ഡ്രൈ ഫ്രൂട്‌സ് എന്ന വ്യാജേന മയക്കുമരുന്ന്; മലയാളികളടക്കം നാല് ഇന്ത്യക്കാർ പിടിയിൽ

റിയാദ്: ഡ്രൈ ഫ്രൂട്‌സ് എന്ന വ്യാജേന വിസ ഏജന്റ് കൊടുത്ത പൊതിയുമായി റിയാദിലെത്തിയ തമിഴ്നാട്ടുകാരനും ഏറ്റുവാങ്ങാനെത്തിയ മൂന്ന് മലയാളികളും പിടിയിൽ. ബംഗളൂരുവിൽനിന്നാണ് ഏജന്റ് തമിഴ്നാട്ടുകാരനെ പൊതി ഏൽപിച്ചത്. അയാൾ റിയാദിൽ ഇറങ്ങിയപ്പോൾ വിമാനത്താവളത്തിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഏറ്റുവാങ്ങാനെത്തിയ മലയാളികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

മുമ്പ് അബഹയിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഫൈനൽ എക്‌സിറ്റിൽ പോയി പുതിയ വിസയിൽ വരുമ്പോഴാണ് ഏജന്റിന്റെ ചതിയിൽപെട്ടത്. ടിക്കറ്റും പാസ്‌പോർട്ടും ബംഗളൂരുവിലെ ഓഫിസിലാണുള്ളതെന്നും അവിടെപ്പോയി അതുവാങ്ങി റിയാദിലേക്ക് പോയാൽ മതിയെന്നും വിസ ഏജന്റ് പറയുകയായിരുന്നു. തുടർന്ന് ഓഫിസിലെത്തിയ അദ്ദേഹത്തിന് ടിക്കറ്റും പാസ്‌പോർട്ടും നൽകിയപ്പോൾ ഡ്രൈ ഫ്രൂട്‌സ് എന്ന പേരിൽ ഒരു പാക്കറ്റും നൽകിയിരുന്നു. ഡ്രൈ ഫ്രൂട്‌സ് സ്വീകരിക്കാൻ റിയാദിൽ ആളെത്തുമെന്നും പറഞ്ഞു. റിയാദ് വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിലാണ് ഇത് മയക്കുമരുന്നാണെന്ന് വ്യക്തമായത്. തുടർന്ന് മയക്കുമരുന്ന് സ്വീകരിക്കാനെത്തിയ പെരിന്തൽമണ്ണ സ്വദേശികളായ മൂന്നുപേരും പൊലീസ് പിടിയിലായി. എല്ലാവരും ഇപ്പോൾ ജയിലിലാണ്.

അതേസമയം തമിഴ്‌നാട് സ്വദേശിയെ ഏജന്റ് വഞ്ചിച്ചതാണെന്നും ഇദ്ദേഹത്തെ മോചിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ കുടുംബം ചെന്നൈ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു.

സൗദിയിൽ മയക്കുമരുന്ന് കേസിൽ പിടിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണ്. അൽഅഹ്സ ജയിലിൽ 20 പേരാണ് മയക്കുമരുന്ന് കേസിൽ കഴിയുന്നത്. എല്ലാവരും ട്രക്ക് ഡ്രൈവര്‍മാരാണ്. റിയാദ് ജയിലിൽ മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട രണ്ട് ഇന്ത്യക്കാർക്ക് കഴിഞ്ഞ ദിവസം 30 വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. 

Tags:    
News Summary - Drugs disguised as dry fruits; Four Indians including Malayalis arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.