ജിദ്ദ: സൗദി ഫിലിം ഫോറത്തിന്റെ ആദ്യ സമ്മേളനം ഒക്ടോബർ ഒന്ന് മുതൽ നാല് വരെ റിയാദിലെ ബോളിവാർഡ് സിറ്റി ഹാളിൽ നടക്കുമെന്ന് ഫിലിം അതോറിറ്റി അറിയിച്ചു.
സൗദിയിലെ സിനിമ വ്യവസായത്തിന്റെ യാഥാർഥ്യവും ഭാവിയും അവലോകനം ചെയ്യുന്ന സമ്മേളനത്തിൽ ലോകസിനിമയിലെ പ്രമുഖരായ ചലച്ചിത്ര നിർമാതാക്കൾ, സംവിധായകർ, നിക്ഷേപകർ, വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ എന്നിവർ സംബന്ധിക്കും.
സൗദി ഫിലിം ഫോറം സിനിമ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നേട്ടമായിരിക്കുമെന്ന് സൗദി ഫിലിം അതോറിറ്റി സി.ഇ.ഒ എൻജി. അബ്ദു അൽഅയ്യാഫ് പറഞ്ഞു. സിനിമ വ്യവസായത്തിലെ പ്രാദേശിക, അന്തർദേശീയ ആളുകൾ പരസ്പരം ആശയവിനിമയം നടത്തുന്ന ഒരു വേദിയായിരിക്കും. സിനിമ വ്യവസായത്തിലെ സർഗാത്മകതക്കും നവീകരണത്തിനും സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യകളുടെ അടിത്തറയാകും.
രാജ്യത്തെ സിനിമ വ്യവസായത്തിന്റെ വികസനത്തിൽ ഫോറം ചെലുത്തുന്ന സ്വാധീനം കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചലച്ചിത്ര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ സമ്പദ്വ്യവസ്ഥയിൽ അതിന്റെ പ്രാധാന്യം പരസ്യപ്പെടുത്തുന്നതിനും വേണ്ട അടിസ്ഥാന സ്തംഭങ്ങളെയും പ്രധാന വകുപ്പുകളെയും ഒരുമിച്ച് കൂട്ടുന്ന വേദിയൊരുക്കുകയാണ് ഫിലിം ഫോറത്തിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.
വ്യവസായ പ്രവണതകൾ, ആഗോള സമ്പ്രദായങ്ങൾ, വെല്ലുവിളികൾ, സിനിമ വ്യവസായത്തിലെ അവസരങ്ങൾ എന്നീ മൂന്ന് വിഷയത്തിലൂന്നിയ ചർച്ചകളും പരിപാടികളും ഫോറത്തിലുണ്ടാകും. ചലച്ചിത്ര രംഗത്തെ നൂറിലധികം പേരുടെ പങ്കാളിത്തത്തോടെ നടക്കുന്ന ഫോറത്തിൽ ഏകദേശം 50 പേർ വിവിധ വിഷയങ്ങളിൽ പ്രസംഗിക്കും.
നിരവധി സ്ഥാപനങ്ങൾ അവരുടെ ഏറ്റവും പ്രധാനപ്പെട്ട സേവനങ്ങളും കണ്ടുപിടിത്തങ്ങളും ആധുനിക സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കും. 40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നടക്കുന്ന സിനിമ പരിപാടിയും ഫോറത്തിലുണ്ടാകും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശിൽപശാലകൾക്ക് പ്രത്യേക മേഖലകൾ രൂപകൽപന ചെയ്യും. വിദഗ്ധർ നൽകുന്ന പരിശീലന സെഷനുകൾ ഉണ്ടാകും. മികച്ച ഇന്നവേറ്റർമാർ അവരുടെ യാത്രകളും സിനിമ വ്യവസായത്തിലെ പ്രധാന ട്രെൻഡുകളും പങ്കിടുന്ന പ്രചോദന മേഖലയായിരിക്കും മറ്റൊരു ഹൈലൈറ്റ്. ഒപ്പം ഡെസ്റ്റിനേഷൻസ് എക്സിബിഷനുമുണ്ടാകും. അതിൽ രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രീകരണ സ്ഥലങ്ങൾ പ്രദർശിപ്പിക്കും. കഴിവുള്ളവരെയും താൽപര്യമുള്ളവരെയും ശാക്തീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇൻററാക്ടിവ് ആക്ടിവിറ്റി ഏരിയയുണ്ടായിരിക്കും.
സിനിമ വ്യവസായത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ട്രെൻഡുകളും സന്ദർശകരെ പരിചയപ്പെടുത്തുന്ന ഒരു അനുഭവ മേഖല, കരാറുകൾ, യോഗങ്ങൾ, വിവിധ പങ്കാളിത്തങ്ങൾ എന്നിവയിൽ ഒപ്പിടുന്നതിന് സാക്ഷ്യം വഹിക്കുന്ന ഒരു ബിസിനസ് മേഖല എന്നിവയും ഫോറത്തിലുണ്ടായിരിക്കും.
രാജ്യത്തെ സിനിമ വ്യവസായത്തിൽ വളർന്നുവരുന്ന സാമ്പത്തിക പങ്ക് എടുത്തുകാട്ടാനും മികച്ച ഫിലിം മേക്കർമാരെയും അന്തർദേശീയ നിർമാതാക്കളെയും രാജ്യത്തേക്ക് ആകർഷിക്കാനും ലക്ഷ്യമിട്ടാണ് ഫിലിം അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ഫിലിം ഫോറം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.