പ്രവാസികളോട് മനസ് തുറന്ന് വിദേശകാര്യ മന്ത്രി; വിവിധ വിഷയങ്ങളിൽ പരിഹാരത്തിന് ശ്രമം

റിയാദ്: പ്രവാസികളോട് മനസ് തുറന്ന് സംവദിക്കുന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രിയെയാണ് ശനിയാഴ്ച വൈകീട്ട് റിയാദിലെ ഇന്ത്യൻ എംബസിയിൽ കണ്ടത്. ഓഡിറ്റോറിയത്തിൽ വൈകീട്ട് 4.30ന് ആരംഭിക്കുമെന്ന് അറിയിച്ച പരിപാടിക്ക് കൃത്യസമയത്ത് തന്നെ എത്തിയ മന്ത്രി ഡോ. എസ്. ജയ​ശങ്കർ 25 മിനുട്ടോളം സംസാരിച്ച ശേഷം സദസിലെ പ്രവാസി പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. സൗദിയിൽ നിലവിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് 12-ാം ക്ലാസിന് ശേഷം ഉപരിപഠനത്തിന് അവസരമില്ലെന്നും പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് അധ്യാപികയും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ സീനത്ത് ജാഫ്രിയാണ് ആദ്യ ചോദ്യം ഉന്നയിച്ചത്. ഇക്കാര്യത്തിൽ സജീവ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും വൈകാതെ തന്നെ ഉപരിപഠന സൗകര്യം സൗദിയിലൊരുങ്ങുമെന്ന് ശുഭ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം മറുപടി നൽകി.


യുദ്ധ പ്രതിസന്ധി കാരണം യുക്രെയിനിൽ പഠനം മുടങ്ങിയ കുട്ടികൾക്ക് മറ്റ് രാജ്യങ്ങളിൽ തുടർപഠനത്തിന് യൂനിവേഴ്‌സിറ്റികളിൽ നിന്ന് രേഖകൾ വിട്ടുകിട്ടാൻ വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഡോ. ജയചന്ദ്രൻ ഉന്നയിച്ച ചോദ്യത്തിനും അനുകൂല മറുപടിയാണുണ്ടായത്. യുക്രെയിനിലെ ഇന്ത്യൻ എംബസിയും അംബാസഡറും ശക്തമാണെന്നും വിദ്യാർഥികളുടെ കാര്യത്തിൽ സാധ്യമായ എല്ലാ സഹായവും അവരുടെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നും താൻ എംബസിക്ക് ആവശ്യമായ നിർദേശം നൽകാമെന്നും മന്ത്രി ഉറപ്പ് നൽകി.

ഇന്ത്യൻ സാംസ്കാരിക കേന്ദ്രം സൗദിയിൽ ആരംഭിക്കണമെന്ന പ്രവാസികളുടെ ആവശ്യം ഇന്റർനാഷനൽ യോഗ ക്ലബ്ബ് പ്രതിനിധി സതീഷ് ദീപക് ഉന്നയിച്ചു. എംബസി ഓഡിറ്റോറിയം അല്ലാതെ നിലവിൽ അങ്ങനെ ഒരു കേന്ദ്രം സൗദിയിൽ ഇല്ലേ എന്ന് മന്ത്രി ആരാഞ്ഞു. സൗദി പ്രതിനിധികളുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പാസ്സ്‌പോർട്ട് പുതുക്കുന്നതിന് പോലീസ് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് അനാവശ്യ വൈകിപ്പിക്കൽ ഉണ്ടാകുന്നെ പരാതിയും സദസിൽനിന്ന് ഉയർന്നു. 10 വർഷം കഴിഞ്ഞ് പാസ്​പോർട്ട് പുതുക്കുമ്പോൾ പുനഃപരിശോധന ആവശ്യമാണ്. പേരോ വിലാസമോ തുടങ്ങി എന്തെങ്കിലും മാറ്റമുണ്ടോ എന്നും പാസ്​പോർട്ട് യഥാർഥ അവകാശിക്ക് തന്നെയല്ലേ ലഭിക്കുന്നത് എന്നും ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വമുണ്ട്. അത് എല്ലാവർക്കും നല്ലതാണ്. അത് അകാരണമായ വൈകിപ്പിക്കലല്ല. ഇനി അകാരണമായ വൈകലുണ്ടെങ്കിൽ ശ്രദ്ധിയിൽ പെട്ടാൽ അതിന് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.




