റിയാദ്: സാങ്കേതിക മേഖലയിൽ വരുംതലമുറയെ ശാക്തീകരിക്കുന്നതിന് സൗദിയിലെ ആദ്യ സർക്കാർ സ്കൂൾ ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യയിൽ പ്രാവീണ്യം നേടാൻ സഹായിക്കുന്ന ആൺകുട്ടികൾക്കായുള്ള ഇൗ സെക്കൻഡറി ടെക്നിക്കൽ സ്കൂൾ തുവൈഖ് അക്കാദമിക്ക് കീഴിലാണ് ആരംഭിച്ചിരിക്കുന്നത്.
സ്കൂൾ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽബുനിയാൻ നിർവഹിച്ചു. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അബ്ദുല്ല അൽസവാഹ ചടങ്ങിൽ സംബന്ധിച്ചു.
ഡിജിറ്റൽ നാഗരികതയെ നയിക്കാൻ അടുത്ത തലമുറയെ ശാക്തീകരിക്കുന്നതിനും വിദ്യാർഥികളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും മത്സരാധിഷ്ഠിതമായ സാങ്കേതിക ഭാവിയിലേക്ക് ഗുണപരമായ പ്രോജക്ടുകളും ശാസ്ത്രീയ ഗവേഷണങ്ങളും വികസിപ്പിക്കുന്നതിന് അവരെ യോഗ്യരാക്കുന്നതിനും ഈ വിദ്യാലയം സഹായിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ നിലവാരം ഉയർത്താനും അന്താരാഷ്ട്ര മത്സരങ്ങളിലും പ്രദർശനങ്ങളിലും രാജ്യത്തെ പ്രതിനിധീകരിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക, കഴിവുകളിൽ നിക്ഷേപിക്കുക, സാങ്കേതിക മേഖലയിൽ ബിരുദധാരികളായ തലമുറയെ ഒരുക്കുക, നവീകരണം, പഠനം, സാങ്കേതിക ശാസ്ത്ര ഗവേഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക എന്നതാണ് സ്കൂൾ ലക്ഷ്യമിടുന്നത്.
വിദ്യാർഥികളുടെ സാേങ്കതിക കഴിവുകൾ വികസിപ്പിക്കുന്നതിനും ഗുണപരമായ സാങ്കേതിക പദ്ധതികൾ നിർമിക്കാനും വികസിപ്പിക്കാനും അവരെ പ്രാപ്തരാക്കുന്ന ചട്ടക്കൂടിനുള്ളിൽ ലോകത്തിലെ ഒരു മുൻനിര മാതൃകയായാണ് ടെക്നിക്കൽ സ്കൂളിന്റെ ഉദ്ഘാടനമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
പ്രോഗ്രാമിങ്, സൈബർ സുരക്ഷ, ഡിജിറ്റൽ മാനുഫാക്ചറിങ്, ഡേറ്റ സയൻസ്, മറ്റ് ആധുനിക സാങ്കേതിക വിദ്യകൾ എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി പ്രത്യേക സാങ്കേതിക പ്രോഗ്രാമുകൾ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.