മക്ക: സൗദി റെഡ് ക്രസൻറ് അതോറിറ്റിയുടെ (എസ്.ആർ.സി.എ) മക്കയിലെ സേവന പ്രവർത്തനങ്ങൾ പ്രശംസനീയ നിലയിൽ തുടരുന്നു. 2024ൽ മക്കയിൽ അനുഷ്ഠിച്ച സേവന പ്രവർത്തനങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. മക്ക ഹറമിലും പരിസരങ്ങളിലും വിന്യസിച്ച റെഡ് ക്രസൻറ് വളന്റിയർമാരുടെ എണ്ണം 42,699 ആയി ഉയർന്നു. 24,502 പുരുഷ സന്നദ്ധപ്രവർത്തകരും 18,197 വനിത സന്നദ്ധ പ്രവർത്തകരുമാണ്. കഴിഞ്ഞ വർഷം ആകെ 3,821 സന്നദ്ധ സേവന പ്രവർത്തനങ്ങളാണ് നടത്തിയത്.
ഹജ്ജിനും ഉംറക്കും മക്കയിലെത്തുന്ന തീർഥാടകർക്ക് ഹറം പരിസരങ്ങളിൽ അടിയന്തര സേവന പ്രവർത്തനങ്ങൾ നടത്താൻ അതോറിറ്റി പ്രത്യേകം മുന്നൊരുക്കങ്ങൾ നടത്തി വരുന്നു. രാജ്യത്ത് നടക്കുന്ന ദേശീയ ഇവന്റുകൾ, അന്താരാഷ്ട്ര ദിനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികൾ, പ്രദർശന പരിപാടികൾ, സാമൂഹിക, കായിക, ആരോഗ്യ സന്നദ്ധസേവന പരിപാടികൾ നടക്കുന്ന ദിനങ്ങളിൽ അതോറിറ്റി വിവിധ സേവന പ്രവർത്തനങ്ങൾ നടത്തി.
വിവിധ പ്രദേശങ്ങളിൽ നിരവധി ആരോഗ്യ ബോധവത്കരണ പരിപാടികളും നടത്തി. ത്വാഇഫ്, ജിദ്ദ, ഖുൻഫുദ തുടങ്ങിയ പ്രദേശങ്ങളിൽ അതോറിറ്റി നിരവധി ബോധവത്കരണ കാമ്പയിനുകൾ സംഘടിപ്പിച്ചു. അതോറിറ്റിയുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകർക്കായി പ്രഥമ ശുശ്രൂഷയിൽ നിരവധി കോഴ്സുകളും നടത്തി. രാജ്യത്തെ ആരോഗ്യ മേഖലയിൽ വികസന പ്രക്രിയ മുന്നോട്ടുകൊണ്ടുപോകുന്നതിനും കുറ്റമറ്റ സുരക്ഷ സംവിധാനം ഒരുക്കുന്നതിനും സന്നദ്ധപ്രവർത്തനങ്ങളിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാവരിൽനിന്നും സഹകരണം തേടുകയാണെന്നും അതോറിറ്റി അറിയിച്ചു.
അതോറിറ്റിയുടെ ദൗത്യത്തിനും പ്രവർത്തനത്തിനും അനുസൃതമായി നിരവധി പരിശീലന പരിപാടികൾ സംഘടിപ്പിച്ച് യോഗ്യരാക്കുന്നതിലൂടെ സന്നദ്ധപ്രവർത്തകരെ കൂടുതൽ രംഗത്തിറക്കാൻ പദ്ധതികൾ ആവിഷ്കരിച്ചുവരുകയാണ്. ആരോഗ്യം, മാനുഷികസഹായം, കായികം, പരിസ്ഥിതി അവബോധം എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ സന്നദ്ധപ്രവർത്തനം നടത്തുന്നു. വളന്റിയറാവാൻ താൽപര്യമുള്ളവരിൽനിന്ന് അതോറിറ്റിയുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി മക്ക മേഖലയിലെ താമസക്കാരിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.