റിയാദ്: മലയാളി തട്ടിപ്പുകാരെൻറ കെണിയിൽ കുടുങ്ങി രണ്ടുവർഷത്തോളം ദുരിതമനുഭവിച്ച പ്രവാസി ഒടുവിൽ നാടണഞ്ഞു. തൃശൂർ പറമ്പിൽ സ്വദേശി സൈനുലാബിദീനാണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനാൽ നാടണഞ്ഞത്. ആരോഗ്യപ്രശ്നങ്ങൾമൂലം ജോലിചെയ്യാനാകാതെ ദുരിതത്തിലായ സൈനുലാബിദീൻ സ്പോൺസറെ പലതവണ വിഷയം ധരിപ്പിച്ചെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ല. ഒടുവിൽ രോഗം മൂർച്ഛിക്കുകയും ദുരിതത്തിലാവുകയും ചെയ്യുകയായിരുന്നു.
ഇതിനിടയിൽ മലയാളിയായ ഒരാൾ സൈനുലാബിദീനെ സമീപിക്കുകയും എംബസി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സഹായിക്കാമെന്ന് വാഗ്ദാനം നൽകി രേഖകൾ കൈക്കലാക്കുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം ഇയാൾ വിളിച്ച്, പിഴയുണ്ട് അത് അടച്ചാലേ യാത്രാവിലക്ക് മാറൂ എന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. തുടർന്ന് പിഴ അടക്കാനായി 12,000 റിയാൽ ആവശ്യപ്പെടുകയും ചെയ്തു. പലരിൽനിന്നായി സൈനുലാബിദീൻ പണം തരപ്പെടുത്തിക്കൊടുക്കുകയും യാത്രക്കായി കാത്തിരിക്കുകയുമായിരുന്നു. മാസങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ താൻ കബളിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമായ സൈനുലാബിദീന് രോഗവും മാനസികസംഘർഷവും ഇരട്ടിയായി രോഗിയാക്കി. ഈ വ്യാജ ഏജൻറ് നിരവധി മലയാളികളിൽനിന്ന് ഇത്തരത്തിൽ രേഖകളും പണവും കൈപ്പറ്റിയതായി പരാതിയുണ്ട്.
ഒടുവിൽ ഇദ്ദേഹത്തിെൻറ നിസ്സഹായത മനസ്സിലാക്കിയ റിയാദ് കെ.എം.സി.സി തഖസുസി ഏരിയ സെക്രട്ടറി യു. മുസ്തഫ ചെമ്മാട്, ട്രഷറർ അനസ് കൊടുവള്ളി, കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, കൺവീനർമാരായ മഹ്ബൂബ്, ഷിഹാബ് പുത്തേഴത്ത് എന്നിവർ വിഷയത്തിൽ ഇടപെട്ട് എംബസി വഴി രണ്ട് വർഷത്തെ ജവാസത്ത് ഫീസടച്ച് തർഹീൽ വഴി എംബസി ഉദ്യോഗസ്ഥരായ ആഷിക്, ഷറഫ് എന്നിവരുടെ സഹായത്താൽ ഫൈനൽ എക്സിറ്റ് നേടിയെടുക്കുകയായിരുന്നു.
കഴിഞ്ഞദിവസം റിയാദിൽനിന്ന് കൊച്ചിയിലേക്ക് സൈനുലാബിദീനെ യാത്രയാക്കുകയായിരുന്നു. എംബസി ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഇത്തരത്തിൽ പലരും പ്രവാസികളെ സമീപിക്കുന്നുണ്ടെന്നും ഇത്തരം കബളിപ്പിക്കപ്പെടലിൽ പ്രവാസികൾ പെട്ടുപോകരുതെന്നും സിദ്ദീഖ് തൂവൂർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.