റിയാദ്: കേളി കലാസാംസ്കാരിക വേദി, രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ഇ.എം.എസ്, എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു. മലാസ് ലുലു ഹൈപർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. കേളി ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗം വർഗീസ് ഇടിച്ചാണ്ടി അനുസ്മരണ പ്രമേയവും, റൗദ ഏരിയ അംഗവും ചില്ല സർഗവേദി കോഓഡിനേറ്ററുമായ സുരേഷ് ലാൽ മുഖ്യപ്രഭാഷണവും നടത്തി. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുമ്പന്തിയിലുണ്ടായിരുന്ന തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് ഊർജവും ആവേശവും പകർന്ന രണ്ട് സഖാക്കളാണ് ഇ.എം.എസും എ.കെ.ജിയുമെന്ന് അനുസ്മരണത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അവർ നടത്തിയ പോരാട്ടങ്ങളുടെ ആവേശമുൾക്കൊണ്ട് ഇന്ത്യയിലെ സംഘ്പരിവാറിന്റെ ദുർഭരണത്തിനെതിരെയും വർഗീയ വിഭജനത്തിനെതിരെയും ശക്തമായ ചെറുത്തുനിൽപ് സംഘടിപ്പിക്കാൻ ഇന്ത്യയിലെ തൊഴിലാളികളടക്കമുള്ള എല്ലാവരും മുന്നോട്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, ഫിറോസ് തയ്യിൽ, അൽഖർജ് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ജോ.സെക്രട്ടറി സജിന സിജിൻ, ന്യൂ സനയ്യ രക്ഷാധികാരി സമിതി അംഗം ലീന കോടിയത്ത്, കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് എന്നിവർ സംസാരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിനു വേണ്ടി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.