റിയാദ്: ഇ-സ്പോർട്സ് കളിക്കാരെയും ആരാധകരെയും ഒരുമിച്ച് കൊണ്ടുവരാനുള്ള ലക്ഷ്യമാണ് ലോകകപ്പിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് സൗദി ഇലക്ട്രോണിക് സ്പോർട്സ് ഫെഡറേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ സുൽത്താൻ പറഞ്ഞു. ഇ-സ്പോർട്സ് ലോകകപ്പ് ഉദ്ഘാടനത്തിന് മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ലോകകപ്പ് ഇ-സ്പോർട്സ് കമ്യൂണിറ്റിയുടെ ശ്രദ്ധ ആകർഷിക്കുന്നതാകും. ഇതിന്റെ സ്വാധീനം വരും ആഴ്ചകളിൽ കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. ഇ-സ്പോർട്സ് മേഖലയിൽ ചരിത്രത്തിൽ അഭൂതപൂർവമായ അനുഭവം ഈ ലോകകപ്പ് നൽകുമെന്ന് ഞങ്ങൾക്കെല്ലാം ഉറപ്പുണ്ടെന്നും അമീർ ഫൈസൽ ബിൻ ബന്ദർ പറഞ്ഞു. ഇ-സ്പോർട്സ് ലോകകപ്പ് അന്താരാഷ്ട്ര സമൂഹത്തെ ഒന്നിപ്പിക്കുന്ന അസാധാരണമായ ആഘോഷമാണെന്ന് ഇ-സ്പോർട്സ് വേൾഡ് കപ്പ് ഫൗണ്ടേഷൻ സി.ഇ.ഒ റാൾഫ് റീച്ചർട്ട് പറഞ്ഞു. ഇത് ഇ-സ്പോർട്സ് വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുകയും മുഴുവൻ മേഖലയിലുടനീളമുള്ള വളർച്ചയും സുസ്ഥിരതയും വർധിപ്പിക്കുകയും ചെയ്യും. കായികരംഗത്ത് പുതിയ ചക്രവാളങ്ങളും സാധ്യതകളും തുറക്കുന്നതിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു. മികച്ച ഇ-സ്പോർട്സ് ക്ലബുകളും അത്ലറ്റുകളും ലോകത്തിലെ ഏറ്റവും മികച്ച ഗെയിമുകളിൽ പ്രധാന സമ്മാനങ്ങൾക്കായി മത്സരിക്കുന്നതും ഇ-സ്പോർട്സ് ലോകകപ്പ് എന്ന നിലയിൽ ആദ്യത്തെ ക്ലബിനെ കിരീടമണിയിക്കുന്നതും കാണുന്നതിൽ ഞാൻ വളരെ ആവേശത്തിലാണെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.