ദമ്മാം: പ്രവാസ ലോകത്തെ കലാ സാംസ്കാരിക വേദികളിൽ അവതാരകയായി തിളങ്ങുന്ന ഡോ. അമിത ബഷീറിന് അക്കാദമിക രംഗത്തും റാങ്ക് തിളക്കം. ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ വേദികൾക്കനുസരിച്ച് സദസ്യരെ കൂടെക്കൂട്ടി ഓരോ പരിപാടിയും ഹൃദ്യമാക്കി തീർക്കുന്നതിൽ ഈ അവതാരകയുടെ കഴിവ് ശ്രദ്ധേയമാണ്. അതിനൊപ്പമാണ് സ്വന്തം കർമമേഖലയിലും പഠനത്തിലും അപൂർവ നേട്ടങ്ങൾ കൂടി കൈവരിച്ചിരിക്കുന്നത്.
ഡെന്റൽ വിഭാഗത്തിൽ പി.ജി പഠനം പൂർത്തിയാക്കിയ അമിത മണിപ്പാൽ യൂനിവേഴ്സിറ്റിയുടെ പിഎച്ച്.ഡി പ്രവേശനത്തിനായി എം.ഇ.ടി നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇതിന്റെ ഫലം പുറത്തുവരുമ്പോൾ ദമ്മാമിൽ പ്രമുഖ ഗായകൻ കണ്ണൂർ ശരീഫും സംഘവും നയിച്ച ‘ഈദ് മെഹ്ഫിൽ’ പരിപാടിയുടെ അവതാരകയായി വേദിയിൽ നിറഞ്ഞുനിൽക്കുകയായിരുന്നു അമിത.
ജീവിതത്തിന്റെ സങ്കീർണ പ്രതിസന്ധികളെ മറികടന്ന് സ്വന്തം ഇച്ഛാശക്തികൊണ്ട് ഹരിപ്പാട് സ്വദേശിയായ ഈ മിടുക്കി സ്വന്തമാക്കിയ നേട്ടങ്ങൾ സ്ത്രീകൾക്ക് പ്രചോദനമേകുന്നതാണ്. കെ.പി.സി.സി സെക്രട്ടറിയായിരുന്ന അന്തരിച്ച എം.എം. ബഷീറിന്റെയും നസീമയുടെയും ഇളയ മകൾ അമിത കടന്നുപോയ വഴികളിലെല്ലാം നേട്ടങ്ങൾ ഒപ്പം കൂട്ടിയിരുന്നു.
ഹരിപ്പാട് ഹുദ ട്രസ്റ്റിലും ബദനി ഗേൾസ് സ്കൂളിലും ഹരിപ്പാട് ഗേൾസിലും സ്കൂൾ പഠനം പൂർത്തിയാക്കിയ അമിത എൻട്രൻസ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ തൊടുപുഴ അൽ അസ്ഹർ കോളജിൽനിന്ന് ബി.ഡി.എസ് പൂർത്തിയാക്കി. അല്‍ അസ്ഹറിലെ ആദ്യ കോളജ് മാഗസിൻ എഡിറ്ററായിരുന്നു അമിത.
വിവാഹം കഴിഞ്ഞ് നാലു വർഷത്തിലധികം നീണ്ട ഇടവേളക്കു ശേഷമാണ് നീറ്റ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ വലിയ മാർക്ക് സ്കോർ ചെയ്ത് പി.ജി പഠനത്തിനുള്ള അർഹത നേടിയത്. യേനപ്പോയ മെഡിക്കൽ കോളജില്‍നിന്ന് എം.ഡി.എസ് പൂർത്തിയാക്കി. ഈ കാലത്ത് അമിത കൈവരിച്ച നേട്ടങ്ങൾ യൂനിവേഴ്സിറ്റിയുടെ ചരിത്രത്തിലെ തന്നെ വൻ നേട്ടങ്ങളായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഡെന്റൽ ചികിത്സാരംഗത്ത് എസ്.ഡി.എഫ് (സിൽവർ ഡൈ ഫ്ലൂറൈഡ്) പഠനത്തിന് ഐ.സി.എം.ആറിന്റെയും ബ്രസീലിയൻ സർക്കാറിന്റെ ഇൻറർനാഷനൽ ഗ്രാന്റിനും അർഹയായി. മംഗളൂരുവിലെ സ്കൂളിലെ കുട്ടികൾക്കുവേണ്ടി നടത്തിയ ഈ പഠനം പിന്നീട് സർക്കാർ ഏറ്റെടുത്തു.
