റിയാദ്: മുസ്ലിം സമൂഹം നേരിടുന്ന ആന്തരികവും ബാഹ്യവുമായ വെല്ലുവിളികളെ ഇസ്ലാമിക ആദർശത്തിന്റെ കരുത്തുകൊണ്ട് നേരിടാനും ഈ മാർഗത്തിൽ സ്വന്തം കഴിവുകൾ സമർപ്പിക്കാനും തയാറാകണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ പ്രവാസി സമൂഹത്തോട് അഭ്യർഥിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീറായി ചുമതലയേറ്റ ശേഷം ആദ്യമായി റിയാദിലെത്തിയ അദ്ദേഹം തനിമ സാംസ്കാരിക വേദി ഒരുക്കിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു.
കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മുസ്ലിം സമൂഹത്തിന്റെ വീടുകൾ, പള്ളികൾ, മദ്റസകൾ എന്നിവ ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയും അവരുടെ ചരിത്ര സ്മാരകങ്ങളും കൊടിയടയാളങ്ങളും നാമാവശേഷമാക്കുകയുമാണ്. സ്ഥലനാമങ്ങൾ മാറ്റിയും വിദ്യാഭ്യാസ നയങ്ങൾ പൊളിച്ചെഴുതിയും വഖഫ് സ്വത്തുക്കൾ കൈയേറിയും വംശീയതയുടെ ഉന്മാദലഹരിയിൽ ഫാഷിസം അഴിഞ്ഞാടുകയാണ്. മുസ്ലിം സമൂഹം ഇതിനെതിരെ പൊരുതാൻ ഒറ്റക്കെട്ടായി നിൽക്കണമെന്നും വംശീയവിരുദ്ധ നിലപാടുള്ളവരെ അണിനിരത്തണമെന്നും അമീർ ആവശ്യപ്പെട്ടു.
സാംസ്കാരിക ലിബറലിസം വീടിന്റെയും കുടുംബത്തിന്റെയും അകത്തളങ്ങളിലേക്ക് കയറിവന്നിരിക്കുന്നു. ജെൻഡർ ന്യൂട്രാലിറ്റിയും ഉദാര ലൈംഗികതയുടെ ഭാഗമായ ലിവിങ് ടുഗദറും കൺസെന്റും ഇന്ന് കേരളത്തിൽ നോർമലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. വിവാഹവും കുടുംബ ജീവിതവും ഭാരമാക്കി, ‘സ്വന്ത’ത്തിലേക്ക് ചുരുങ്ങുകയാണ്. അവനവന്റെ ആത്മസുഖത്തിലേക്ക് നയിക്കുന്ന പാശ്ചാത്യൻ സാംസ്കാരിക ജീർണതയുടെ വക്താക്കളായി മാറുന്നു.
ഇത്തരം ഭീഷണികളെ നേരിടാനും കുടുംബത്തിന്റെ വിശുദ്ധിയിലേക്ക് സാംസ്കാരിക ജീവിതത്തെ ചിട്ടപ്പെടുത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. തനിമ സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ് സിദ്ദീഖ് ജമാൽ അധ്യക്ഷത വഹിച്ചു.
തനിമ അഖില സൗദി പ്രസിഡൻറ് നജ്മുദ്ദീൻ, പ്രൊവിൻസ് വൈസ് പ്രസിഡന്റ് റഹ്മത്തെ ഇലാഹി നദ്വി എന്നിവർ സംബന്ധിച്ചു. തനിമ പ്രവർത്തകനായ ഹഫീസ് കോളക്കോടൻ രചിച്ച ‘സീക്കോ തെരുവ്’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം അമീർ നിർവഹിച്ചു.
സോണൽ പ്രസിഡൻറുമാരായ സദ്റുദ്ദീൻ കീഴ്ശ്ശേരി സ്വാഗതവും തൗഫീഖ്റഹ്മാൻ നന്ദിയും പറഞ്ഞു. പ്രൊവിൻസ് കമ്മിറ്റിയംഗം താജുദ്ദീൻ ഓമശ്ശേരി ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.