റിയാദ്: തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള സേവന വേതന കരാർ രജിസ്റ്റർ ചെയ്യാനുള്ള സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ‘ഖിവ’ പോർട്ടലിൽ ഇതുവരെ രേഖപ്പെടുത്തിയ തൊഴിൽ കരാറുകളുടെ എണ്ണം 90 ലക്ഷം കവിഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ജീവനക്കാരുടെ ഉൽപാദനക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്ന സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും തൊഴിൽ നിയമങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിലും തൊഴിൽ തർക്കങ്ങളും പ്രശ്നങ്ങളും കുറക്കുന്നതിലും ഖിവ സംവിധാനം പ്രധാന പങ്കുവഹിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.
അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള വിശ്വാസം വർധിപ്പിക്കുന്നതിനും തൊഴിൽ കരാറുകൾ ‘ഖിവ’യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യത്തെ സ്വദേശികളും വിദേശികളുമായ സ്വകാര്യമേഖലയിലെ മുഴുവൻ ജീവനക്കാരോടും മന്ത്രാലയം ആവശ്യപ്പെട്ടു.
80 ശതമാനമോ അതിലധികമോ ജീവനക്കാരുടെ കരാറുകൾ രേഖപ്പെടുത്താൻ പ്രതിജ്ഞാബദ്ധരായ സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിന്റെ സേവനങ്ങളിൽനിന്ന് പൂർണമായി പ്രയോജനം ലഭിക്കും. പ്രഫഷൻ മാറ്റം, വിസ നൽകൽ, സ്പോൺഷർഷിപ്പ് മാറ്റം തുടങ്ങിയവ സേവനങ്ങൾ അതിലുൾപ്പെടും.
സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി കരാർ വിവരങ്ങൾ അപ്ലോഡ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും ഖിവ പോർട്ടൽ തൊഴിലുടമകളെ അനുവദിക്കുന്നുണ്ട്. തൊഴിലാളികളെ അവരുടെ കരാർ വിവരങ്ങളുടെ കൃത്യത പരിശോധിക്കാനും പോർട്ടലിലെ അവരുടെ അക്കൗണ്ട് മുഖേന പരിഷ്കരണം അംഗീകരിക്കാനും നിരസിക്കാനും അഭ്യർഥിക്കാനും സാധിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
ഖിവ പോർട്ടലിലൂടെ മന്ത്രാലയം നൽകുന്ന ഓൺലൈൻ സേവനങ്ങളിലൊന്നാണ് കരാർ ഡോക്യുമെന്റേഷൻ. തൊഴിൽ മേഖലയുടെ പ്രധാന മുഖമായി ഈ പോർട്ടലിനെ കണക്കാക്കുന്നു. ജീവനക്കാരും സ്വകാര്യ സ്ഥാപനങ്ങളും ഉൾപ്പെടെ സംവിധാനത്തിലെ വിവിധ കക്ഷികൾ തമ്മിലുള്ള എല്ലാ ഇടപാടുകളും പേപ്പർ ഇടപാടുകളുടെ ആവശ്യമില്ലാതെ യാന്ത്രികമായി ഉടനടി ചെയ്യാനും പിന്തുടരാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.