റിയാദ്: പക്ഷാഘാതം വീഴ്ത്തിയ മലയാളിയെ സൗദിയിലെ ആശുപത്രിയിൽ ഒരു മാസത്തിലേറെ നീണ്ട പരിചരണങ്ങളിലൂടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി നാട്ടിലെത്തിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ചന്ദ്രശേഖരനെ അതുവരെ സ്വന്തംബന്ധുക്കളെ പോലെ കരുതലേകി പരിചരിച്ചത് റിയാദിന് സമീപം ഹുറൈംല ജനറൽ ആശുപത്രിയിലെ മലയാളി നഴ്സുമാർ. റിയാദ് നഗരത്തിന് വടക്കുഭാഗമായ മൽഹമിൽ ഒരു സ്വകാര്യ കമ്പനിയിൽ പ്രൊഡക്ഷൻ ഡിസൈനിങ് സൂപ്പർവൈസറായി എട്ടു മാസം മുമ്പ് ജോലിക്കെത്തിയ ചന്ദ്രശേഖരൻ താമസസ്ഥലത്ത് കുഴഞ്ഞുവീണതിൽനിന്നാണ് തുടക്കം. സമയമേറെ കഴിഞ്ഞിട്ടും കാണാതിരുന്നതിനാൽ സുഹൃത്തുക്കൾ അന്വേഷിച്ച് വന്നപ്പോഴാണ് കുഴഞ്ഞുവീണു കിടക്കുന്നത് കണ്ടത്. പൊലീസിനെ അറിയിച്ച് കതക് തുറന്നപ്പോൾ ഒരു വശം തളർന്ന നിലയിൽ കട്ടിലിൽ കിടക്കുകയായിരുന്നു. ഉടൻ ഹുറൈംല ജനറൽ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സക്കായി ദറഇയ ജനറൽ ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. 10 ദിവസത്തെ ചികിത്സിക്കുശേഷം ഹുറൈംല ജനറൽ ആശുപത്രിയിലേക്ക് തന്നെ മാറ്റി.
വിവരമറിഞ്ഞ മകൾ ദുർഗ റിയാദിലെ കേളി കലാസാംസ്കാരിക വേദി സെക്രട്ടറിയെ വിളിച്ച് സഹായം തേടി. കേളി ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളൂർക്കര ദറഇയയിൽ പോയി ആശുപത്രിയിലെ വിവരങ്ങൾ വീട്ടുകാരെ അറിയിച്ചു. വിഡിയോ കാളിലൂടെ കാണാനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. മലപ്പുറം എടവണ്ണ സ്വദേശി അമീർ ആശുപത്രിയധികൃതരിൽനിന്ന് പ്രത്യേക അനുവാദം വാങ്ങി ദിവസവും ഭക്ഷണം എത്തിച്ചു.
ഹുറൈംല ജനറൽ ആശുപത്രിയിലേക്ക് വീണ്ടും മാറ്റി. ഒരു മാസത്തെ പരിചരണത്തിലൂടെ കാര്യമായ പുരോഗതി കൈവരിക്കാനായി. ദറഇയ ആശുപത്രിയിൽനിന്നും തീർത്തും വ്യത്യസ്തമായിരുന്നു ഹുറൈംലയിൽ ലഭിച്ച പരിചരണമെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. മലയാളികളായ നഴ്സുമാരുടെ കൃത്യതയാർന്ന കരുതൽ മാനസിക സംഘർഷം കുറച്ചെന്നും ഭക്ഷണവും മറ്റും കൃത്യസമയത്ത് കഴിപ്പിക്കാൻ അവർ സഹായിക്കുകയും നാട്ടിലെ ഭാര്യയും മകളുമായി നിരന്തരം ബന്ധപ്പെടുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തുതന്നെന്നും മരുന്നിനേക്കാൾ ഉപരി ലഭിച്ച പരിചരണമാണ് അസുഖം വേഗത്തിൽ ഭേദമാകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
യാത്രചെയ്യാനുള്ള ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്ന് തുടർ ചികിത്സക്കായി ചന്ദ്രശേഖരനെ നാട്ടിലെത്തിച്ചു. യാത്ര ചെയ്യാനുള്ള വീൽചെയർ രേഖകളും കൂടെ അനുഗമിക്കാനുള്ള യാത്രക്കാരെയും കേളി തരപ്പെടുത്തി. ടിക്കറ്റും ചന്ദ്രശേഖരന്റെ റൂമിലുള്ള വസ്ത്രങ്ങളും മറ്റും ആശുപത്രിയിലേക്ക് എത്തിക്കാമെന്ന് കമ്പനിയധികൃതർ ഏറ്റിരുന്നെങ്കിലും കൃത്യസമയത്ത് അതുണ്ടായില്ല. കാത്തിരുന്നിട്ടും കിട്ടാതിരുന്നതിനെ തുടർന്ന് നഴ്സുമാർ തന്നെ യാത്രക്കുള്ള വസ്ത്രങ്ങളും നൽകി. നസീർ മുള്ളൂർക്കരയാണ് എയർപോർട്ടിൽ എത്തിച്ചത്. കോട്ടയം സ്വദേശി നിതിൻ റിയാദിൽനിന്നും കൊച്ചി വിമാനത്താവളം വരെ അനുഗമിക്കുകയും ബന്ധുക്കളെ ഏൽപിക്കുകയും ചെയ്തു. കൊല്ലം എൻ.എസ് ആശുപത്രിയിലാണ് തുടർ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.