ജിദ്ദ: ഹ്രസ്വ സന്ദർശനാർഥം ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്തഹ് അൽസിസി റിയാദിലെത്തി. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു. റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ്, സ്റ്റേറ്റ് മന്ത്രി ഡോ. ഇസാം ബിൻ സഅദ്, ഈജിപ്തിലെ സൗദി അംബാസഡർ ഉസാമ നഖ്ലി, സൗദിയിലെ ഈജിപ്ത് അംബാസഡർ അഹമദ് ഫാറൂഖ് എന്നിവരും വിമാത്താവളത്തിൽ സ്വീകരണത്തിനെത്തി.
അബ്ദുൽ ഫത്തഹ് അൽസിസി വിമാനത്തിൽ നിന്ന് ഇറങ്ങിയ ഉടൻ സൗദി എയർഫോഴ്സ് വിമാനങ്ങൾ (സൗദി ഫാൽകൺസ്) എയർഷോ നടത്തി ആകാശത്ത് ഈജിപ്ഷ്യൻ പതാകയുടെ നിറങ്ങൾ വരച്ചു. വിമാനത്താവളത്തിലെ റോയൽ ടെർമിനലിൽ അൽപനേരം വിശ്രമിച്ചതിന് ശേഷം കിരീടാവകാശിക്കൊപ്പം ഈജിപ്ഷ്യ പ്രസിഡന്‍റ് രാജാവിന്‍റെ കൊട്ടാരത്തിന്‍റെ അനുബന്ധമായ റോയൽ കോർട്ടിലേക്ക് പോയി.
ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്രി, പ്രസിഡൻഷ്യൻ ഓഫീസ് ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ അഹമദ് മുഹമ്മദ് അലി, രഹസ്യാന്വേഷണ വിഭാഗം മേധാവി മേജർ ജനറൽ അബ്ബാസ് കാമിൽ, പ്രസിഡൻഷ്യൻ ഓഫീസ് ഡയറക്ടർ മേജർ ജനറൽ മുഹ്സിൻ അലി, റിപ്പബ്ലിക്കൻ ഗാർഡ് തലവൻ മേജർ ജനറൽ മുസ്തഫ ശൗഖത്ത് എന്നിവരും അബ്ദുൽ ഫത്തഹ് അൽസിസിയെ അനുഗമിച്ച് റിയാദിലെത്തിയിട്ടുണ്ട്. ഉഭയകക്ഷി ചർച്ചകളും വിവിധ കൂടിക്കാഴ്ചകളുമെല്ലാം വരും മണിക്കൂറുകളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.