ദമ്മാം: വരുന്ന തെരഞ്ഞെടുപ്പിന് വേണ്ടി കോൺഗ്രസ് പ്രവർത്തകർ ഒരുങ്ങണമെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിടണമെന്നും കോൺഗ്രസ് നേതാവ് അഡ്വ. ബിന്ദു കൃഷ്ണ. ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി വാർഷികാഘോഷം ‘കൊല്ലപ്പകിട്ട് 2025’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരളത്തിൽ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തി നാടിനെ സംരക്ഷിക്കുന്നവരാണ് പ്രവാസികൾ. ഒ.ഐ.സി.സിയുടെ പ്രവർത്തന രീതികൾ അഭിനന്ദനീയവും മാതൃകാപരവുമാണ്.
കോൺഗ്രസ് പാർട്ടിക്കായി നിസ്തുല സേവനം ചെയ്യുന്ന ഒ.ഐ.സി.സി പ്രവർത്തകരെ അതത് കോൺഗ്രസ് പാർട്ടി ഘടകങ്ങളിൽ ഉൾക്കൊള്ളിക്കാനുള്ള ശ്രമം നടത്തുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. വരുന്ന തദ്ദേശ സ്വയംഭരണ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ കേരളം ചർച്ച ചെയ്യുന്ന വലിയ വിജയം കൊല്ലം ജില്ലയിൽ കോൺഗ്രസും യു.ഡി.എഫും നേടിയെടുക്കും അവർ കൂട്ടിച്ചേർത്തു.
സംസ്കാരിക സമ്മേളനത്തിൽ ജില്ല പ്രസിഡൻറ് സുരേഷ് റാവുത്തർ അധ്യക്ഷത വഹിച്ചു. റീജനൽ കമ്മിറ്റി പ്രസിഡൻറ് ഇ.കെ. സലിം ഉദ്ഘാടനം ചെയ്തു. സൗദി നാഷനൽ പ്രസിഡൻറ് ബിജു കല്ലുമല മുഖ്യപ്രഭാഷണം നിർവഹിച്ചു. സൂഫിയ ഷിനാസ് അഡ്വ. ബിന്ദു കൃഷ്ണയെ സദസ്സിന് പരിചയപ്പെടുത്തി. ഗ്ലോബൽ കമ്മിറ്റി പ്രതിനിധി ഹനീഫ റാവുത്തർ, റീജനൽ കമ്മിറ്റി, സംഘടന ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, റീജനൽ വൈസ് പ്രസിഡൻറ് ഡോ. സിന്ധു ബിനു, റീജനൽ വനിതവേദി പ്രഡിഡൻറ് ലിബി ജെയിംസ്, കൊല്ലം ജില്ല വനിത വേദി പ്രതിനിധി മെർലിൻ ലെനി എന്നിവർ സംസാരിച്ചു.
ദീർഘകാല സേവനം നടത്തിയ കൊല്ലം ജില്ല ഒ.ഐ.സി.സിയുടെ മുതിർന്ന നേതാക്കളായ സലിം ചാത്തന്നൂർ, റഷീദ് പത്തനാപുരം, ജില്ലയിൽനിന്നും ആരോഗ്യമേഖലയിൽ പ്രശംസനീയ സേവനം നടത്തുന്ന ശൈലജ മജ്റൂഫ്, ബിനു ബിജു കലയപുരം, വിദ്യാഭ്യാസ മേഖലയിൽ കൈയൊപ്പ് ചാർത്തിയ മെർലിൻ ലെനി വൈദ്യൻ എന്നിവരെ അഡ്വ. ബിന്ദു കൃഷ്ണ ഫലകം നൽകി ആദരിച്ചു.
സൗദി പൗരന്മാരായ അബ്ദുല്ല അമ്രി, റമദാൻ എന്നിവർ പരിപാടിയിൽ ആദ്യവസാനം വരെ പങ്കെടുക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. ബുർഹാൻ ലബ്ബ, ഇജാസ്, ബിജു കൊല്ലം, മജ്റൂഫ്, അനസ് ബഷീർ, അൻസാരി അബ്ദുൽ വാഹിദ്, ലെനി തോമസ് വൈദ്യൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നൗഷാദ് തഴവ, സന റാവുത്തർ എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു. ജനറൽ സെക്രട്ടറി ഷിനാസ് സിറാജ് സ്വാഗതവും ട്രഷറർ ഷാനവാസ് ഖാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.