റിയാദ്: 2030 അവസാനത്തോടെ ആഭ്യന്തര ഉൽപാദനം മൂന്നിരട്ടിയാക്കാനും തൊഴിലവസരങ്ങൾ ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നതാണ് സൗദി അറേബ്യയുടെ വ്യവസായിക നയമെന്ന് വ്യവസായ, ധാതു വിഭവമന്ത്രി ബന്ദർ അൽ ഖരീഫ്. ഫാക്ടറി ജോലികൾ മൂന്ന് മടങ്ങ് വർധിപ്പിക്കാനും പദ്ധതിയിടുന്നതായി ഗ്ലോബൽ സ്മാർട്ട് സിറ്റി ഫോറത്തിൽ മന്ത്രി വെളിപ്പെടുത്തി. എതിരാളികളെ മറികടക്കാനും ലക്ഷ്യങ്ങൾ കൈവരിക്കാനും ഞങ്ങൾ സാങ്കേതികവിദ്യയിലാണ് മത്സരിക്കുന്നത്.
ആധുനിക കണ്ടുപിടിത്തങ്ങളാൽ സജ്ജീകരിച്ച വ്യവസായിക നഗരങ്ങളിൽ ഫാക്ടറികൾ ഒരുമിച്ചു കൊണ്ടുവരുക എന്നതാണ് നിലവിൽ ലക്ഷ്യമിടുന്നത്. ഇതിലൂടെ മത്സരശേഷിക്കും, തൊഴിലാളികളുടെ സുരക്ഷ മുൻഗണനയും ഉൽപാദനക്ഷമതയുടെ പല വശങ്ങളും അവതരിപ്പിക്കുകയും ചെയ്യുന്നു. ഇത് ആരംഭമല്ല മറിച്ച് മുമ്പ് ചെയ്തതിനെ അടിസ്ഥാനമാക്കി പ്രവർത്തനം തുടരുകയാണ്. സ്മാർട്ട് സിറ്റികൾ സ്ഥാപിക്കുന്നത് വ്യവസായത്തെ ശക്തിപ്പെടുത്തും.
വ്യവസായവത്കരണം സ്മാർട്ട് സിറ്റികളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. സ്മാർട്ട് സിറ്റികളും വ്യവസായിക കേന്ദ്രങ്ങളും സ്ഥാപിച്ച് സംരംഭകരെ ആകർഷിക്കുന്നു. അതിലൂടെ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആ ഉത്തരവാദിത്തമാണ് ഗവൺമെൻറ് പുലർത്തുന്നത്. ജുബൈൽ റോയൽ കമീഷനും ‘മുദ്ൻ’ അതോറിറ്റിയും വഴി 40 വ്യവസായിക നഗരങ്ങളിൽ സാധ്യതകൾ കണ്ടെത്തി മുതലിറക്കുകയാണ്. ഇത് വലിയ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വൈദ്യുതീകരണം, ഊർജ ഉപയോഗം, ജല മാനേജ്മെൻറ്, സിവിൽ ഡിഫൻസ്, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ നിർമാണ പ്രക്രിയകൾ നിരീക്ഷിക്കാൻ 20 ലധികം നഗരങ്ങളിൽ സ്മാർട്ട് സിറ്റി ഉപയോഗിച്ചതായും മന്ത്രി പറഞ്ഞു.ഫോറത്തിൽ മന്ത്രിയും സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി മേധാവി ഡോ. അബ്ദുല്ല ബിൻ ഷറഫ് അൽഗാംദിയും ചേർന്ന് ഉൽപാദനത്തിനും ഖനനത്തിനുമുള്ള എക്സലൻസ് കേന്ദ്രത്തിെൻറ ഉദ്ഘാടനം നിർവഹിച്ചു.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യകൾ വികസിപ്പിക്കുക, ഈ മേഖലയുടെ വെല്ലുവിളികളെ അഭിമുഖീകരിക്കുക, ഡേറ്റയും ആർട്ടിഫിഷ്യൽ ഇൻറലിജൻസും വഴി പ്രമുഖ വ്യവസായിക ശക്തിയും ആഗോള ലോജിസ്റ്റിക്സ് കേന്ദ്രവുമാക്കി രാജ്യത്തെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്കായാണ് എക്സലൻസ് കേന്ദ്രം സ്ഥാപിച്ചത്. റിയാദിലെ അരീന സെൻററിൽ ‘ഒരു നല്ല ജീവിതം’എന്ന തലക്കെട്ടിലാണ് സൗദിയിലെ ആദ്യ സ്മാർട്ട് സിറ്റി ഫോറം സംഘടിപ്പിച്ചത്. 40ലധികം രാജ്യങ്ങളിൽനിന്നുള്ള നൂറിലധികം പ്രഭാഷകർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.