ജിദ്ദ: സൗദിയിൽ സാംസ്കാരികവും കലാപരവുമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് പെർമിറ്റുകളും ലൈസൻസുകളും നൽകുന്നതിനായി പുതിയ പ്ലാറ്റ്ഫോമിന് രൂപം നൽകിയതായി സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾ പരിശീലിപ്പിക്കാൻ ലൈസൻസ് നേടാൻ ആഗ്രഹിക്കുന്ന സ്വദേശികളും സ്ഥാപനങ്ങളും 'അബ്്ദിയ' എന്ന പേരിലുള്ള ഇലക്ട്രോണിക് പ്ലാറ്റ്ഫോമിെൻറ വെബ്സൈറ്റായ http://abdea.moc.gov.sa ലിങ്ക് വഴി നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പ്രാദേശിക സാംസ്കാരിക മേഖലയെ വികസിപ്പിക്കാനുള്ള മന്ത്രാലയത്തിെൻറ ശ്രമങ്ങളുടെ ഭാഗമായി ആരംഭിച്ച ഒന്നിലധികം ഇലക്ട്രോണിക് സേവനങ്ങളുടെ തുടർച്ചയാണ് പുതിയ പ്ലാറ്റ്ഫോം. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം വിവിധ വികസന മേഖലകളിൽ രാജ്യത്തോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനും പിന്തുണക്കുന്നതിനും പ്രാപ്തമാക്കുന്നതിനുമായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ നേതൃത്വത്തിൽ നടക്കുന്ന വിഷൻ 2030 പ്രവർത്തനങ്ങളിൽ രാജ്യത്തിെൻറ സാംസ്കാരിക, കലാ മേഖലകളിൽ സംഭാവനകൾ നൽകാൻ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രാപ്തമാക്കുക എന്നതാണ് പുതിയ ഫ്ലാറ്റ്ഫോം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്്ദുല്ല ബിൻ ഫർഹാൻ പറഞ്ഞു. കലാസാംസ്കാരിക പരിശീലകരുടെ വലയം വിപുലീകരിക്കുക, അക്കാദമിക് ഉൽപാദന ഗുണനിലവാരം ഉയർത്തുക, വ്യക്തികളെയും സ്ഥാപനങ്ങളെയും സാംസ്കാരിക പ്രവർത്തനങ്ങൾ എളുപ്പത്തിലും സൗകര്യപ്രദമായും പരിശീലിപ്പിക്കാൻ പ്രാപ്തരാക്കുക, അതുവഴി സമൂഹത്തിൽ സാംസ്കാരിക സാന്നിധ്യം വർധിപ്പിക്കുക തുടങ്ങിയവയാണ് പുതിയ പോർട്ടൽ ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി പറഞ്ഞു.
'അബ്്ദിയ' പ്രാരംഭ പതിപ്പിൽ രാജ്യത്തെ തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് അതോറിറ്റി, സംഗീത അതോറിറ്റി, ലിറ്ററേച്ചർ, പബ്ലിഷിങ് ആൻഡ് ട്രാൻസ്ലേഷൻ അതോറിറ്റി; മ്യൂസിയം അതോറിറ്റി എന്നിങ്ങനെ നാല് സാംസ്കാരിക സംഘടനകളുടെ പരിധിയിലുള്ള പ്രവർത്തനങ്ങൾക്ക് ലൈസൻസും സേവനവും അനുവദിക്കും. നടപടിക്രമങ്ങൾ പൂർത്തിയാവുന്നതോടെ എല്ലാ സാംസ്കാരിക ലൈസൻസുകളുടെയും കേന്ദ്രമായി മാറുന്നതിനും ഉപയോക്താക്കൾക്ക് അപേക്ഷകൾ എളുപ്പത്തിൽ സമർപ്പിക്കാനും പെർമിറ്റുകൾ നേടുന്നതിനും പ്രാപ്തമാക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമായി 'അബ്്ദിയ' പോർട്ടൽ പ്രവർത്തിക്കും. സാംസ്കാരിക പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായി റഫറൻസ് ഗൈഡ് നൽകിക്കൊണ്ട്, സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിപ്പിക്കുന്നതിനും സാംസ്കാരിക പരിശീലകരുടെ വിവരങ്ങൾ മേഖലകൾക്കനുസരിച്ച് തരംതിരിക്കുന്നതിലൂടെയും അധിക സേവനങ്ങൾ നൽകിക്കൊണ്ട് ഈ പ്ലാറ്റ്ഫോം സാംസ്കാരിക മേഖലയെ പരിപോഷിപ്പിക്കും.
നാടകം, സംഗീതം, സാഹിത്യം, പ്രസിദ്ധീകരണം, വിവർത്തനം, മ്യൂസിയങ്ങൾ എന്നിവക്കായുള്ള കലാപരവും സാംസ്കാരികവുമായ മേഖലകൾ ഉൾപ്പെടുന്ന വിവിധ ലൈസൻസുകൾ അബ്ദിയ പ്ലാറ്റ്ഫോം നൽകും. നാടക മേഖലയിൽ താൽപര്യമുള്ളവർക്ക് പെർഫോർമിങ് ആർട്സ് പ്രാക്ടീഷണർ ലൈസൻസ് നൽകും. സംഗീത പരിശീലകൻ, അക്കോസ്റ്റിക്സ് പരിശീലകൻ, സംഗീത നിർമാണ പരിശീലകൻ എന്നിങ്ങനെ ഈ രംഗത്ത് മൂന്ന് ലൈസൻസുകൾ നൽകും. സാഹിത്യം, പബ്ലിഷിങ് ആൻഡ് ട്രാൻസ്ലേഷൻ അതോറിറ്റി എന്നിവയുടെ പ്രവർത്തനങ്ങൾക്ക് രണ്ട് ലൈസൻസുകളുണ്ട്. മ്യൂസിയം മേഖലയിൽ മ്യൂസിയം പരിപാലനത്തിൽ ഒരു വിദഗ്ധനും ലൈസൻസ് അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.