റിയാദ് : റിയാദ് നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള പൊന്നാനിക്കാരുടെ കൂട്ടയ്മയായ പൊന്നാനി പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് ഇന്ന് റിയാദിലെ ശുമൈസി സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊന്നാനിയിലെ പ്രാദേശിക ക്ലബുകൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന ടൂർണമെന്റ് സംഘടനയുടെ സ്ഥാപക നേതാക്കളായിരുന്ന കെ.വി ബാവ, എം.കെ ഹമീദ് എന്നിവരുടെ ഓർമകൾക്കായാണെന്ന് സംഘാടകർ പറഞ്ഞു. ടൂർണമെന്റ് ആദ്യ മത്സരത്തിൽ ഖിദ്മ എഫ്.സി, ഗ്ലോബൽ പൊന്നാനിയെ നേരിടും. വിജയികൾക്ക് എ.ജി കമ്പനി സ്പോൺസർ ചെയുന്ന ട്രോഫിയും കാഷ് അവാർഡും നൽകും, റണ്ണേഴ്സിന് ഗ്രീൻ ക്ലബ് റിയാദ് സ്പോൺസർ ചെയ്യുന്ന ട്രോഫിയും കാഷ് അവാർഡും വിതരണം ചെയ്യും.
റിയാദിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, കലാ, കായിക രംഗത്തെ സജീവ സാന്നിധ്യമായ പൊന്നാനി കൂട്ടായ്മ വ്യത്യസ്ത വിഷയങ്ങളിൽ സജീവ ഇടപെടൽ നടത്തിയിട്ടുണ്ട്. സംഘടന രൂപം കൊണ്ടതിനുശേഷം 50 ലക്ഷത്തോളം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. നാടിന്റെ വിദ്യാഭ്യാസ, ജീവകാരുണ്യ മേഖല ഉൾപ്പടെ സമസ്ത മേഖലയിലെ പുരോഗതിക്കും സംഘടന സാധ്യമായ ഇടപെടൽ നടത്തുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കൂട്ടായ്മ ഉപദേശ സമിതി അംഗം റസൂൽ സലാം, രക്ഷാധികാരി അബ്ദുൽ കരീം, പ്രസിഡന്റ് എം.കെ ഹനീഫ, ടൂർണമെന്റ് കൺവീനർ സമീർ പാലാട്ടു തറയിൽ, വി. അഷ്ക്കർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.