ദമ്മാം: കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ്. വ്യാഴാഴ്ച രാത്രിയോടെ ആരംഭിച്ച പൊടിക്കാറ്റിന് വെള്ളിയാഴ്ച്ചയും പ്രവിശ്യയുടെ പലഭാഗങ്ങളിലും ശമനമായില്ല. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ശക്തി പ്രാപിക്കുന്ന പൊടിക്കാറ്റിെൻറ പശ്ചാത്തലത്തിൽ, കുട്ടികൾ, പ്രായമായവർ, ശ്വസന സംബന്ധമായ അസുഖമുള്ളവർ തുടങ്ങിയവരൊന്നും പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. സൗദിയുടെ പലഭാഗങ്ങളിൽ വീശിയടിച്ച പൊടിക്കാറ്റിൽ വ്യോമഗതാഗതത്തിന് തടസ്സം നേരിട്ടതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് നവാഫ് അൽശരീഫ് പറഞ്ഞു.
മരുപ്രദേശങ്ങളിൽ അതിരൂക്ഷമായ പൊടിക്കാറ്റ് മണിക്കൂറിൽ 60 കിലോമീറ്ററോളം വേഗത്തിലാണ് വീശിയടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗതാഗത സംവിധാനങ്ങളെയും വിപണിയെയും പൊടിക്കാറ്റ് സാരമായി ബാധിച്ചു. നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും വീശിയടിച്ച പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കി.വേനൽക്കാലം കൂടുതൽ തീക്ഷ്ണമാവുന്ന സൂചനയോടെ വരുന്ന പൊടിക്കാറ്റ് പലപ്പോഴും മഴയുടെ അകമ്പടിയോടെ പിൻവാങ്ങാറാണ് പതിവ്. എന്നാൽ, രണ്ടാം ദിവസവും പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് ശക്തിപ്രാപിക്കുകയാണ്.
വ്യാഴാഴ്ച്ച ഹഫറുൽ ബാത്വിൻ, വടക്കൻ മേഖലകൾ എന്നിവിടങ്ങളിൽ നിന്നാരംഭിച്ച പൊടിക്കാറ്റ് വെള്ളിയാഴ്ച്ചയോടെയാണ് ദമ്മാം ഭാഗത്ത് ശക്തി പ്രാപിച്ചത്. ദൂരക്കാഴ്ച തടസ്സപ്പെട്ട് നിരവധി വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊടിക്കാറ്റ് പുറം തൊഴിൽ ചെയ്യുന്നവരെയും യാത്രക്കാരെയുമാണ് ഏറെ വലച്ചത്. ദമ്മാം, ജുബൈൽ, അൽഖോബാർ എന്നിങ്ങനെ ഒട്ടുമിക്ക പ്രദേശങ്ങളിലും പൊടിക്കാറ്റുണ്ടായിരുന്നു.
കാഴ്ചയുടെ ദൂരപരിധി വളരെ കുറവായതിനാൽ വാഹനങ്ങൾ വേഗം നിയന്ത്രിച്ചാണ് സഞ്ചരിച്ചത്. മേഖലയില്‍ കാറ്റുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പും സിവില്‍ ഡിഫന്‍സും മുന്നറിയിപ്പ് നല്‍കിയിരുന്നു.ട്രാഫിക്, സിവില്‍ ഡിഫന്‍സ്, റെഡ്ക്രസൻറ്, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ ജാഗ്രത പുലർത്തുകയും ആവശ്യമായ മുന്‍കരുതലെടുക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും പൊടിക്കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.