ജിദ്ദ: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽനിന്ന് സൗദി അറേബ്യയുടെ ഇടപെടലിൽ അഞ്ചു സ്വന്തം പൗരന്മാരും വിവിധ രാജ്യക്കാരായ 385 പേരുംകൂടി ജിദ്ദയിലെത്തി. 24 മണിക്കൂറിനിടെ രണ്ടു കപ്പലുകളിലായാണ് ഇത്രയും പേർ എത്തിയത്. ബുധനാഴ്ച വൈകീട്ടാണ് ‘അബഹ’ എന്ന സൗദി കപ്പൽ ജിദ്ദയിലെത്തിയത്.
ഇതിൽ അഞ്ചു സ്വദേശികളും 198 വിദേശികളുമാണുണ്ടായിരുന്നത്. റഷ്യ, യു.കെ, ചൈന, യു.എസ്.എ, ഉസ്ബകിസ്താൻ, യമൻ, സിംഗപ്പൂർ, കംബോഡിയ, മലേഷ്യ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണിവർ. ‘ത്വാഇഫ്’ എന്ന മറ്റൊരു കപ്പൽ വ്യാഴാഴ്ച രാവിലെയും ജിദ്ദ തുറമുഖത്തെത്തി.
നെതർലൻഡ്സ്, റഷ്യ, ലബനാൻ, നോർവേ, യു.എസ്.എ, തുർക്കി, സെർബിയ, പോളണ്ട്, ജർമനി, ഇന്ത്യ, ജോർജിയ, തായ്ലൻഡ്, ബംഗ്ലാദേശ്, സ്വീഡൻ, ഉസ്ബകിസ്താൻ, യു.കെ, അയർലൻഡ്, കെനിയ, ഫിലിപ്പീൻസ്, ഇത്യോപ്യ, അർമേനിയ, നൈജീരിയ, കസാഖ്സ്താൻ, പരഗ്വേ, പാകിസ്താൻ എന്നീ രാജ്യങ്ങളിലെ 187 പൗരന്മാരാണ് ഈ കപ്പലിലുണ്ടായിരുന്നത്. ഇനിയും കൂടുതൽ പേരെ സുഡാനിൽനിന്ന് രക്ഷപ്പെടുത്തി ജിദ്ദയിലെത്തിക്കുന്നതിനുള്ള ശ്രമം സൗദിക്കു കീഴിൽ തുടരുകയാണ്.
കൂടാതെ, സൗദിയുടെ സഹകരണത്തോടെ മറ്റു രാജ്യങ്ങളും സ്വന്തം വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ച് ജിദ്ദ വഴി പൗരന്മാരെ ഒഴിപ്പിച്ചുകൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. സുഡാനിൽനിന്നുള്ള രക്ഷാദൗത്യം ആരംഭിച്ചശേഷം സൗദി അറേബ്യയുടെ ശ്രമഫലമായി ജിദ്ദയിലെത്തിച്ച സ്വദേശികളുടെ എണ്ണം 119ഉം വിദേശികളുടേത് 2425ഉം ആയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 74 രാജ്യങ്ങളിൽനിന്നുള്ളവരാണ് ഇതിലുൾപ്പെടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.