റിയാദ്: വേൾഡ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കാൻ റിയാദിന് വോട്ടുചെയ്ത രാജ്യങ്ങൾക്കും സൗദിക്കൊപ്പം അന്തിമ റൗണ്ടിൽ മത്സരിച്ച രണ്ടു രാജ്യങ്ങൾക്കും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നന്ദി അറിയിച്ചു. 2030 ഒക്ടോബർ മുതൽ 2031 മാർച്ച് വരെയുള്ള കാലയളവിൽ എക്സ്പോക്ക് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് രാജ്യം നേടിയതായി ഇന്റർനാഷനൽ ബ്യൂറോ ഓഫ് എക്സിബിഷൻസ് ചൊവ്വാഴ്ച പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണിത്.
വോട്ടെടുപ്പിൽ സൗദി അറേബ്യക്ക് വിജയിക്കാനായതിൽ സൽമാൻ രാജാവിന് കിരീടാവകാശി അഭിനന്ദന സന്ദേശം അയച്ചു. ‘റിയാദ് എക്സ്പോ 2030’ ആതിഥേയത്വം വഹിക്കുന്നതിലെ സൗദിയുടെ വിജയം രാജ്യത്തോട് ലോകത്തിനുള്ള വിശ്വാസവും നേതൃശേഷിയും നിർണായക പങ്കും പ്രതിഫലിപ്പിക്കുന്നതാണെന്ന് കിരീടാവകാശി പറഞ്ഞു. ഇത് ഏറ്റവും പ്രമുഖമായ അന്തർദേശീയ ഫോറങ്ങൾ ആതിഥേയത്വം വഹിക്കാൻ അനുയോജ്യമായ ഒരു ലക്ഷ്യസ്ഥാനമാക്കി മാറ്റും. അതിലൊന്നാണ് എക്സ്പോയെന്നും കിരീടാവകാശി പറഞ്ഞു.
നവീകരണത്തിന്റെ ഏറ്റവും ഉയർന്ന തലങ്ങളോടെ ഈ ആഗോള ഫോറം നടത്തുന്നതിന്റെ ചരിത്രത്തിൽ അസാധാരണവും അഭൂതപൂർവവുമായ പതിപ്പ് അവതരിപ്പിക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയം കിരീടാവകാശി പുതുക്കി. ഒപ്പം മനുഷ്യരാശിയുടെ ശോഭനമായ നാളെക്കായി സജീവവും ക്രിയാത്മകവുമായ പങ്ക് വഹിക്കുന്നതിന് സംഭാവന ചെയ്യുന്ന വിധത്തിലും അവസരങ്ങളിൽ മികച്ച രീതിയിൽ നിക്ഷേപിക്കുകയും ഭൂമി അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരിക്കുമെന്നും കിരീടാവകാശി പറഞ്ഞു.
എക്സ്പോ 2030ന്റെ ആതിഥേയത്വം ‘സൗദി വിഷൻ 2030’ന്റെ ലക്ഷ്യങ്ങളുടെയും പദ്ധതികളുടെയും കിരീടധാരണ വർഷവുമായി ഒത്തുപോകുന്നതാണ്. അഭൂതപൂർവമായ ഈ പരിവർത്തന യാത്രയിൽനിന്ന് പഠിച്ച പാഠങ്ങൾ ലോകവുമായി പങ്കിടാനുള്ള മികച്ച അവസരമാണ് പ്രദർശനം. 2030 എക്സ്പോയിൽ ലോകത്തെ ആശ്ലേഷിക്കാൻ റിയാദ് തയാറാണെന്നും കിരീടാവകാശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.