ജിദ്ദ: 13 വർഷത്തിനു ശേഷം തങ്ങളെ വേർപെടുത്തിയ ഡോക്ടറെ കാണാൻ സയാമീസ് ഇരട്ടകൾ റിയാദിലെത്തി. 13 വർഷം മുമ്പ് റിയാദിലെ ആശുപത്രിയിൽ വേർപെടുത്തൽ ശസ്ത്രക്രിയക്ക് വിധേയരായ ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളായ ഹസനും മഹ്മൂദുമാണ് കിങ് സൽമാൻ റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) ജനറൽ സൂപ്പർവൈസറും സയാമീസ് ശസ്ത്രക്രിയ സംഘം മേധാവിയുമായ ഡോ. അബ്ദുല്ല അൽ റബീഅയെ കാണാനെത്തിയത്.
റിയാദിലെ കെ.എസ് റിലീഫ് കേന്ദ്രം ആസ്ഥാനത്ത് വെച്ചാണ് ഹസനും മഹ്മൂദും അവരുടെ കുടുംബാംഗങ്ങളും ഡോ. റബീഅയെ കണ്ടത്. 2009ൽ റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സെൻററിലാണ് കുടലിലും മൂത്രസഞ്ചിയിലും ജനനേന്ദ്രിയത്തിലും പെൽവിസിലും ഒട്ടിച്ചേർന്നിരുന്ന ഇരുവരെയും വേർപ്പെടുത്തുന്നതിനുള്ള വിജയകരമായ ശസ്ത്രക്രിയ നടന്നത്.
ലോകമെമ്പാടുമുള്ള എല്ലാ ദരിദ്രരുടെയും ദുരിതബാധിതരുടെയും തണലായി സൗദി അറേബ്യ നിലനിൽക്കുമെന്ന് ഡോ. റബീഅ പറഞ്ഞു. മനുഷ്യൻ എവിടെയായിരുന്നാലും അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനുള്ള സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശങ്ങൾ ഉൾക്കൊണ്ട് രാജ്യത്തിന്റെ മഹത്തായ മാനുഷിക ശ്രമങ്ങളുടെ വിപുലീകരണമാണ് സയാമീസ് വേർപെടുത്തൽ ശസ്ത്രക്രിയ പദ്ധതി.
തങ്ങളുടെ രണ്ട് ആൺമക്കളെ വേർപെടുത്തുന്നതിനും ചികിത്സിക്കുന്നതിനും ആവശ്യമായ ശ്രമങ്ങൾ നടത്തിയ കാര്യക്ഷമതക്കും പ്രഫഷനലിസത്തിനും പേരുകേട്ട സൗദി മെഡിക്കൽ സംഘത്തിന് ഈജിപ്ഷ്യൻ ഇരട്ടകളുടെ മാതാപിതാക്കൾ നന്ദിയും കടപ്പാടും അറിയിച്ചു. ശസ്ത്രക്രിയയുടെ ഫലമായി കുട്ടികളുടെ ആരോഗ്യനില ക്രമാനുഗതമായി മെച്ചപ്പെട്ടു.
സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും സയാമീസ് വേർപെടുത്തൽ ശസ്ത്രക്രിയ പദ്ധതിക്ക് നൽകിവരുന്ന പിന്തുണയെ മാതാപിതാക്കൾ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.