'ഫെ​നാ​അ അ​ൽ​അ​വ്വ​ൽ’ ആ​ഗോ​ള സാം​സ്കാ​രി​ക കേ​ന്ദ്രം

'ഫെനാഅ് അൽഅവ്വൽ' ആഗോള സാംസ്കാരിക കേന്ദ്രം റിയാദിൽ തുറന്നു

റിയാദ്: സൗദി സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രഥമ ഔദ്യോഗിക സാംസ്കാരിക കേന്ദ്രം 'ഫെനാഅ് അൽഅവ്വൽ' (എഫ്.എ.എ) റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിൽ ഉദ്ഘാടനം ചെയ്തു. വൈവിധ്യമാർന്ന അന്തർദേശീയ സാംസ്‌കാരിക പ്രവർത്തനങ്ങളും ആശയ വിനിമയവും ലക്ഷ്യംവെക്കുന്ന കേന്ദ്രം സൗദി സാംസ്കാരിക വകുപ്പ് മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാനാണ് അന്താരാഷ്ട്ര സമൂഹത്തിനായി തുറന്നുകൊടുത്തത്. സാംസ്കാരിക, നയതന്ത്ര മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

ആഗോള സാംസ്കാരിക വിനിമയത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തലസ്ഥാന നഗരിയിലെ തന്ത്രപ്രധാനമായ ഭാഗത്ത് ഇത്തരമൊരു കേന്ദ്രം സ്ഥാപിക്കുന്നതെന്ന് സാംസ്കാരിക മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ചിന്തകർ, കലാസൃഷ്ടികൾ നടത്തുന്നവർ, മുൻനിര പ്രതിഭകൾ എന്നിവരുടെ വൈവിധ്യമാർന്ന സർഗാത്മക പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കേന്ദ്രത്തെ ഉപയോഗപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.

കേന്ദ്രത്തിലൊരുക്കിയ ആർട്ട് ഗാലറി

അന്താരാഷ്ട്ര സമൂഹത്തെ ഒരുമിച്ചുകൂട്ടുന്ന കേന്ദ്രം വ്യത്യസ്ത സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് വേദിയൊരുക്കുകയും സഹകരണത്തിനും സംഭാഷണത്തിനും പ്രചോദനം നൽകുകയും ചെയ്യും. പ്രത്യേക ആർട്ട് ലൈബ്രറിയും റസ്റ്റാറൻറും കോഫി ഷോപ്പും സംവിധാനിച്ചിട്ടുള്ള ഇവിടെ വിവിധ നാട്ടുകാർക്ക് ആശയങ്ങൾ കൈമാറാനും ഒഴിവുസമയം ആസ്വദിക്കാനും പരസ്പരം ഇടപഴകാനും കഴിയുന്ന പൊതുവിടങ്ങൾ ഒരുക്കിയിട്ടുണ്ട്.

രാജ്യത്തെ പ്രഥമ വാണിജ്യ ബാങ്കായ അൽഅവ്വൽ ബാങ്ക് (മുമ്പ് സൗദി ഫ്രാൻസി ബാങ്ക്) പ്രവർത്തിച്ചിരുന്ന വ്യതിരിക്തമായ കെട്ടിടം കൂടുതൽ ഭംഗിയാക്കിയാണ് സാംസ്കാരിക കേന്ദ്രമാക്കി മാറ്റിയത്. പരമ്പരാഗത സൗദി 'ജ്യോമിതീയ' ശൈലിയിൽ നിർമിച്ച കെട്ടിടം ആകർഷണീയമായ വൈദ്യുതി വിളക്കുകളാലും മറ്റും കമനീയമാക്കിത്തീർത്തിട്ടുണ്ട്.

സർഗാത്മകവും കലാപരവുമായ പ്രവർത്തനങ്ങളിലൂടെ സാംസ്കാരിക പര്യവേക്ഷണത്തിനും കണ്ടെത്തലിനും പ്രചോദനം നൽകുന്ന അതുല്യമായ ഒരിടമായിരിക്കുമിതെന്ന് സാംസ്കാരിക കേന്ദ്രത്തിന്റെ ഡയറക്ടർ റോള അൽഗ്രെയർ പറഞ്ഞു. അടുത്ത വർഷം മുതൽ വിവിധ രാജ്യങ്ങളുടെ എംബസികളെ നേരിട്ട് ഉൾപ്പെടുത്തിയുള്ള പരിപാടികളിലൂടെ ലക്ഷ്യം ഞങ്ങൾ പൂർത്തീകരിക്കും.

'ക്രോസ്-കൾചറൽ' സഹകരണത്തിന്റെയും കൈമാറ്റത്തിന്റെയും നല്ല ദിനങ്ങളാണ് വരിനിരിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ബാങ്ക് നിലനിന്ന സ്ഥലത്തിന്റെ ഓർമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് 'സ്മൃതി നിക്ഷേപം' എന്ന പേരിൽ സംഘടിപ്പിച്ച കലാപ്രദർശനത്തോടെയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. സൗദി കറൻസിയുടെ ചരിത്രം, രാജ്യത്തിന്റെ പൈതൃകം, സ്വത്വം, സംസ്കാരം എന്നിവയുടെ വ്യത്യസ്ത ആവിഷ്കാരങ്ങൾക്ക് ആറ് പ്രാദേശിക അന്തർദേശീയ കലാകാരന്മാർ നേതൃത്വം നൽകി.

Tags:    
News Summary - "Fena' Al Awwal" Global Cultural Center opened in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.