റിയാദ്: ദമ്മാമിലും ഖത്വീഫിലും പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ബസ് സർവിസ് ആരംഭിച്ചു. കിഴക്കൻ പ്രവിശ്യ മുനിസിപ്പാലിറ്റിയും സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിയുമായി സഹകരിച്ച് ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി ബുധനാഴ്ചയാണ് സർവിസിന് തുടക്കംകുറിച്ചത്. രാജ്യത്ത് ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്നതിന്റെ വിപുലീകരണമായാണിത്. ആദ്യം ജിദ്ദയിലും പിന്നീട് മദീനയിലും പരീക്ഷണമായി ഇലക്ട്രിക് ബസുകൾ ഓടിച്ചിരുന്നു.
എല്ലാ നഗരങ്ങളിലെയും ജനങ്ങളുടെ ജീവിതാവശ്യങ്ങൾ സുഗമമാക്കാൻ പൊതുഗതാഗതം അത്യന്താപേക്ഷിതമാണെന്നും അത് പരിസ്ഥിതി സൗഹൃദമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇലക്ട്രിക് ബസുകൾ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നതെന്നും ഇത് ജീവിത നിലവാരം ഉയർത്തുമെന്നും പൊതുഗതാഗത അതോറിറ്റി ആക്ടിങ് മേധാവി ഡോ. റുമൈഹ് അൽറുമൈഹ് പറഞ്ഞു. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ബസുകളാണ് സർവിസിനായി ഉപയോഗിക്കുന്നത്. സമ്പൂർണ കാർബൺരഹിതവും ശബ്ദ മലിനീകരണമില്ലാത്തതുമാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരീക്ഷണ ഒാട്ടം വിലയിരുത്തുകയും യാത്രക്കാരുടെ അഭിപ്രായം തേടുകയും ചെയ്യും. അതിനുശേഷം രാജ്യത്തെ എല്ലാ നഗരങ്ങളിലേക്കും പ്രദേശങ്ങളിലേക്കും ഇലക്ട്രിക് ബസ് സർവിസ് വ്യാപിപ്പിക്കും. നിലവിൽ നഗരങ്ങൾക്കുള്ളിൽ മാത്രമാണ് ഇലക്ട്രിക് ബസ് സർവിസ് നടത്തുക. എന്നാൽ, നഗരങ്ങൾക്കിടയിൽ ദീർഘദൂര സർവിസിനുള്ള സാധ്യതകൾ ആരായുന്നുണ്ട്. ബാറ്ററി ചാർജിങ്ങിന്റെ ആയുസ്സിനെ ആശ്രയിച്ചിരിക്കും അക്കാര്യത്തിലുള്ള തീരുമാനം. നിലവിൽ ബസ് ബാറ്ററി ആയുസ്സ് അനുവദിക്കുന്ന ദൂരത്തിലാണ് ഓടുന്നത്. എന്നാൽ ഇലക്ട്രിക് ബസ് സാങ്കേതികവിദ്യയിൽ പരീക്ഷണനിരീക്ഷണങ്ങൾ തുടരുകയാണ്. ഈ സാങ്കേതിക വിദ്യയിൽ വലിയ വികസനമുണ്ടാകുമെന്നും അത് സർവിസ് വിപുലപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഇലക്ട്രിക് ബസുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. കാര്യക്ഷമതയും സൗകര്യവും ആധുനിക സാങ്കേതിക വിദ്യകളും സമന്വയിപ്പിക്കുന്ന ഫീച്ചറുകളോടെയാണ് ഒരുക്കിയിരിക്കുന്നത്. ഇലക്ട്രിക് ബസിന്റെ സവിശേഷത കുറഞ്ഞ ഊർജ ഉപഭോഗമാണ്.
കൂടാതെ ഏറ്റവും പുതിയ പവർ ബാറ്ററി സാങ്കേതികവിദ്യയും അടങ്ങിയിരിക്കുന്നു. അതിനുള്ളിൽ യു.എസ്.ബി ചാർജിങ് പോർട്ടുകളും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. 300 കിലോ മീറ്റർ ഓടാനാകും. ഓരോ ബസിലും 37 സീറ്റുകൾ അടങ്ങിയിരിക്കുന്നുവെന്നും പൊതുഗതാഗത ആക്ടിങ് മേധാവി പറഞ്ഞു.
85 ബസുകൾ ഉൾപ്പെടുന്ന ദമ്മാമിലെയും ഖത്വീഫിലെയും പൊതു ബസ് ഗതാഗത പദ്ധതിയുടെ ഭാഗമായാണ് ഇലക്ട്രിക് ബസ് പൊതുഗതാഗത അതോറിറ്റി പുറത്തിറക്കുന്നത്. ദമ്മാമിലും ഖത്വീഫിലുമായി ആകെ 400 കിലോമീറ്റർ ദൂരത്തിൽ എട്ട് റൂട്ടുകളാണുള്ളത്.
ഇതിനിടയിൽ 218 സ്റ്റോപ്പുകളുണ്ട്. 2030ഓടെ പൊതുഗതാഗത ഉപയോക്താക്കളുടെ ശതമാനം 15 ആയി വർധിപ്പിച്ച് ദേശീയ ഗതാഗത, ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങളെ പിന്തുണക്കുന്ന വിധത്തിൽ പൊതുഗതാഗത സംസ്കാരം പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വേഗമേറിയതും എളുപ്പമുള്ളതുമായ ഗതാഗത സൗകര്യങ്ങൾ ഒരുക്കൽ, കാർബൺ ഉദ്വമനം കുറക്കൽ, ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് സംഭാവന നൽകുക എന്നിവയും ഈ ലക്ഷ്യങ്ങളിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.