റിയാദ്: ബത്ഹയിൽ വീണ്ടും തീപിടിത്തം. വിവിധ കമ്പനികളുടെ ജീവനക്കാർ താമസിച്ചിരുന്ന രണ്ട് വില്ലകൾക്കാണ് തീപിടിച്ചത്. രക്ഷപ്പെടുന്നതിനിടെ വീണ് രണ്ട് മലയാളികൾക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. വില്ലകളിൽ തന്നെയുള്ള ഗോഡൗണുകളും കത്തി വൻ സ്വത്ത് നാശമുണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ബത്ഹ- ദബാബ് റോഡും ശാറ വഷമും സംഗമിക്കുന്ന ഭാഗത്തെ പാലത്തിന് സമീപമുള്ള വില്ലകളാണ് പൂർണമായും കത്തിയമർന്നത്. ഉടൻ തന്നെ അഗ്നിശമനയുടെ നിരവധി യൂനിറ്റുകളും സിവിൽ ഡിഫൻസിെൻറ മറ്റ് വിഭാഗങ്ങളും എത്തി തീയണക്കാനും മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാനും ശ്രമം നടത്തി. ഇൗ വില്ലകളുടെ ഇരുവശങ്ങളിലും ബഹുനില ഫ്ലാറ്റ് സമുച്ചയങ്ങളും വില്ലകളും എതിർവശത്ത് സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ പ്രധാന പവർ സ്റ്റേഷനുമാണുള്ളത്. സിവിൽ ഡിഫൻസിെൻറ സമയോചിതമായ ഇടപെടലിലൂടെ തീപടരാതെ തടയാനും വൻ ദുരന്തം ഒഴിവാക്കാനും സാധിച്ചു. തീപിടിത്തത്തിെൻറ കാരണം അറിവായിട്ടില്ല.
ശാറ ഗുറാബിയിൽ പ്രവർത്തിക്കുന്ന ബെരീഖ് ഷിമ്മാൽ കാർ ആക്സസറീസ് കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന വില്ലയിൽ നിന്ന് രക്ഷപ്പെടുന്നതിനിടയിലാണ് തിരുവനന്തപുരം സ്വദേശി അമീനും കാട്ടാക്കട സ്വദേശി ദീപുവിനും പരിക്കേറ്റത്. ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റ ഇവർ പുറത്തേക്ക് ഒാടുകയായിരുന്നു. അതിനിടയിലാണ് അമീന് കാലിലും ദീപുവിന് മുഖത്തും ചെറിയ മുറിവുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. ഇതേ കമ്പനിയുടെ 23 ജീവനക്കാരാണ് ഒരു വില്ലയിൽ ഉണ്ടായിരുന്നത്. തീപിടിത്തമുണ്ടായതിനെ തുടർന്ന് എല്ലാവരും ഉണർന്ന് പുറത്തേക്കോടുകയായിരുന്നു. ഇവരുടെയെല്ലാം ഇഖാമ, ഡ്രൈവിങ് ലൈസൻസ് എന്നിവയുൾപ്പെടെ വിലപ്പെട്ട രേഖകൾ, മൊബൈൽ ഫോണുകൾ, പണമടങ്ങിയ പഴ്സുകൾ, വസ്ത്രങ്ങൾ, മറ്റ് സാധനങ്ങൾ എല്ലാം ചാരമായി. ഉറക്ക വസ്ത്രമല്ലാതെ മറ്റൊന്നും അവശേഷിച്ചിട്ടില്ല. മൂന്നുനില കെട്ടിടത്തിെൻറ മുകൾ നിലയിലേക്ക് തീപടർന്നില്ല. എന്നാൽ താഴത്തെ നിലകളും ചേർന്നുള്ള ഗോഡൗണും പൂർണമായും നശിച്ചു. ഗോഡൗണിൽ കമ്പനി ഷോറൂമിലേക്കുള്ള സാധനങ്ങളുടെ വൻശേഖരം സൂക്ഷിച്ചിരുന്നു. ഗോഡൗൺ പൂർണമായും കത്തിയമർന്നെന്നും 10 ലക്ഷത്തോളം റിയാലിെൻറ സാധനങ്ങൾ ചാരമായെന്നും കമ്പനിയുടെ നടത്തിപ്പുകാരായ ബി.ആർ.സി ഗ്രൂപ് പ്രതിനിധി കാട്ടാക്കട സ്വദേശി ഷാജഹാൻ പറഞ്ഞു. ഒരു യൂനിഫോം വസ്ത്ര കമ്പനിയുടെ ജീവനക്കാരാണ് അടുത്ത വില്ലയിലുണ്ടായിരുന്നത്. 25 പേരുണ്ടായിരുന്നു. തീപിടിത്തമുണ്ടായ ഉടനെ ഇവരെല്ലാം പുറത്തേക്കോടി രക്ഷപ്പെട്ടു.
ആർക്കും പരിക്കില്ല. ഇതേ കെട്ടിടത്തോട് ചേർന്നുള്ള മീഡിയവൺ ചാനൽ മാർക്കറ്റിങ് മാനേജർ റിജോ വി. ഇസ്മാഇൗലിെൻറ താമസസ്ഥലവും കത്തിനശിച്ചു. സംഭവ സമയം ഇവിടെ റിജോയും സുഹൃത്ത് കോഴിക്കോട് സ്വദേശി റിയാസുമാണുണ്ടായിരുന്നത്. പിറ്റേന്ന് അവധിയായതിനാൽ രാത്രി വൈകിയാണ് കിടന്നതെന്നും കണ്ണിൽ ഉറക്കം പിടിച്ചതും എന്തൊക്കെയോ പൊട്ടിത്തകരുന്ന ശബ്ദം കേട്ട് ഞെട്ടിയെഴുന്നേൽക്കുകയായിരുന്നെന്നും റിജോ പറഞ്ഞു. പെെട്ടന്ന് പുറത്തേക്ക് ഇറങ്ങിയ റിയാസാണ് വില്ലകൾ തീഗോളങ്ങളായി മാറിയത് കണ്ടത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായതോടെ റിജോ പാസ്പോർട്ടും ഇഖാമയും ഫോണും ലാപ്ടോപ്പും എടുത്ത് പുറത്തേക്കോടി. റിജോയുടെ മുഴുവൻ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ടിവി, ഫ്രിഡ്ജ് തുടങ്ങിയ ഗൃഹോപകരണങ്ങളും എല്ലാം കത്തിയമർന്നു. മൂന്നാഴ്ചക്കിടയിൽ ബത്ഹയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ തീപിടിത്ത ദുരന്തമാണിത്. റമദാൻ അവസാന ആഴ്ചയിലാണ് ബത്ഹ കോമേഴ്സ്യൽ സെൻറർ മുഴുവൻ കത്തിയത്. നൂറിലേറെ വാണിജ്യ സ്ഥാപനങ്ങൾ അന്ന് ചാരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.