മദീന: മദീന മേഖലയിലെ ഹറത്ത് ഖൈബറിലെ ഉമ്മു ജിർസാൻ ഗുഹയിൽ നടന്ന ഗവേഷണത്തിൽ പൗരാണിക മനുഷ്യവാസത്തിന്റെ പുതിയ തെളിവുകൾ കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമീഷൻ അറിയിച്ചു. കമീഷനിലെ ചില പുരാവസ്തു ഗവേഷകരുടെ പങ്കാളിത്തത്തോടെ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഹെറിറ്റേജ് കമീഷനാണ് ഗവേഷണം നടത്തിയത്. കിങ്സൗദ് യൂനിവേഴ്സിറ്റി, മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട്, സൗദി ജിയോളജിക്കൽ സർവേ എന്നിവയുമായി സഹകരിച്ചാണ് ഗ്രീൻ അറേബ്യൻ പെനിൻസുല പദ്ധതി, മൾട്ടി ഡിസിപ്ലിനറി ഫീൽഡ് റിസർച്ചിൽ ഊന്നൽ നൽകുന്നതെന്ന് കമീഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.
പുരാതന മനുഷ്യസംഘങ്ങൾ ഉപയോഗിച്ചിരുന്ന ഗുഹകളുടെയും സൗദി അറേബ്യയിലെ പുരാതന അഗ്നിപർവത മാഗ്മ പാതകളുടെയും പ്രാധാന്യം ശാസ്ത്രീയ പഠനം അടിവരയിടുന്നതായി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഗുഹകളിലെ പുരാവസ്തു ഗവേഷണത്തെക്കുറിച്ചുള്ള ആദ്യത്തെ സമഗ്ര പഠനമാണിതെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി. ജിർസാൻ ഗുഹയിലെ പുരാവസ്തു സർവേകളും ഖനനങ്ങളും ഈ പഠനത്തിൽ ഉൾപ്പെടുന്നു, ഏകദേശം 7,000 വർഷങ്ങൾക്ക് മുമ്പ്, ചെമ്പുയുഗവും വെങ്കലയുഗവും ഉൾക്കൊള്ളുന്ന നിയോലിത്തിക് കാലഘട്ടത്തിലെ മനുഷ്യ അധിനിവേശത്തിന്റെ പുരാതന തെളിവുകൾ നിരീക്ഷണത്തിൽ വെളിപ്പെടുന്നതായി ഗവേഷകർ പറഞ്ഞു. ബി.സി 4100 മുതലുള്ള അസ്തികൾ, ബി.സി 6000 വർഷങ്ങൾ പഴക്കമുള്ള മനുഷ്യ തലയോട്ടികൾ, മരം, തുണി ശകലങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റ് പുരാവസ്തുക്കൾ കണ്ടെത്തുന്നതിന് റേഡിയോ കാർബൺ സി 14 ഉപയോഗിച്ച് ഗുഹ ഉപയോഗിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു.
കല്ലുപകരണങ്ങളും മൃഗങ്ങളെ മേയ്ക്കുന്നതിന്റെയും വേട്ടയാടലിന്റെയും ദൃശ്യങ്ങൾ ചിത്രീകരിച്ച ‘റോക്ക് ആർട്ടും’ ഗവേഷണ വിധേയമാക്കി. ഗുഹക്കുള്ളിൽ മനുഷ്യവാസത്തിന്റെ തെളിവുകൾ ഗവേഷകർ കണ്ടെത്തി. ഗുഹ ഉൾക്കൊള്ളുന്ന പ്രദേശം വിവിധ ചരിത്ര കാലഘട്ടങ്ങളിലെ മനുഷ്യവാസത്തിന്റെയും മൃഗ സാന്നിധ്യത്തിന്റെയും പുതിയ വിവരങ്ങൾ ഗവേഷകർക്ക് പകർന്നു നൽകിയതായും കൂടുതൽ ഗവേഷണങ്ങൾ നടത്തുന്നതിലൂടെ പുതിയ ചരിത്രവിവരങ്ങൾ പുരാതന മനുഷ്യരുടെ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും സൗദി ഹെറിറ്റേജ് കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.