 


ആമുഖമായി നടത്തിയ പ്രഭാഷണത്തിൽ മന്ത്രി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വാക്സിനും ഉൾപ്പടെ വിവിധ മേഖലകളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ കുറിച്ചും വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിന്റെ ഊഷ്മളതയെ കുറിച്ചും വാചാലനായി. കോവിഡ് കാലത്ത് നമ്മൾ രാജ്യത്തിന്റെ ദേശീയവും അന്തർദേശീയവുമായ സുഹൃത്തുക്കളെ കണ്ടു. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് പ്രതിസന്ധി സമയത്ത് സൗദി അറേബ്യ ഇന്ത്യക്ക് ദ്രവ ഓക്സിജനും കണ്ടയ്നറുകളും നൽകി സഹായത്തിനെത്തിയത്.

ഏകദേശം മൂന്ന് കോടി ഇന്ത്യക്കാർ വിദേശത്തുണ്ട്. കോവിഡ് പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ വിദേശത്ത് കുടുങ്ങിപ്പോയ വിദ്യാർഥികളും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികളും കുടുംബവും ഉൾപ്പടെ 70 ലക്ഷത്തോളം ഇന്ത്യക്കാരെ വന്ദേഭാരത് പദ്ധതി വഴി സുരക്ഷിതമായി രാജ്യത്ത് എത്തിച്ചു. കോവിഡ് സമയത്ത് മാത്രമല്ല യുക്രെയിനിൽ സംഘർഷമുണ്ടായ സമയത്ത് പ്രതിസന്ധിയിലായ 20,000 വിദ്യാർഥികളെയാണ് സുരക്ഷിതമായി നാട്ടിലെത്തിച്ചത്. പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റുമായും യുക്രെയിൻ പ്രസിഡന്റുമായി സംസാരിച്ച് ചടുലമായ നീക്കങ്ങൾ നടത്തി. എല്ലാവരും ലോകത്തെ കാണുന്നത് വാണിജ്യ താൽപര്യത്തിലാണ്, എന്നാൽ നമ്മൾ ലോകത്തെ കാണുന്നത് ആഗോള തൊഴിലിടമായാണ്. വിദേശ രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന ഇന്ത്യക്കാർക്ക് നിയമപരമായി ജോലി ചെയ്യാനും യാത്രചെയ്യാനും തൊഴിൽ സുരക്ഷിതത്വവും അവകാശങ്ങളും ഉറപ്പ് വരുത്തലാണ് വിദേശ മന്ത്രാലയത്തിന്റെ പ്രധാന നയങ്ങളിൽ ഒന്ന്. നിങ്ങളുടെ പ്രശ്നങ്ങളെല്ലാം ഞങ്ങളുടെ പ്രയാസങ്ങളാണ്.

സൗദിയിൽ മന്ത്രിയെന്ന നിലയിലുള്ള എന്റെ ആദ്യത്തെ പരിപാടിയാണിത്. പ്രവസിയായി തുടരുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നറിയാം. വിദേശകാര്യവുമായി ബന്ധപ്പെട്ട് പ്രവൃത്തിക്കുന്നതിനാൽ നിങ്ങളുടെ മാനസികാവസ്ഥയെ കുറിച്ച് എനിക്ക് ധാരണയുണ്ട്. 25 ലക്ഷത്തിലധികം ഇന്ത്യൻ പ്രവാസികൾ ഇവിടെ തൊഴിലെടുക്കുന്നുണ്ട്. നിങ്ങളുടെ പ്രശ്‍നങ്ങളും താൽപര്യങ്ങളുമെല്ലാം എനിക്ക് മനസ്സിലാക്കാനാകും. ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കി നിങ്ങളുടെ ജീവിതം ഇവിടെ ആയാസകരമാക്കലും ഒരു പ്രധാനമാണ്. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു അവസരം ഒരുക്കിയ എംബസിയെ അഭിനന്ദിക്കുന്നു -മന്ത്രി പറഞ്ഞവസാനിപ്പിച്ചു.

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽനിന്ന് ക്ഷണിക്കപ്പെട്ട് സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലകളിൽനിന്നെത്തിയ സദസ്യർക്കൊപ്പം ഫോട്ടോ എടുത്തശേഷമാണ് മന്ത്രി മടങ്ങിയത്. 

Tags:    
News Summary - Foreign Minister meets expatriates at Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.