ദമ്മാം: വർഷങ്ങൾ നീണ്ട ദുരിതപ്രവാസത്തിൽനിന്ന് രക്ഷപ്പെട്ട് ബിഹാർ സ്വദേശി രാജ് നാരായൺ പാണ്ഡേയും മലയാളി സുശീലയും സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ സൗദിയിൽനിന്ന് നാട്ടിലേക്ക് മടങ്ങി. ബിഹാർ പട്ന സ്വദേശിയായ രാജ്നാരായൺ പാണ്ഡെയെക്കുറിച്ച് ഒരു വർഷമായി വിവരമില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ ഇന്ത്യൻ എംബസിയെ സമീപിക്കുകയായിരുന്നു.
എംബസി നിർദേശപ്രകാരം ദമ്മാമിലെ ജീവകാരുണ്യപ്രവർത്തകരായ പത്മനാഭൻ മണിക്കുട്ടനും മഞ്ജു മണിക്കുട്ടനും അന്വേഷണം ഏറ്റെടുത്തു. ഏറെ അന്വേഷണങ്ങൾക്കൊടുവിൽ തെരുവിൽ അലഞ്ഞു നടക്കുകയായിരുന്ന രാജ്നാരായണനെ അവർ കണ്ടെത്തി. ജോലി ചെയ്തിരുന്ന കമ്പനി സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നിലച്ചതിനാൽ ശമ്പളമോ ഇഖാമയോ ഇല്ലാതെ ദുരിതത്തിലാവുകയായിരുന്നു ഇയാൾ. വല്ലപ്പോഴും കിട്ടുന്ന ചെറിയ പണികൾ ചെയ്തായിരുന്നു വല്ലപ്പോഴുമെങ്കിലും ആഹാരം കഴിച്ചിരുന്നത്. തുടർന്ന് ഇദ്ദേഹത്തിന് ദമ്മാമിലെ സുബൈക്കയിൽ ഗൾഫ് റസ്റ്റാറൻറ് എന്ന സ്ഥാപനം നടത്തുന്ന ഷരീഫ് സൗജന്യമായി ഭക്ഷണം നൽകാൻ തയാറായി. സ്പോൺസറുമായി ബന്ധപ്പെെട്ടങ്കിലും തനിക്ക് ഒന്നും ചെയ്യാനാവാത്ത വിധം തനിക്കുള്ള സർക്കാർ സേവനങ്ങൾ റദ്ദാക്കപ്പെട്ടിരിക്കുകയാണ് എന്നാണ് അദ്ദേഹം അറിയിച്ചത്.
ഇതിനെത്തുടർന്ന് കോടതിയെ സമീപിച്ച രാജ് നാരായണന് എക്സിറ്റ് വിസ അനുവദിക്കുകയായിരുന്നു. ഹൈദരാബാദ് അസോസിയേഷൻ രാജ്നാരായണിന് സൗജന്യമായി വിമാനടിക്കറ്റ് നൽകാനും തയാറായി. ഹൈദരാബാദ് അസോസിയേഷൻ ഭാരവാഹി മിർസ ബൈഗ് രാജ്നാരായണിന് വിമാന ടിക്കറ്റ് കൈമാറി. പത്തനംതിട്ട സ്വദേശിനി സുശീല ജുബൈലിൽ ഒരു വീട്ടിൽ ജോലിക്കാരിയായി എത്തിയത് മൂന്നര വർഷം മുമ്പാണ്. മൂന്നു വർഷം കഴിഞ്ഞിട്ടും നാട്ടിൽ വിടാതായപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച സുശീല അപകടത്തിൽപെടുകയായിരുന്നു. അതുവഴിവന്ന പൊലീസ് സുശീലയെ രക്ഷിച്ച് സ്േറ്റഷനിൽ എത്തിക്കുകയും തുടർന്ന് ദമ്മാം അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു. വനിതാ അഭയ കേന്ദ്രത്തിൽനിന്ന് സാമൂഹിക പ്രവർത്തക മഞ്ജുമണിക്കുട്ടൻ ജാമ്യത്തിൽ പുറത്തിറക്കി വീട്ടിൽ കൊണ്ടുപോയി ശുശ്രൂഷിച്ചു. തുടർന്ന് എംബസിയുടെ സഹായത്തോടെ ഔട്ട്പാസ്സും വനിതാ അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനൽ എക്സിറ്റും നേടി. കനിവ് സാംസ്ക്കാരികവേദി സുശീലക്ക് സൗജന്യമായി വിമാനടിക്കറ്റ് നൽകി. കനിവ് ഭാരവാഹി അബ്ദുൽ ലത്തീഫ് വിമാനടിക്കറ്റ് കൈമാറി. നവയുഗം സാംസ്കാരിക വേദി ഭാരവാഹികൾ കൂടിയായ മണിക്കുട്ടൻ, മഞ്ജു ദമ്പതികളുടെ ഇടപെടലാണ് രാജ് നാരായണനും സുശീലക്കും സഹായകമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.