും ഊർജ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.