അബ്ഹ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനം സമുചിതമായി കൊണ്ടാടി അസീർ മേഖലയിലെ പ്രവാസിസമൂഹം. വിവിധ രാഷ്ട്രീയ, സാംസ്കാരിക, മതസംഘടനകളുടെ നേതൃത്വത്തിലാണ് വർണാഭമായ ആഘോഷപരിപാടികൾ അരങ്ങേറിയത്. ഒ.ഐ.സി.സി ദക്ഷിണമേഖല കമ്മിറ്റി സംഘടിപ്പിച്ച പരിപാടികൾ കേക്ക് മുറിച്ചാണ് തുടക്കം കുറിച്ചത്. ഖമീസ് മുശൈത്ത് അജ്വ ഹോട്ടലിന് സമീപം നടന്ന പരിപാടിയിൽ പ്രവാസി മാരത്തൺ ഓട്ടക്കാരനായ റസാഖ് കിണാശ്ശേരിയെ ആദരിച്ചു. സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രത്തോടുള്ള ആദരസൂചകമായി ടൂറിസ്റ്റ് കേന്ദ്രമായ അബ്ഹയിലെ കൈരളി ഹോട്ടലിന് മുന്നിൽ നിന്ന് ഖമീസ്മുശൈത്ത് സഫയർ ഗല്ലിവരെ 30 കിലോമീറ്റർ ദൂരമാണ് റസാഖ് കിണാശ്ശേരി ഓടിയത്. ദക്ഷിണ മേഖല പ്രസിഡൻറും ജിദ്ദ കോൺസുലേറ്റ് സോഷ്യൽ വെൽഫയർ അംഗവുമായ അഷ്റഫ് കുറ്റിച്ചൽ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. പരിപാടിയിൽ ലിജോജേക്കപ്പ് (എസ്.എം.സി), പ്രസാദ് നാവായിക്കുളം, സി. പൈലി ജോസ്, അലി പൊന്നാനി (കെ.എം.സി.സി), റോയി മുത്തേടം തുടങ്ങിയവർ സംബന്ധിച്ചു. മേഖലകമ്മിറ്റിയുടെ വിവിധ ഘടകങ്ങളിൽ പതാക ഉയർത്തി.
ഇന്ത്യൻ സോഷ്യൽ ഫോറം ഖമീസ് മുശൈത്ത് ടൗണിലെ പ്രവാസി സമൂഹത്തിന് പായസവിതരണം നടത്തി. കോയ ചേലാമ്പ്ര, മുനീർ ചക്കുവള്ളി തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ത്യൻ കൾചറൽ ഫോറം (ഐ.സി.എഫ്) സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി അബ്ഹയിൽ സംഘടിപ്പിച്ച സൗഹ്യദ സംഗമം എൻജി. മുരുകേശൻ (ഡി.എം.കെ) ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സൈനുദ്ദീൻ അമാനി അധ്യക്ഷത വഹിച്ചു. അബ്ഹ ദാറുസ്സലാമിൽ നടന്ന പരിപാടിയിൽ ഇബ്രാഹീം സഖാഫി വണ്ടൂർ മുഖ്യപ്രഭാഷണം നടത്തി.
അസിർ പ്രവാസി സംഘം വിവിധ യൂനിറ്റുകളിൽ പതാക ഉയർത്തലും നിരവധി ആഘോഷപരിപാടികളും നടന്നു. തനിമ കലാസാംസ്കാരിക വേദി അസീർ സോണും യൂത്ത് ഇന്ത്യയും ചേർന്ന് ഖാലിദിയ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും സ്വാതന്ത്ര്യദിനാഘോഷ പരിപാടിയും ഖമീസ് മുശൈത്ത് ഇഷാറ ഖയാത്തിലുള്ള മുനീറ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് നടക്കും. സാമൂഹിക, സാസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.