റിയാദ്: ഫാൽക്കൺ (പ്രാപ്പിടിയൻ) പക്ഷികളുടെ അന്താരാഷ്ട്ര ലേല മേളയുടെ മൂന്നാം പതിപ്പിന് തുടക്കമായി. 14 രാജ്യങ്ങളിൽനിന്നുള്ള പ്രമുഖ പ്രാദേശിക, അന്തർദേശീയ ബ്രീഡിങ് ഫാമുകളുടെ പങ്കാളിത്തത്തോടെ 21 ദിവസം തുടരുന്ന മേള സൗദി ഫാൽക്കൺ ക്ലബാണ് സംഘടിപ്പിക്കുന്നത്.
റിയാദിന്റെ വടക്കുഭാഗത്തെ മൽഹമിലെ ക്ലബ് ആസ്ഥാനത്തെ മേള നഗരിയിൽ നടക്കുന്ന ലേലത്തിന് അന്താരാഷ്ട്ര ഫാമുകളിലെ ഏറ്റവും നല്ല ഇനം ഫാൽക്കണുകളെയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച ആരംഭിച്ച മേളയും ലേലവും ഈ മാസം 25 വരെ നീണ്ടുനിൽക്കും.
മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ മേളയും ലേലവുമാണ് നടക്കുന്നത്. ഫാൽക്കൺ പ്രിയർക്കും വളർത്തുന്നവർക്കും വിശ്വസനീയവും സുരക്ഷിതവുമായ വിപണി പ്രദാനം ചെയ്യുകയും രാജ്യത്തിന്റെ ഫാൽക്കൺ പക്ഷി വളർത്തൽ പാരമ്പര്യം സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഫാൽക്കൺ വ്യവസായത്തെയും പക്ഷിവളർത്തൽ ഫാമുകളെയും സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം. ഫാൽക്കണുകളെ ഇഷ്ടപ്പെടുകയും വളർത്തുകയും ചെയ്യുന്നവരുടെ ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉയർത്താനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് മേളയും ലേലവും.
മികച്ച ഇനത്തിലുള്ള ഫാൽക്കണുകളെ ലഭ്യമാക്കണമെന്ന ആളുകളുടെ ആവശ്യപ്രകാരമാണ് ഇങ്ങനെയൊരു ലേലം ഒരുക്കുന്നതെന്ന് സൗദി ഫാൽക്കൺ ക്ലബ് വക്താവ് വാലിദ് അൽത്വവീൽ പറഞ്ഞു. ഇത് ഫാൽക്കണുകളുടെ മേഖലയിലെ ആഗോളകേന്ദ്രമായി റിയാദിനെ മാറ്റുന്നു.
അഭിമാനകരമായ ഈ പുരാതന പാരമ്പര്യത്തെ സംരക്ഷിക്കാനും നിലനിർത്താനും ഭാവിതലമുറകൾക്ക് കൈമാറാനും രാജ്യത്തിന്റെ നേതൃത്വവും ജനങ്ങളും താൽപര്യപ്പെടുന്നു.
ഫാൽക്കണുകളുടെ അന്താരാഷ്ട്ര ലേലം ഈ വർഷത്തെ ക്ലബിന്റെ ആദ്യ പ്രവർത്തനമാണെന്ന് അൽത്വവീൽ സൂചിപ്പിച്ചു. പ്രാദേശിക ഫാൽക്കണുകൾക്കായുള്ള സൗദി ഫാൽക്കൺ ക്ലബ് ലേലത്തിന് ഒക്ടോബർ ആദ്യം സാക്ഷ്യം വഹിക്കും.
കഴിഞ്ഞ രണ്ട് മേളകളും വലിയ വിജയം നേടിയിരുന്നു. ഈ രണ്ട് മേളകളിലും നടന്ന ലേലത്തിലൂടെ 800ലധികം ഫാൽക്കണുകളാണ് വിറ്റതും വിൽപനമൂല്യം ഒരു കോടി റിയാൽ കവിഞ്ഞതും. ഇപ്പോൾ നടക്കുന്ന മേളയിൽ എല്ലാ ദിവസവും വൈകീട്ട് നാല് മുതൽ രാത്രി 10 വരെയാണ് സന്ദർശന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.