റിയാദിൽ ഇലക്ട്രിക് കാറോട്ട മത്സരത്തിന് നാളെ തുടക്കം

റിയാദ്: ഈ വർഷത്തെ എ.ബി.ബി ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിന്‍റെ 10ാം സീസൺ രണ്ടും മൂന്നും റൗണ്ട് മത്സരങ്ങൾ വെള്ളിയാഴ്ച തുടങ്ങും. റിയാദിലെ ദറഇയയിൽ വെള്ളി, ശനി ദിവസങ്ങളിലാണ് മത്സരങ്ങൾ. ലോക കാറോട്ട താരങ്ങൾ വേഗതയിൽ മാറ്റുരക്കും. തുടർച്ചയായി ആറാം തവണയാണ് സൗദി അറേബ്യ ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാറോട്ട മത്സരങ്ങളിൽ ഒന്നിന് വീണ്ടും ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് കായിക മന്ത്രിയും സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ പറഞ്ഞു. ദറഇയ തുടർച്ചയായി ആറാം തവണയാണ് മത്സരത്തിന് വേദിയാകുന്നത്. സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും വലിയ പിന്തുണയാണ് കായിക മേഖലക്ക് നൽകുന്നത്. ഇത് കൂടുതൽ അന്താരാഷ്ട്ര കായിക പരിപാടികൾക്കും മത്സരങ്ങൾക്കും ആതിഥേയത്വം നൽകി മുന്നോട്ട് പോകാൻ ഞങ്ങളെ പ്രാപ്തരാക്കുന്നു. വിവിധ കായിക മത്സരങ്ങൾ പ്രത്യേകിച്ച് മോട്ടോർ സ്‌പോർട്‌സ് സംഘടിപ്പിക്കാനുള്ള രാജ്യത്തിന്‍റെ ശേഷി വർധിപ്പിക്കുന്നതാണ് ഈ ഭരണകൂട പിന്തുണ.

ഏതാനും ദിവസം മുമ്പാണ് സൗദി ഡാക്കർ റാലിക്ക് രാജ്യം സാക്ഷ്യം വഹിച്ചത്. ‘എക്‌സ്ട്രീം ഇ’ ഇലക്ട്രിക് ഫോർ വീൽ ഡ്രൈവ് റേസിങ് സീരീസിന്‍റെ നാലാം സീസണ് ആതിഥേയത്വം വഹിക്കാൻ തയാറെടുക്കുകയാണ്. ജിദ്ദയിൽ വരുന്ന മാർച്ചിൽ ഫോർമുല വൺ എസ്.ടി.സി സൗദി ഗ്രാൻഡ് പ്രിക്സും നടക്കും. ഇതെല്ലാം എല്ലാ പ്രഫഷനലിസത്തോടും ഉയർന്ന തലത്തിലും അന്തർദേശീയ നിലവാരത്തിലും ഈ കായിക മത്സരങ്ങൾ കൈകാര്യം ചെയ്യാനും നടപ്പാക്കാനുമുള്ള സൗദി യുവാക്കളുടെയും യുവതികളുടെയും കഴിവ് ലോകത്തിന് മുമ്പാകെ ഉയർത്തികാട്ടുന്നതാണ്.

ഫോർമൂല ഇ വേൾഡ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ കാണാൻ ലോകത്തെ സൗദിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. അവർ രാജ്യത്തെ വിവിധ പ്രവർത്തനങ്ങളും പരിപാടികളും ആസ്വദിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കായിക മന്ത്രി പറഞ്ഞു.

Tags:    
News Summary - Electric car racing competition starts tomorrow in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.