ഇത് കുട്ടികളുടെ പല്ലുകളിൽ പ്രയോഗിച്ചാൽ ചെറുപ്പത്തിലേ പല്ലുകൾ കേടാകുന്നത് തടയാകാനാകും എന്നായിരുന്നു ആ കണ്ടുപിടിത്തം. കഴിഞ്ഞ മാസം ഇത് അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ സമയത്ത് അന്താരാഷ്ട്ര സെമിനാറുകളിൽ ഉൾപ്പെടെ നിരവധി പേപ്പറുകൾ അവതരിപ്പിക്കാൻ അമിതക്ക് അവസരങ്ങൾ കിട്ടി. നിരവധി ഡിബേറ്റുകളിൽ പങ്കെടുത്ത് കോളജിന് അംഗീകാരങ്ങൾ നേടിക്കൊടുത്തു.
പഠനത്തിനുശേഷം ജീവിതപങ്കാളിക്കൊപ്പം ദമ്മാമിലെത്തിയ ഡോ. അമിത പ്രവാസത്തിൽ ശാസ്ത്ര എഴുത്തുകാരിയായി മാറുകയും ചെയ്തു. സ്വന്തമായി തുടങ്ങിയ ‘സൈറൈ’ എന്ന സ്ഥാപനത്തിലൂടെ ഇന്ന് വിവിധ രാജ്യങ്ങളിലെ യൂനിവേഴ്സിറ്റികളിൽ ഗവേഷണം നടത്തുന്നവർക്കുള്ള എല്ലാവിധ സഹായങ്ങളും നൽകിക്കൊണ്ടിരിക്കുന്നു. അവരുടെയൊക്കെ ഗവേഷണ പ്രബന്ധങ്ങളിലെ ഭൂരിഭാഗവും ഈ ഡോക്ടറുടെയും സംഘത്തിന്റെയും സംഭാവനയാണ്. തുടങ്ങി ആറു മാസം പിന്നിടുമ്പോൾ തന്നെ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി ഡോ. അമിതയുടെ സ്ഥാപനം മാറി.
യു.കെ, ഇന്ത്യ, സൗദി, യു.എ.ഇ, യമൻ, പാകിസ്താൻ, സിറിയ, ജർമനി എന്നീ രാജ്യങ്ങളിൽനിന്നുള്ള ഡോക്ടർമാരായ ശാസ്ത്ര വിഭാഗം എഴുത്തുകാർ ഡോ. അമിതയുടെ കീഴിൽ ജോലിചെയ്യുന്നുണ്ട്. എല്ലാ പിന്തുണയും നൽകിയത് വാപ്പയാണ്. അദ്ദേഹത്തിന് അഭിമാനമാവേണ്ട നിമിഷം അദ്ദേഹം ഒപ്പമില്ലാതെ പോയതാണ് ഏറ്റവും വലിയ സങ്കടമെന്ന് ഡോ. അമിത ബഷീർ പറയുന്നു. രണ്ടു വർഷം മുമ്പായിരുന്നു പിതാവിന്റെ വിയോഗം. കഥാകൃത്തും വ്ലോഗറും സംഘാടകനുമായ എറണാകുളം വടക്കൻ പറവൂർ സ്വദേശി ഷനീബ് അബൂബക്കറാണ് ഭർത്താവ്. അദ്ദേഹം നൽകുന്ന പിന്തുണയാണ് എല്ലാ സമ്മർദങ്ങൾക്കിടയിലും മികച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിക്കുന്നതെന്നും അമിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.