ജിദ്ദ: ഈ വർഷത്തെ ഫിഫ ക്ലബ് വേൾഡ് കപ്പ് മത്സരത്തിന് നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് വേദിയായ ജിദ്ദ ആതിഥേയത്വം വഹിക്കും. ഡിസംബർ 12 മുതൽ 22 വരെയാണ് മത്സരം. സൗദി ഫുട്ബാൾ ഫെഡറേഷനും ഫിഫയും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
മത്സരം സംഘടിപ്പിക്കാനും താരങ്ങൾക്ക് അഭൂതപൂർവമായ അനുഭവം പകരാനും ജിദ്ദ നഗരം ഒരുക്കമാണെന്ന് സൗദി ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് യാസർ ബിൻ ഹസൻ അൽ മിഷാൽ പറഞ്ഞു. പ്രധാന അന്താരാഷ്ട്ര കായികമത്സരങ്ങൾ സംഘടിപ്പിക്കാനാകുംവിധം സൗദി ഉയർന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുതിയ തീരുമാനം. ഏറ്റവും പ്രധാനപ്പെട്ടതും വേഗതയേറിയതുമായ സ്പോർട്സ് ഡെസ്റ്റിനേഷനുകളിൽ ഒന്നായി സൗദി മുന്നേറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനായി ജിദ്ദയിൽ നടന്നുവരുന്ന ഒരുക്കങ്ങൾ വിലയിരുത്താൻ ഫിഫ പ്രതിനിധിസംഘം കഴിഞ്ഞയാഴ്ച ജിദ്ദയിൽ സന്ദർശനം നടത്തിയിരുന്നു. ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി, അമീർ അബ്ദുല്ല അൽ ഫൈസൽ സ്റ്റേഡിയം എന്നിവയുൾപ്പെടെ ടൂർണമെൻറിന് ആതിഥേയത്വം വഹിക്കാൻ നാമനിർദേശം ചെയ്യപ്പെട്ട പ്രധാന സ്റ്റേഡിയങ്ങളും വേദികളും സന്ദർശിച്ചശേഷമാണ് സംഘം മടങ്ങിയത്.
സമീപ വർഷങ്ങളിൽ, സ്പാനിഷ് സൂപ്പർ കപ്പ്, ഇറ്റാലിയൻ സൂപ്പർ കപ്പ്, എസ്.ടി.സി ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്സ്, ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യൻഷിപ്, ഏഷ്യൻ ചാമ്പ്യൻഷിപ് തുടങ്ങി നിരവധി അന്താരാഷ്ട്ര കായികമത്സരങ്ങൾക്ക് ജിദ്ദ നഗരം ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.