ജിദ്ദ: ഗൾഫ് മേഖലയിൽനിന്ന് തന്നെ കേരളത്തിലേക്കുള്ള ആദ്യ ചാർട്ടേഡ് വിമാനം ചൊവ്വാഴ്ച ജിദ്ദ വിമാനത്താവളത്തിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. ഏറെ നാളത്തെ നിരന്തര പ്രയത്നത്തിെൻറ ഫലമായി ബോയിംഗ് 737 ശ്രേണിയിൽപെട്ട സ്‌പൈസ് ജെറ്റിെൻറ എസ്.ജി 9006 നമ്പർ വിമാനമാണ് 177 യാത്രക്കാരുമായി ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നത്. ചൊവ്വാഴ്ച വൈകുന്നേരം 3.10ന് പുറപ്പെട്ട വിമാനം രാത്രി 10.15ന് കോഴിക്കോട്ടെത്തും.
യാത്രക്കാരിൽ 136 പുരുഷന്മാരും 21 സ്ത്രീകളുമുണ്ട്. ഇവരിൽ 10 ഗർഭിണികളും 20 അടിയന്തിര ചികിത്സക്കായി പോവുന്നവരും ഉൾപ്പെടുന്നു. രണ്ട് കൈകുഞ്ഞുങ്ങളടക്കം 20 കുട്ടികളുമാണുള്ളത്. നേരത്തെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് തിരഞ്ഞെടുത്തവരായിരുന്നു മുഴുവൻ യാത്രക്കാരും.
2350 റിയാലായിരുന്നു ടിക്കറ്റ് നിരക്കായി ഈടാക്കിയത്. ആദ്യ ചാർട്ടേഡ് വിമാനത്തിലെ യാത്രക്കാരെ യാത്രയയക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ ഹംന മറിയം, വൈസ് കോൺസുൽ മാൾട്ടി ഗുപ്‌ത, സ്‌പൈസ് ജെറ്റ് സൗദി വെസ്റ്റേൺ റീജിയണൽ സെയിൽസ് മാനേജർ മുഹമ്മദ് സുഹൈൽ എന്നിവർ വിമാനത്താവളത്തിലെത്തിയിരുന്നു.
ഏറെ നാളത്തെ അനിശ്ചിതങ്ങൾക്കൊടുവിൽ കേരളത്തിലേക്ക് പ്രത്യേക ചാർട്ടേഡ് വിമാനം സർവിസ് നടത്താനായതോടെ പ്രവാസികൾ പ്രതീക്ഷിയിലാണ്. സർക്കാർ നടപ്പാക്കുന്ന വന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരം നാടാണയാൻ കഴിയാതെ ഗൾഫ് നാടുകളിൽ കുടുങ്ങിക്കിടക്കുന്ന അനേകായിരം പ്രവാസികൾക്ക് ടിക്കറ്റ് നിരക്ക് അൽപ്പം കൂടിയാലും ഇത്തരം ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്യാൻ സാധിക്കുന്നത് ആശ്വാസമാണ്. വിവിധ സംഘടനകൾക്ക് കീഴിലും മറ്റുമായി ചാർട്ടേഡ് വിമാന സർവിസുകൾക്കുള്ള ശ്രമങ്ങൾ നടന്നുവരുന്നതിനാൽ വരും ദിനങ്ങളിൽ കൂടുതൽ സർവിസുകൾ പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.