മക്ക: റമദാനിൽ മക്ക മസ്ജിദുൽ ഹറാമിലെ കഅബയ്ക്ക് ചുറ്റുമുള്ള മതാഫും (പ്രദക്ഷിണ മുറ്റം) അതിനോട് ചേർന്നുള്ള പള്ളിയുടെ ഭാഗവും ഉംറ തീർഥാടകർക്ക് മാത്രമായിരിക്കുമെന്ന് പൊതുസുരക്ഷ മേധവാവി ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസ്സാമി വ്യക്തമാക്കി. നമസ്കരിക്കാനെത്തുന്നവർ തീർഥാടകർക്കായി പരിമിതപ്പെടുത്തിയ ഈ ഭാഗത്തേക്ക് പ്രവശേിക്കരുത്. തീർഥാടകരും നമസ്കരിക്കാനെത്തുന്നവരും ഇവിടെ നിശ്ചയിച്ചിട്ടുള്ള മുഴുവൻ നിയമങ്ങളും സുരക്ഷാനിർദേശങ്ങളും കർശനമായി പാലിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. റമദാനിലെ ഉംറ സുരക്ഷാപദ്ധതി വിശദീകരിക്കുന്നതിനായി മക്കയിൽ ഉംറ സുരക്ഷാ സേനാമേധാവികളോടൊപ്പം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വകുപ്പുകളുമായും എല്ലാവരും സഹകരിക്കണം.
ഒന്നാം നിലയുടെയും മേൽക്കൂരയുടെയും ഒരു ഭാഗം ഉംറ തീർഥാടകർക്കായി നിശ്ചയിച്ചിട്ടുണ്ട്. പള്ളിയോട് ചേർന്നുള്ള ‘സൗദി മൂന്നാം വികസന ഭാഗം’, പുറം മുറ്റങ്ങൾ, മേൽക്കൂരയുടെ ഒരു ഭാഗം എന്നിവിടങ്ങളിൽ മറ്റുള്ളവർക്ക് നമസ്കാരത്തിനുള്ള സൗകര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ വർഷവും മുൻ സീസണുകളിലെ പ്ലാനുകൾ അവലോകനം ചെയ്യുകയും എല്ലാ ഫീൽഡ് റിപ്പോർട്ടുകളും പഠിക്കുകയും പുതിയ സീസണിെൻറ ആവശ്യകതകൾക്കനുസൃതമായി പ്രവർത്തനപദ്ധതികൾ വിലയിരുത്തുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബസ്, ടാക്സി, ട്രെയിൻ സ്റ്റേഷനുകളുടെ പ്രവർത്തനം ഈ പദ്ധതിയിലെ ഒരു പ്രധാന ഭാഗമാണ്. മസ്ജിദുൽ ഹറാമിന് സമീപം, ഒന്നും രണ്ടും മൂന്നും റിങ് റോഡ്, മക്ക പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ പൊതുഗതാഗത സ്റ്റേഷനുകളുണ്ട്. മൂന്നാം സൗദി വിപുലീകരണത്തിനും മതാഫ് പദ്ധതിക്കും ഇടയിലുള്ള ഇടനാഴി തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിന് തുറന്നതായും അദ്ദേഹം പറഞ്ഞു. നമസ്‌കാര സമയത്ത്, പ്രത്യേകിച്ച് തറാവിഹ്, തഹജ്ജുദ് സമയങ്ങളിൽ ജനക്കൂട്ടത്തിെൻറ സുരക്ഷ ഉറപ്പാക്കാൻ പ്രവേശന, എക്സിറ്റ് പാതകളിൽ നിയന്ത്രണമുണ്ടാകും.
ഭിക്ഷാടനം, തീർഥാടകരുടെയും വിശ്വാസികളുടെയും സഞ്ചാരം തടസ്സപ്പെടുത്തും വിധം ആളുകളുടെ കിടത്തം എന്നിവ തടയും. അത് നിരീക്ഷിക്കാനും തടയാനും പ്രത്യേക സംഘങ്ങളുണ്ടാകും. പോക്കറ്റടി പോലുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് ഫീൽഡ് സെക്യൂരിറ്റി സാന്നിധ്യം ശക്തമാക്കും. ദൈവത്തിെൻറ അതിഥികളെ സ്വീകരിക്കാൻ എയർ, സീ, ലാൻഡ് പോർട്ടുകളിൽ പാസ്‌പോർട്ട് വിഭാഗം പൂർണ സജ്ജമാണെന്ന് പാസ്‌പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഡേ. സ്വാലിഹ് അൽമുറബഅ് പറഞ്ഞു. വ്യാജരേഖ കണ്ടെത്തുന്നതിന് ആധുനിക സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
വായു, കര, കടൽ തുറമുഖങ്ങളിൽ നിരവധി ഭാഷകൾ സംസാരിക്കാൻ കഴിവുള്ള യോഗ്യരായ ഉദ്യോഗസ്ഥരുണ്ട്. തീർഥാടകർക്ക് ഉടനടി സേവനം നൽകുന്നതിന് 137 ഭാഷകൾ വേഗത്തിൽ വിവർത്തനം ചെയ്യുന്ന ഉപകരണങ്ങൾ പാസ്‌പോർട്ട് കൗണ്ടറുകളിലുണ്ട്. ഇതിലൂടെ വേഗത്തിൽ തീർഥാടകർക്ക് വിവിധ ഭാഷകളിൽ വിവരങ്ങളും ബോധവൽക്കരണ സന്ദേശങ്ങളും നൽകാൻ സാധിക്കുന്നുണ്ടെന്നും പാസ്‌പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
തീർഥാടകരുടെ താമസകേന്ദ്രങ്ങളിൽ സുരക്ഷ, അഗ്നിബാധ തടയൽ നിബന്ധനകൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനും റജബ്, ശഅബാൻ മാസങ്ങളിൽ പര്യടനം നടത്തിയതായി സിവിൽ ഡിഫൻസ് ആക്ടിങ് ഡയറക്ടർ മേജർ ജനറൽ ഹമ്മൂദ് അൽഫറജ് പറഞ്ഞു. തീർഥാടകർ കൂടുതലായി എത്തുന്ന എല്ലാ സ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും റോഡുകളിലും ആസ്ഥാനങ്ങളിലും സിവിൽ ഡിഫൻസ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അൽഫറജ് പറഞ്ഞു.
umra scurity force press meet
ഫോട്ടോ: പൊതുസുരക്ഷ മേധവാവിയും ഉംറ സുരക്ഷാ സേനാമേധാവികളും വാർത്താസമ്മേളനത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.